Monday, January 29, 2018

യുവതിയെ മതം മാറ്റി ഐ എസ്‌ ഭീകരര്‍ക്ക്‌ വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസ്‌ എന്‍ ഐ എ ഏറ്റെടുത്തു



കൊച്ചി ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട റാന്നി സ്വദേശിനിയെ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച്‌ നിര്‍ബന്ധിതമായി മതം മാറ്റി ഐ എസ്‌ തീവ്രവാദികള്‍ക്ക്‌ ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്ന കേസ്‌ എന്‍ ഐ എ ഏറ്റെടുത്തു. എന്‍ ഐ ഐ കോടതി ജഡ്‌ജ്‌ കൗസര്‍ എടപ്പകത്ത്‌ മുമ്പാകെ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എഫ്‌ ഐ ആര്‍ ഫയല്‍ ചെയ്‌തു.
തലശേരി സ്വദേശി മുഹമ്മദ്‌ റിയാസ്‌ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ വശംവദയാക്കി വിവാഹം കഴിച്ചെന്നും പിന്നീട്‌ ഐ എസ്‌ തീവ്രവാദികള്‍ക്ക്‌ കൈമാറുന്നതിന്‌ സൗദി അറേബ്യയില്‍ നിന്ന്‌ സിറിയയിലേക്ക്‌ കൊണ്ടു പോകാന്‍ ശ്രമിച്ചെന്നുമാണ്‌ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട്‌ പറവൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. പറവൂര്‍ പെരുവാരം മന്ദിയേടത്ത്‌ ഫയാസ്‌ (23), മാഞ്ഞാലി തലക്കാട്ട്‌ സിയാദ്‌(48)എന്നിവരെയാണ്‌ കേസ്‌ ആദ്യം അന്വേഷിച്ച പോലീസ്‌ പിടികൂടിയത്‌. മുഖ്യപ്രതി മുഹമ്മദ്‌ റിയാസിന്റെ അടുത്ത ബന്ധുവാണ്‌ ഫയാസ്‌. യുവതിയെ മാഞ്ഞാലിയില്‍ താമസിക്കുന്നതിന്‌ സഹായം നല്‍കിയത്‌ ഫായാസാണ്‌.
2014ല്‍ ബാംഗളൂരില്‍ പഠിക്കുന്ന സമയത്താണ്‌ മുഹമ്മദ്‌ റിയാസിനെ യുവതി പരിചയപ്പെടുന്നത്‌. ലൈംഗിക വേഴ്‌ച രഹസ്യമായി ചിത്രീകരിച്ച ശേഷം ഇതു കാണിച്ച്‌ ഭീഷണിപ്പെടുത്തി മതംമാറ്റത്തിന്‌ പ്രേരിപ്പിച്ചുവെന്ന്‌ യുവതി പറയുന്നു. വിവരമറിഞ്ഞെത്തിയ മാതാപിതാക്കള്‍ യുവതിയെ ഗുജറാത്തിലേക്ക്‌ കൊണ്ടുപോയി. മുഹമ്മദ്‌ റിയാസ്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ നല്‍കിയതിനെ തുടര്‍ന്ന്‌ ഹൈക്കോടതിയില്‍ ഹാജരായ യുവതി റിയാസിനോടൊപ്പം പോകാന്‍ താല്‍പര്യമറിയിക്കുകയും കോടതി ഇത്‌ അനുവദിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഇവര്‍ ബന്ധുവായ ഫയാസിന്റെ പറവൂരിലെ വീട്ടിലും പിന്നീട്‌ മാഞ്ഞാലിയിലെ വാടക വീട്ടിലുമായി താമസിച്ചത്‌. അവിടെ നിന്നാണ്‌ സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക്‌ പോയത്‌.
വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ്‌ യുവതിയെ സൗദി അറേബ്യയിലേക്ക്‌ കൊണ്ടു പോയതത്രെ. സൗദിയില്‍ നിന്ന്‌ തന്നെ സിറിയയിലേക്ക്‌ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ വിവരം പിതാവിനെ വിവരമറിയിക്കുകയും തുടര്‍ന്ന്‌ സൗദിയിലുള്ള സുഹൃത്തുക്കള്‍ മുഖേന ഇന്ത്യയിലേക്ക്‌ രക്ഷപെടുകയും ചെയ്‌തുവെന്നാണ്‌ യുവതി പറയുന്നത്‌. മുഹമ്മദ്‌ റിയാസിനെതിരെ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന്‌ കോടതി നിര്‍ദേശ പ്രകാരം പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശികളായ നാലു പേരും ബാംഗളൂരിലുള്ള ഒരു സ്‌ത്രീയും ഒരു അഭിഭാഷകനും ഉള്‍പ്പെടെ 10 പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. റിയാസ്‌ അമ്മയോടൊപ്പം സൗദിയിലാണ്‌.

