Friday, November 13, 2020

ക്രമക്കേടിന്റെ പേരിൽ തടഞ്ഞ ആനുകൂല്യങ്ങൾ 2 മാസത്തിനകം നൽകണം:




തൊടുപുഴ: എൻ ആർ സിറ്റി ക്ഷീരോത്പാദക സഹകരണ സംലത്തിൽ ലാബ് അസിസ്റന്റായിരിക്കെ 2013 മേയ് 16 ന് ആത്മഹത്യ ചെയ്തയാളുടെ   കുടുംബത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും രണ്ടു മാസത്തിനകം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.


ആനുകൂല്യങ്ങൾ പരേതന്റെ ഭാര്യയായ രാജാക്കാട് മുണ്ടപ്ലാക്കൽ വീട്ടിൽ രേഖാ സുധാകരന് യഥാസമയം ലഭിച്ചുവെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഉറപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. 


1,50,000 രൂപ മാത്രമാണ് സുധാകരന്റെ  മരണാനന്തരം കുടുംബത്തിന്  ആനുകൂല്യമായി ലഭിച്ചത്. കമ്മീഷൻ ക്ഷീര വികസന ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ ഉണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആനുകൂല്യം നൽകാൻ കാലതാമസം ഉണ്ടായത്. എന്നാൽ മരിച്ച സുധാകരൻ ക്രമക്കേട് നടത്തിയതായി തെളിഞ്ഞിട്ടില്ല. സുധാകരനെതിരെ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ആനുകൂല്യങ്ങളെല്ലാം നൽകേണ്ടതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 



റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഡിസംബറോടെ പരിഹരിക്കുമെന്ന്

 റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഡിസംബറോടെ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി

കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ പ്രശ്നങ്ങൾക്കും പരാതികൾക്കും  അടുത്ത മാസത്തോടെ പരിഹാരമാകുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ ആയാസരഹിത ബിസിനസ് എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ ക്രെഡായ് കേരളയുമായി ചേർന്ന് സംഘടിപ്പിച്ച വെർച്വൽ ആശയസംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.  പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ സർക്കാർ ചെയ്യുന്ന നല്ല പ്രവൃത്തികൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നു. പഴി ചാരാൻ  എളുപ്പമാണ്. എന്നാൽ അത്തരം പഴിചാരൽ  കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്ന് കരുതുന്നില്ല. റിയൽ എസ്റ്റേറ്റ് മേഖലയാണ് സംസ്‌ഥാനത്തു ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലകളിൽ ഒന്ന്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറെ സഹായകരമാകുന്നതും റിയൽ എസ്റ്റേറ്റ് മേഖല തന്നെയാണ്. അനുകൂലമായ ഘടകങ്ങൾ ഒട്ടേറെയുള്ള കേരളം അവയൊക്കെ മുതൽക്കൂട്ടാകുകയാണ് ചെയ്യേണ്ടതെന്നും വിശ്വാസ് മേത്ത പറഞ്ഞു.

നിക്ഷേപവും പദ്ധതികളുമില്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാൻ കഴിയില്ല. വിഭവശേഷിയിൽ കേരളം മറ്റേതു സംസ്‌ഥാനത്തേക്കാളും മുന്നിലാണ്. എന്നാൽ ഇതൊക്കെ അനുകൂലമാക്കാൻ നമുക്ക് കഴിയണമെന്നും ചീഫ് സെക്രട്ടറി ഓർമ്മപ്പെടുത്തി. ആയാസരഹിത  ബിസിനസ് എന്ന ലക്ഷ്യം  മുൻനിർത്തി നടപ്പാക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റ് നിർമാണ മേഖലയ്ക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള റെറയുടെ വെബ് പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും അൻപത് ശതമാനത്തിലേറെ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞെന്നും  റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. ബിൽഡിങ്ങ് റൂൾസുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും. യുക്തിസഹമല്ലാത്ത ഒട്ടേറെ ചട്ടങ്ങൾ നിലവിലുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകും. ഒക്കുപേൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റു എന്നിവ ലഭിക്കാനുള്ള കാലതാമസം നിർമാതാക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമയബന്ധിതമായി ഇവ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പി.എച്ച്. കുര്യൻ പറഞ്ഞു. കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ മിർ മുഹമ്മദലി എന്നിവർ സംസാരിച്ചു.

ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പാനൽ ചർച്ചകളിൽ  ക്രെഡായ് കേരള കൺവീനർ ജനറൽ രഘുചന്ദ്രൻ നായർ, ക്രെഡായ് നാഷണൽ ജോ.സെക്രട്ടറി ഡോ. നജീബ് സക്കറിയ എന്നിവർ മോഡറേറ്റർമാരായി. ഫിക്കി കെ.ഇ.എസ് .സി കോ  -ചെയർ ഡോ.എം.ഐ. സഹദുള്ള, ഫിക്കി കേരള കോ-ചെയർ ദീപക് എൽ അസ്വാനി , ക്രെഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആന്റണി, എസ് ബി ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്ര ലാൽ, സി.ബി.ആർ.ഇ ഓപ്പറേഷൻസ് മേധാവി അമീത് രാജ്, ക്രെഡായ് സൗത്ത് വൈസ് പ്രസിഡൻറ് ആർ. നാഗരാജ് എന്നിവർ പങ്കെടുത്തു.

അറിയിപ്പുകള്‍



ഭരണഭാഷ വാരാഘോഷം: ജില്ലാതല കവിതാലാപന മല്‍സരത്തില്‍ മീനാക്ഷി എസ്.വര്‍മ്മയ്ക്ക് ഒന്നാം സ്ഥാനം

മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  ഓണ്‍ലൈനായി സംഘടിപ്പിച്ച ജില്ലാതല മലയാള കവിതാലാപന മല്‍സര ത്തില്‍ ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ  ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മീനാക്ഷി എസ്. വര്‍മ്മ ഒന്നാം സ്ഥാനം നേടി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച മല്‍സരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വേദിയിലാണ് നടന്നത്. ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ   പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവിക പിയ്ക്കാണ് രണ്ടാം സ്ഥാനം , തോപ്പുംപടി  അവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി എം.വി. ദേവിക മൂന്നാം സ്ഥാനം നേടി. വീഡിയോ കോണ്‍ഫ്രന്‍സ് ആപ് വഴി വീടുകളില്‍ ഇരുന്ന്  വിദ്യാര്‍ത്ഥികള്‍ തല്‍സമയം പങ്കെടുത്ത മല്‍സരം വലിയ സ്‌കീനില്‍ പ്രദര്‍ശിപ്പിച്ചാണ് വിധിനിര്‍ണയം നടത്തിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.സേതുരാജ്, സമകാലിക മലയാളം വാരിക സ്‌പെഷല്‍ കറസ്‌പോണ്ടന്റ് സതീഷ് സൂര്യന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍

അറിയിപ്പ്
എറണാകുളം : കേരള കാർഷിക സർവകലാശാലയുടെ വൈറ്റില ചളിക്കവട്ടത്ത് സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രത്തിൽ കോളിഫ്ലവർ, കാബ്ബേജ്, ബീറ്റ് റൂട്ട്, ക്യാരറ്റ്, ക്യാപ്‌സികം, തക്കാളി, മുളക്, പയർ, എന്നിവയുടെ തൈകൾ, പച്ചക്കറി വിത്തുകൾ, സ്യൂഡോ മോനാസ്, ട്രൈകോഡെർമ, ബ്യൂവെറിയ, വെർട്ടിസിലിയം, മാമ്പഴക്കെണി, പച്ചക്കറി കെണി എന്നിവ വില്പനക്ക് എത്തിച്ചിട്ടുണ്ട്. മണ്ണ്, വെള്ളം, ജൈവ വളം, ഇല കുമ്മായം എന്നിവയുടെ പരിശോധനയും കേന്ദ്രത്തിൽ ലഭ്യമാണ്. ഫോൺ : 2809963

അപേക്ഷ ക്ഷണിച്ചു

എറണാകുളം: പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റിലേക്ക് സീനിയർ അക്കൗണ്ടൻ്റിൻ്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: അക്കൗണ്ടൻ്റ് ജനറൽ ഓഫീസിൽ നിന്ന് സീനിയർ ഓഡിറ്റർ/ അക്കൗണ്ടൻ്റ് ആയി വിരമിച്ച വ്യക്തിയോ അല്ലെങ്കിൽ പിഡബ്ല്യുഡി , എൽ.എസ്.ജി.ഡി. , ഇറിഗേഷൻ വകുപ്പുകളിൽ നിന്ന് ജൂനിയർ സൂപ്രണ്ട് ആയി വിരമിച്ച വ്യക്തിയോ ആയിരിക്കണം.  കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നവംബർ 13 നു മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഐ.യു, മൂന്നാം നില, സിവിൽ സ്‌റ്റേഷൻ , കാക്കനാട് എന്ന വിലാസത്തിൽ ലഭിക്കണം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പ് സഹിതം വെള്ള പേപ്പറിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറു മാസത്തിനകം എടുത്ത പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിക്കണം. അപേക്ഷകൾ piuekm@gmail.com എന്ന വിലാസത്തിൽ ഇ - മെയിൽ ആയും അയക്കാം.

മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി.

