* നയപ്രഖ്യാപന സമ്മേളനവും നന്ദിസംഗമവും 13നു മൂന്നാറില്‍
കൊച്ചി: തോട്ടം മേഖലയിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊഴിലാളി പ്രതിനിധിയെ മത്സരിപ്പിക്കുമെന്നു പെമ്പിളൈ ഒരുമൈ. ദേവികുളം മണ്ഡലത്തിലാണു പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. പീരുമേടിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ചു ആലോചനനടന്നുവരുന്നു.. ഇരു നിയമസഭ സീറ്റുകളിലും പെമ്പിളൈ ഒരുമയുടെ വനിതാ സ്ഥാനാര്‍ത്ഥികളായിരിക്കും മത്സരിക്കുക.
ഇരുമണ്ഡലങ്ങളിലും പെമ്പിളൈ ഒരുമൈയുടെ രാഷ്ട്രീയനിലപാട് നിര്‍ണായകമാണ്. ട്രേഡ് യൂണിയന്‍ ആക്‌ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ (നമ്പര്‍: 6/2) ലഭിച്ച പെമ്പിളൈ ഒരുമൈയുടെ നയപ്രഖ്യാപന സമ്മേളനവും നന്ദി സംഗമവും 13നു രാവിലെ പതിനൊന്നിന് മൂന്നാര്‍ ടൗണില്‍ നടക്കുമെന്നു പ്രസിഡന്റ് ലിസി സണ്ണി, സെക്രട്ടറി രജേശ്വരി, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ബിജു പറയന്നിലം എന്നിവര്‍ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തോട്ടം തൊഴിലാളികള്‍ക്കായുള്ള പെമ്പിളൈ ഒരുമൈയുടെ ഐതിഹാസിക സമരം വിജയം കണ്ട സാഹചര്യത്തില്‍ സംഘടനയെ തകര്‍ക്കാന്‍ മറ്റു ട്രേഡ് യൂണിയനുകള്‍ കുത്സിത നീക്കം നടത്തുകയാണ്. ഇതിനു കമ്പനി ഒത്താശ ചെയ്യുന്ന നിലപാടു വിരോധാഭാസമാണ്. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുള്‍പ്പടെ ശക്തമായ നിലപാടുകളുമായി പെമ്പിളൈ ഒരുമൈ മുന്നോട്ടുപോകുന്നത്. സ്ഥാനാര്‍ഥി, തുടര്‍ന്നുള്ള രാഷ്ട്രിയനിലപാടുകള്‍ എന്നിവ തീരുമാനിക്കുന്നതിനു ഉപസമിതിയെ നിയമിച്ചിട്ടുണ്ട്.
ഗ്രാമങ്ങളുടെ വികസനത്തിനോടും, തൊഴിലാലികളുടെ അഭിവൃദ്ധിയോടും താല്‌പര്യമുള്ളവര്‍ നിയമസഭയിലുണ്ടാകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പെമ്പിളൈ ഒരുമൈ നേതൃത്വം നല്‍കും. കക്ഷി രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ മറ്റു യൂണിയനുകളോടു മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൊഴിലാളികളോടു വിശ്വസ്‌തത പുലര്‍ത്തുന്ന നിലപാടായിരിക്കും യൂണിയന്‍ സ്വീകരിക്കുക. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും, സൗമ്യമായ പെരുമാറ്റവും യൂണിയന്റെ മുഖമുദ്രയായിരിക്കും. തൊഴിലാളികള്‍ക്കു സ്വന്തമായ വീടും, സ്ഥലവും നല്‍കുക, ബിപിഎല്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുക, മൂന്നാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുക, മൂന്നാറിലെ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നവീകരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്‌ട്രീയകക്ഷികളിലും സര്‍ക്കാരിലും സമ്മര്‍ദം ശക്തമാക്കും. ദിവസക്കൂലി 500 രൂപയാക്കുക, ലയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, രോഗികള്‍ക്ക് ലൈറ്റ് വര്‍ക്ക് നല്‍കുക, ലയങ്ങളിലേയ്‌ക്കുള്ള കമ്പനിവക റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, ബോണസും ആനുകൂല്യങ്ങളും കാലോചിതമായി വര്‍ധിപ്പിക്കുക, വൃദ്ധരായ മുന്‍കാല തൊഴിലാളികള്‍ക്കു വേണ്ടിയും തൊഴിലിനിടെ അപകടത്തില്‍പെട്ടു ശാരീരിക വൈകല്യമുണ്ടായവര്‍ക്കു ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കമ്പനിയില്‍ നിന്നും നേടിയെടുക്കുന്നതില്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമാണ്.
തോട്ടം തൊഴിലാളികള്‍ പതിറ്റാണ്ടുകളായി യൂണിയനുകളാല്‍ വഞ്ചിക്കപ്പെടുന്നു എന്ന തിരിച്ചറിവില്‍ സ്‌ത്രീ തൊഴിലാളികള്‍ സ്വയം സംഘടിച്ച് മൂന്നാറില്‍ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തിന്റെ ഫലമായി ദിവസക്കൂലി 69 രൂപയും, ബോണസ് 20 ശതമാനവുമാക്കി വര്‍ധിപ്പിച്ചിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ യൂണിയനുകളുടെയോ പിന്തുണയില്ലാതെ നടത്തിയ ഈ സമരത്തിനു കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും ലഭിച്ച സഹായത്തിനു നന്ദി അറിയിക്കുകയെന്നതും 13ലെ സമ്മേളനത്തിന്റെ ലക്ഷ്യമാണ്. മാധ്യമങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരി സുഹൃത്തുക്കള്‍, ടാക്‌സി, ചുമട്ട് തൊഴിലാളികള്‍, എന്നിവര്‍ക്കൊപ്പം നല്ലവരായ കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയുവാന്‍ പെമ്പിളൈ ഒരുമൈ കടപ്പെട്ടിരിക്കുന്നു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് സമരത്തിനെത്തിയത്. എല്ലാ പാര്‍ട്ടിക്കാരും സമരസ്ഥലത്തെത്തിയിരുന്നു. പലരും വന്നുപോയെങ്കിലും സമരം തുടങ്ങിയതും വിജയത്തിലെത്തിച്ചതും പെമ്പിളൈ ഒരുമയാണ്.
സാമൂഹ്യപ്രവര്‍ത്തകരായ സാറാ ജോസഫ്, സി.കെ ജാനു, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് തുടങ്ങിയവര്‍ നന്ദി സമ്മേളനത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ആരെയും ക്ഷണിക്കുന്നില്ലെന്നു പെമ്പിളൈ ഒരുമൈ നേതാക്കള്‍ എടുത്തു പറഞ്ഞു. വി.എസ് അച്യുതാനന്ദന്‍ സമരത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയത് സിപിഎമ്മിന് അകത്തുള്ള തന്റെ ശക്തി തെളിയിക്കുന്നതിനു മാത്രമായിരുന്നുവെന്നും പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു.
വാര്‍ധക്യത്തില്‍ കഴിയുന്ന മുന്‍കാല തൊഴിലാളികളെ സമ്മേളനത്തില്‍ ആദരിക്കും. ലോക വനിതാ ദിനാചരണവും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
പത്രസമ്മേളനത്തില്‍ പെമ്പിളൈ ഒരുമൈ വൈസ് പ്രസിഡന്റ് കൗസല്യ, ട്രഷറര്‍ സ്റ്റെല്ല മേരി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാസ്റ്റിന്‍, ഈശ്വരമൂര്‍ത്തി, ശ്രീലത എന്നിവരും പങ്കെടുത്തു.
No comments:
Post a Comment