Tuesday, January 23, 2018

ചെല്ലാനത്ത് എട്ടു കോടിയുടെ കടലാക്രമണ പ്രതിരോധപദ്ധതിക്ക് ഭരണാനുമതി


കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതബാധിതമായ ചെല്ലാനം മേഖലയില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബും കടല്‍ഭിത്തിയും സ്ഥാപിക്കുന്നതടക്കമുള്ള പ്രതിരോധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ജില്ലാ ഭരണകൂടം ജലവിഭവ വകുപ്പ് മുഖേന സമര്‍പ്പിച്ച എട്ടു കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് അനുമതിയായത്. ഈ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വേളാങ്കണ്ണിപ്പള്ളി, ബസാര്‍, കമ്പനിപ്പടി, ചെറിയകടവ്, വാച്ചാക്കല്‍ എന്നീ ഭാഗങ്ങളിലാണ് കടല്‍ഭിത്തിയുടെ പുനഃനിര്‍മാണം ജിയോ ടെക്‌സ്റ്റൈല്‍ ട്യൂബ് അടക്കമുള്ള സാങ്കേതികമാര്‍ഗങ്ങള്‍ അവലംബിച്ച് പൂര്‍ത്തീകരിക്കുക. സാങ്കേതികാനുമതിക്കുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു.

നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണ നിരോധിച്ചു
കൊച്ചി: നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനമേര്‍പ്പെടുത്തി എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുടെ ഉത്തരവ്. കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട, തിരുവനന്തപുരം), ആഗ്രോ കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്, കല്ലുകുറ്റിയില്‍ റോഡ്, കുഞ്ഞാച്ചി, പാലക്കാട്), കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍ (പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസ്, കൈതക്കാട്, പട്ടിമറ്റം, എറണാകുളം) എന്നീ നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണയ്ക്കാണ് നിരോധനം. 
വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആന്റ്‌റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് - 2006 സെക്ഷന്‍ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. 

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം
കൊച്ചി: പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജനുവരി 31 നു മുമ്പ് തീര്‍ക്കേണ്ടതിനാല്‍ ഇനിയും പുതിയ റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റാനുളളവര്‍ ജനുവരി 31 നോ അതിനു മുമ്പോ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസില്‍ എത്തി റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

'കാലോ' - ഏകാംഗ ചിത്രപ്രദര്‍ശനം
(വുഡ് കട്ട് പ്രിന്റുകള്‍)
കൊച്ചി: കേരള  ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ജയേഷ് കെ.കെ.യുടെ വുഡ് കട്ട് പ്രിന്റുകളുടെ പ്രദര്‍ശനം 'കാലോ' ജനുവരി 23ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും. അന്നേ ദിവസം രാവിലെ 11ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.  
ദളിതരുടെയും പാര്‍ശ്വവത്കരിക്കുപ്പെടുന്നവരുടെയും ജീവിതവും ചരിത്രവുമാണ് തന്റെ രചനകള്‍ക്ക് വിഷയങ്ങളാകുന്നതെന്നും, ദളിതനും പരിസ്ഥിതിയും പരസ്പര പൂരകങ്ങളാണെന്നും, അതിനാലാണ് പ്രകൃതി തന്റെ ചിത്രങ്ങളില്‍ പ്രത്യക്ഷമാകുന്നതെന്നും ജയേഷ് അഭിപ്രായപ്പെടുന്നു. കേരള ലളിതകലാ അക്കാദമിയുടെ നിരവധി ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള ജയേഷിന് 2014 ല്‍ അക്കാദമിയുടെ സംസ്ഥാനപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പ്രദര്‍ശനം 30 ന് സമാപിക്കും.