എറണാകുളം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രയിനർമാർക്കുള്ള പരിശീലനം പൂര്‍ത്തിയായി.  ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തിലുള്ള പരിശീലകര്‍ക്കുള്ള പരിശീലനമാണ് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്നത്.  തിരഞ്ഞെടുപ്പു ദിനത്തിന് തലേ ദിവസം മുതല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വോട്ടിങ്ങ് സാമഗ്രികളുടെ ശേഖരണം, വോട്ടിങ്ങ് യന്ത്രങ്ങള്‍ സ്ഥാപിക്കല്‍, വോട്ടിങ്ങ് പ്രക്രിയ, ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം, കോവിഡ് 19 പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വോട്ടിങ്ങ് യന്ത്രങ്ങള്‍ തിരികെ കൈമാറല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇവരുടെ നേത‍ൃത്വത്തില്‍ ബ്ലോക്ക് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലുമുള്ള പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ചവരാണ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. 
മുന്‍വര്‍ഷങ്ങളില്‍ നിന്നുേം വ്യത്യസ്തമായി അഞ്ച് ഉദ്യോഗസ്ഥരെ പോളിങ്ങ് ബൂത്തുകളില്‍ നിയോഗിക്കും. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉള്‍പ്പടെ വിതരണം ചെയ്യുന്നത് ഇദ്ദേഹമായിരിക്കും. ഈ മാസം അവസാനത്തോടു കൂടി ബ്ലോക്ക് തലത്തില്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കും.


കോവിഡ് 19 ലോക്ക്ഡൗണിനു ശേഷം എറണാകുളം ഡിറ്റിപിസി ടൂറുകള്‍ എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്   ആരംഭിച്ചിരിക്കുന്നു
 
കൊച്ചി: 2020 ഒക്ടോബര്‍ 10-ാ0  തീയതിയിലെ സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം തുറന്നു  പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ടൂറിസം ഡെസ്റ്റിനേഷനുകളെ ബന്ധപ്പെടുത്തി  സര്‍ക്കാര്‍  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍   കര്‍ശനമായി   പാലിച്ചുകൊണ്ട്    ഡിടിപിസി യുടെ  അംഗീകൃത  സേവന  ദാതാവായ  'കേരളം ടൂര്‍സ്' വിവിധ ടൂര്‍ പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് തുടര്‍ന്ന് വരികയാണ്. കൂടുതല്‍ ബുക്കിംഗ് കേന്ദ്രങ്ങള്‍ ഇതിന്റെ  ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ടൂര്‍ പാക്കേജുകളുടെ  വിശദാംശങ്ങള്‍  അറിയുന്നതിനും   ബുക്കിംഗിനുമായി 7907733011 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്‌സാപ്പ് സന്ദേശമോ https://wa.me/917907733011 ശബ്ദസന്ദേശമോ നല്‍കാവുന്നതാണ്
കൊച്ചി സിറ്റി ടൂര്‍, മൂന്നാര്‍ ടൂര്‍, ആലപ്പുഴ ഹൗസ്‌ബോട്ട്  എന്നിവിടങ്ങളിലേക്ക് ഒരു ദിവസ/ദ്വിദിന യാത്രയ്ക്ക്  ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.   നവംബര്‍ 14, 19, 21, 26, 28  തീയതികളില്‍ മൂന്നാര്‍ ദ്വിദിന യാത്രകള്‍ പുറപ്പെടുന്നു.
ബുക്കിങ്ങിനോ മറ്റു  വിവരങ്ങള്‍ക്കോ  ഡിറ്റിപിസി  ഓഫീസുമായോ ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ  ബുക്കിങ് കൗണ്ടറുമായോ ലൈസന്‍സ്ഡ് ഓപ്പറേറ്ററായ 'കേരളംടൂര്‍സി' നേയോ താഴെ കൊടുത്തിരിക്കുന്ന   നമ്പറില്‍    സമീപിക്കാവുന്നതാണ്. ഫോണ്‍:  0484 4865676 / 7907733011 / 9048134737 / 9847331200 www.keralamtours.com

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്
അപേക്ഷ ക്ഷണിച്ചു
 കൊച്ചി: കേരള ഗവ: പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 കതമാനം മാര്‍ക്കോടുകൂടിയ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട വിലാസത്തില്‍ നവംബര്‍ 20 നു മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547126028.

ഫോറസ്റ്റ് ഡ്രൈവര്‍ കായിക ക്ഷമത പരീക്ഷ
 കൊച്ചി: വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നം.120/17, 121/17) തസ്തികയുടെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും നവംബര്‍ 11, 12, 17, 18, 19, 24, 25 തീയതികളില്‍ രാവിലെ ആറു മുതല്‍ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഗവ:വി.എച്ച്.എസ്.എസ് നടത്തും.
ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ www.keralapsc.gov.in വെബ്‌സൈറ്റില്‍ നിന്നും കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി (ഒറിജിനല്‍) കൃത്യസമയത്ത് എത്തിച്ചേരണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
 കൊച്ചി: ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലുളള ആലുവ ഐ.സി.ഡി.പി ക്യാമ്പസിലെ ഒരു പ്ലാസ് നവംബര്‍ 18-ന് ഉച്ചയ്ക്ക് 12-ന് ആലുവ ഐ.സി.ഡി.പി ക്യാമ്പസില്‍ പരസ്യമായി ലേലം/ക്വട്ടേഷന്‍ ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2624441.