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക്; യൂണിഫോം വിതരണം
കൊച്ചി: 2017 മാര്‍ച്ച് 31 വരെ ക്ഷേമനിധി അംഗത്വം എടുത്ത സജീവ അംഗങ്ങള്‍ക്ക് ജനുവരി 22 മുതല്‍ യൂണിഫോം വിതരണം നടത്തും. അംഗങ്ങള്‍ അവരുടെ ക്ഷേമനിധി അംഗത്വ പാസ് ബുക്ക്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം എറണാകുളം ക്ഷേമനിധി ഓഫീസില്‍ ഹാജരായി യൂണിഫോം കൈപ്പറ്റണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

നുമ്മ ഊണ് വിശപ്പുരഹിത നഗരം


പദ്ധതിയുമായി ജില്ലാ ഭരണകൂടം


കൊച്ചി: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ തുടക്കം കുറിക്കും. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്.
ഫെബ്രുവരി ഒന്നു മുതലാണ് പദ്ധതി പ്രാവര്‍ത്തികമാകുക. കാക്കനാട് കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും നുമ്മ ഊണിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഈ കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന കൂപ്പണുകള്‍ നല്‍കിയാല്‍ കാക്കനാട്ടെയും സൗത്തിലെയും തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കും. കാക്കനാട്ടും സൗത്തിലും നാലു വീതം ഹോട്ടലുകള്‍ ഇതിനായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്.
കാക്കനാട് കളക്ടറേറ്റിന് സമീപം അളകാപുരി, ലിബ, അയോദ്ധ്യ, വാഴക്കാലയില്‍ ഗാലക്‌സി എന്നീ ഹോട്ടലുകളിലാണ് കൂപ്പണുകള്‍ നല്‍കി ഭക്ഷണം കഴിക്കാനാകുക. സൗത്തില്‍ ആര്യാസ്, അല്‍ഫല, ആര്യഭവന്‍, മുഗള്‍ എന്നീ ഹോട്ടലുകളിലാണഅ സൗജന്യ ഭക്ഷണം.


ജലാശയങ്ങളുടെ നവീകരണത്തിനായി എന്റെ കുളം എറണാകുളം, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കുന്നതിനുള്ള പുതുയുഗം, ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠന പരിശീലനത്തിനുള്ള റോഷ്‌നി തുടങ്ങിയ പദ്ധതികളും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. കുട്ടമ്പുഴയിലെ ആദിവാസി മേഖലയില്‍ സമഗ്രാരോഗ്യ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കണം:




കൊച്ചി: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംസ്ഥാന പ്രവര്‍ത്തക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ബോധവത്കരണവും തുടര്‍ പ്രവര്‍ത്തനങ്ങളും  ജനങ്ങളില്‍ എത്തിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തണം. സംസ്ഥാനത്തെ നൂറുകണക്കിന് വിദ്യാസമ്പന്നരായ ഐ ടി വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചാല്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയും. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന ഖ്യാതിയിലൂടെ രാജ്യത്തിനൊന്നാകെ  മാതൃകയായ കേരളം ഡിജിറ്റലൈസേഷനിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നേട്ടം ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം.
ബജറ്റില്‍ ഡിജിറ്റലൈസേഷന് പ്രത്യേകം തുക വകയിരുത്തുന്നതിനോടൊപ്പം പദ്ധതി നടത്തിപ്പിനായി പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്നും മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും തീരുമാനിച്ചു. ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ അജിരാജകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ബോബന്‍ ടി തെക്കേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസ് പാറേക്കാട്, പ്രീത് തോമസ്, പി ജെ കുര്യന്‍ ആലപ്പുഴ, വി വി വിനോദ്, അഫീര്‍ഖാന്‍ അസീസ്, രജീഷ് തൃശൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ല സൈനിക ബോര്‍ഡ് പുനസംഘടന


 
കാക്കനാട്: എറണാകുളം ജില്ല സൈനിക ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നതിനാല്‍ ബോര്‍ഡ് പുനസംഘടിപ്പിക്കുവാനായി വൈസ് പ്രസിഡന്റിന്റെ ഒഴിവിലേക്ക് ആര്‍മി, നേവി, ഫയര്‍ഫോഴ്‌സ് എന്നീ സായുധസേനകളില്‍ നിന്നും ലെഫ്റ്റനന്റ് കേണല്‍ റാങ്കിലോ തത്തുല്യ പദവിയിലോ വിരമിച്ചവരും ബോര്‍ഡ് മെംബര്‍മാരുടെ ഒഴിവിലേക്ക് ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ റാങ്കിലോ തത്തുല്യമായ വിരമിച്ചവരുമായ എറണാകുളം ജില്ല നിവാസികളായ സേവനസന്നദ്ധരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മൂന്ന് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. വിശദ വിവരങ്ങള്‍ക്ക ജില്ല സൈനിക ക്ഷേമ ഓഫീസുമായി 0484 2422239 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

ഗാര്‍ഡ്നര്‍ പരിശീലനം

ഗാര്‍ഡ്നര്‍ പരിശീലനം

കാക്കനാട്: കൃഷി വകുപ്പിന് കീഴില്‍ 30 ദിവസം നീളുന്ന ഗാര്‍ഡ്നര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗാര്‍ഡനിങ് മുഖ്യ തൊഴിലും വരുമാനമാര്‍ഗവുമാക്കാന്‍ താല്‍പര്യമുള്ള എറണാകുളം ജില്ലയിലെ തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് പാസായവരും 18നും 40നുമിടയില്‍ പ്രായമുള്ളവരും ആയിരിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യതകള്‍ തെളിയിക്കുന്നതിനാവശ്യമായ സാക്ഷ്യപത്രം സഹിതം ജനുവരി 30നകം അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496002957.

വീഡിയോ കോൺഫറൻസിംഗ് മുഖേന വിവാഹം രജിസ്റ്റർ ചെയ്യാമെന്നു


കൊച്ചി : വധൂ വരന്മാർ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായി സമ്മതം അറിയിച്ചാലും വിവാഹം രജിസ്റ്റർ ചെയ്യാമെന്നും  ഹൈക്കോടതി വ്യക്തമാക്കി. 
മതാചാര പ്രകാരം നേരത്തെ വിവാഹിതരായെങ്കിലും അമേരിക്കയിലെത്തി വിസ മാറ്റത്തിന് ശ്രമിക്കുമ്പാൾ ഇന്ത്യയിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെത്തുടർന്ന് കൊല്ലം സ്വദേശി പ്രദീപും ഭാര്യ ബെറിലും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. അമേരിക്കയിലുള്ള ഇവർക്ക് പെർമനന്റ് റെസിഡന്റ് അപേക്ഷിക്കണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വേണം. നാട്ടിലേക്ക് വന്നാൽ തിരിച്ച് യു.എസിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് ഉറപ്പില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്തു നൽകണമെന്നും ഇരുവരും നൽകിയ അപേക്ഷ കൊല്ലം കോർപ്പറേഷനിൽ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 
മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് നിയമത്തിനും മാറ്റമുണ്ടാകണമെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു.  സാമൂഹ്യ താല്പര്യങ്ങൾക്ക് നിയമം എതിരാകുന്നത് പുരോഗതിക്ക് തടസമാകും. കോടതികൾ പല കേസുകളിലും വീഡിയോ കോൺഫറൻസിംഗ് മുഖേന വിചാരണ നടത്തുന്നുണ്ട്. ഇത്തരം കേസുകളിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാകുന്നവർ നേരിട്ട് ഹാജരാകുന്നുവെന്ന് വിലയിരുത്തിയാണ് നടപടികൾ പൂർത്തിയാക്കുന്നത്. ഈ സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷനും വീഡിയോ കോൺഫറൻസിംഗ് സാദ്ധ്യമാണ്. വിധിന്യായത്തിൽ പറയുന്നു.



കൊച്ചി: ആലുവ തൃക്കുന്നത്ത്​ പള്ളിപ്പെരുന്നാളിന് തിരുക്കർമ്മങ്ങൾ നടത്താൻ ഒാർത്തഡോക്​സ്​ സഭക്ക്​ അനുകൂലമായി ഹൈക്കോടതി ഉത്തരവ്.  അതേസമയം വിശ്വാസിയെന്ന നിലയിൽ ആർക്കും പ്രാർത്ഥനയ്ക്കായി പള്ളിയിൽ പ്രവേശിക്കാമെന്നും മതപരമായ ചടങ്ങുകൾ തടസപ്പെടുത്തരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഒാർത്തഡോക്​സ്​ വിഭാഗം വികാരിയും വിശ്വാസികളും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 

പീസ് ഫൗണ്ടേഷന്റെ കൊടുങ്ങല്ലൂർ മതിലകത്ത് സ്കൂൾ

കൊച്ചി : പീസ് ഫൗണ്ടേഷന്റെ കൊടുങ്ങല്ലൂർ മതിലകത്ത്  സ്കൂൾ അടച്ചു പൂട്ടാനുള്ള സർക്കാരിന്റെ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള വിദ്യാഭ്യാസ ചട്ടം പാലിക്കുന്നില്ലെന്നാരോപിച്ച് നോട്ടീസ് നൽകിയതിനെതിരെ സ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന സ്കൂൾ കേരള വിദ്യാഭ്യാസ ചട്ടം ലംഘിച്ചെന്ന കാരണത്താൽ പൂട്ടണമെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിലുണ്ടെന്നതിനാൽ സ്കൂളിനെതിരെ ക്രിമിനൽ കേസുണ്ടെന്നും സ്കൂൾ തുടർന്നു പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും സർക്കാർ  വാദിച്ചു. കേരള വിദ്യാഭ്യാസ ചട്ട പ്രകാരമുള്ള നോട്ടീസിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ക്രിമിനൽ കേസ് ഉണ്ടെന്നതു പരിഗണിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ മറുവാദം. തുടർന്നാണ് സ്റ്റേ അനുവദിച്ചത്.