ഐ.റ്റി.ഐ അഡ്മിഷന്‍
 കൊച്ചി: 2020 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. ആയതിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷ  www.itikalamassery.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യുകയോ ഐ.ടി.ഐ യില്‍ നിന്ന് നേരിട്ട് ഹാജരായി വാങ്ങാവുന്നതോ ആണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഐ.ടി.ഐ യില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 18 വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2555505.

സൗജന്യ പ്രമേഹരോഗ നിര്‍ണവും ചികിത്സയും
 കൊച്ചി: മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ പ്രമേഹം ഉളളവര്‍, അമിതവണ്ണം ഉളളവര്‍, കുടവയര്‍ ഉളളവര്‍, ഗര്‍ഭകാലത്ത് പ്രമേഹ രോഗം നിര്‍ണയിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ ഭാവിയില്‍ പ്രമേഹരോഗികളായി മാറാം. ഇത്തരത്തില്‍ പ്രമേഹം വരാന്‍ സാധ്യതയുളളവര്‍ക്ക് സൗജന്യ പ്രമേഹരോഗ നിര്‍ണയവും ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സയും യോഗ പരിശീലനവും ജീവിതശൈലീ നിര്‍ദ്ദേശങ്ങളും തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ഹോസ്പിറ്റലിലെ സ്വസ്ഥവൃത്ത വിഭാഗത്തില്‍ (ഒ.പി നമ്പര്‍ 7) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9061248497.

ഷാപ്പുലേലം മാറ്റിവച്ചു
 കൊച്ചി: ജില്ലയിലെ കോതമംഗലം റേഞ്ചിലെ നാലാം ഗ്രൂപ്പിലെ അഞ്ച് കളള് ഷാപ്പുകളുടെ പരസ്യ വില്‍പ്പന നവംബര്‍ 11-ന് രാവിലെ 10.30 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുളളതിനാല്‍ കളള് ഷാപ്പുകളുടെ വില്‍പ്പന മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി
 കൊച്ചി: യു.ജി.സി, നെറ്റ്/ജെ.ആര്‍.എഫ് മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കുസാറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍, പേപ്പര്‍ ഒന്നിന് ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 16 മുതല്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും അവസരം. ഫോണ്‍ 0484-2576756, 944  

കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്; കളക്ടർ ഭരണച്ചുമതലയേറ്റു


            നിലവിലുണ്ടായിരുന്ന ഭരണ സമിതികളുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കൊച്ചി കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ ജില്ലാ കലക്ടർ എസ്.സുഹാസ് ഭരണച്ചുമതലയേറ്റു. കൊച്ചി കോർപ്പറേഷനിൽ അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ കോടതികളുടെ തീർപ്പുകൾക്ക് വിധേയമായി തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അത്തരം നടപടികൾ വേഗത്തിൽ സ്വീകരിക്കും. കോർപ്പറേഷൻ്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി,
പൂർത്തിയാക്കേണ്ടതും പാതിവഴിയിലെത്തിയതുമായ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവയുടെ പട്ടിക തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി മുന്നോട്ടു കൊണ്ടു പോകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. സമ്പർക്ക വ്യാപനം കൂടിയ മേഖലകളിലൊന്നാണ് കൊച്ചി കോർപ്പറേഷൻ. ഇവിടെ ചികിത്സാ സൗകര്യങ്ങളും ബ്രേക് ദ ചെയിൻ നിയന്ത്രണങ്ങളും കൂടുതൽ ഫലപ്രദമാക്കും. കോർപ്പറേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകളും കളക്ടർ സന്ദർശിച്ചു. കോർപ്പറേഷൻ സെക്രട്ടറിയുടെ ചുമതലയുള്ള എ.ചന്ദ്രൻ നായർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.എ.അമ്പിളി എന്നിവരാണ് ജില്ലാ കലക്ടർക്കൊപ്പം ഭരണ സമിതിയിലുള്ളത്.  ജില്ലാ പഞ്ചായത്ത് ഭരണസമിതിയും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്, ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ ട്രീസ ജോസ്‌ എന്നിവരാണ് ജില്ലാ പഞ്ചായത്ത് താൽക്കാലിക ഭരണ സമിതിയിലെ മറ്റ് അംഗങ്ങൾ.

--