Monday, January 22, 2018

നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണ നിരോധിച്ചു


കൊച്ചി: നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനമേര്‍പ്പെടുത്തി എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുടെ ഉത്തരവ്. കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട, തിരുവനന്തപുരം), ആഗ്രോ കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്, കല്ലുകുറ്റിയില്‍ റോഡ്, കുഞ്ഞാച്ചി, പാലക്കാട്), കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍ (പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസ്, കൈതക്കാട്, പട്ടിമറ്റം, എറണാകുളം) എന്നീ നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണയ്ക്കാണ് നിരോധനം. 
വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആന്റ്‌റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് - 2006 സെക്ഷന്‍ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. 

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം: ഗതാഗതക്കുരുക്കഴിക്കാന്‍ സത്വര നടപടികള്‍



സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജപ്പെടുത്തും
ഇടറോഡുകള്‍ വണ്‍വേയാക്കും, പാര്‍ക്കിംഗിന് കര്‍ശന നിരോധനം
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും ഹബ്ബില്‍ സൗകര്യമൊരുക്കും
 

കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജംക്ഷനിലെ  ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തിര നടപടികള്‍ നടപ്പാക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വൈറ്റിലെ ജംക്ഷനില്‍ നിലവിലെ ട്രാഫിക് ഐലന്റ് പൊളിച്ചു നീക്കുന്നതോടൊപ്പം ഇതിനു മുന്‍ഭാഗത്തുള്ള പ്രദേശം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കും. ചൊവ്വാഴ്ചയോടെ ടാറിംഗ് പൂര്‍ത്തിയാക്കും. 

സമാന്തര റോഡുകളിലെയും ഇടറോഡുകളിലെയും വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കും. പാര്‍ക്കിംഗ് നിരോധനം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പ്, ആര്‍ടിഒ-എന്‍ഫോഴ്‌സ്‌മെന്റ്, പോലീസ്, റവന്യൂ വകുപ്പുകളുടെ മേല്‍നോട്ടത്തിലാകും നടപടികള്‍. 

ജംക്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തി സീബ്രാ മാര്‍ക്കിംഗ് നടത്തും. ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ നിര്‍വഹണ ചുമതല വഹിക്കും. 

സിഗ്നല്‍ സംവിധാനം കര്‍ശനമായി നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കും.  

സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും. വൈറ്റിലെ ജംക്ഷന്‍ ഒഴിവാക്കി നഗരത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നതിനായി സമാന്തര റോഡുകളും ഇട റോഡുകളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഭിപ്രായം അഭിപ്രായം ആരായും. ഇതിനു ശേഷമാകും എതെല്ലാം റോഡുകള്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും ഇടറോഡുകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും അന്തി തീരുമാനം സ്വീകരിക്കുക. അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരിക്കും ഇതിന്റെ നിര്‍വഹണ ചുമതല. 

തിരിച്ചുവിടുന്ന വഴികളുടെ അറ്റകുറ്റപ്പണികളും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥലങ്ങള്‍ കണ്ടെത്തി അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ ആവശ്യപ്പെട്ടു.

ദേശീയപാതയുടെ വശങ്ങളിലായി പാര്‍ക്ക് ചെയ്യുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് വൈറ്റിലെ മൊബിലിറ്റി ഹബ്ബില്‍ പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനമൊരുക്കുന്നത് പരിഗണിക്കും. ബാംഗളൂരിലേക്കും മറ്റുമുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം വലിയ ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. ഈ വാഹനങ്ങളില്‍ പോകാനുളളവരെ യാത്രയയ്ക്കാനെത്തുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിഗും പ്രശ്‌നമുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് വൈറ്റില ഹബ്ബ് ഇത്തരം വാഹനങ്ങളുടെ പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പിനായി ഉപയോഗപ്പെടുത്തുന്നത്. ഈ ബസുകള്‍ക്ക് വൈറ്റില ഹബ്ബില്‍ പാര്‍ക്കിംഗ് അനുവദിക്കാനാകുമോ എന്ന് പരിശോധിക്കും. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രാത്രി വൈകിയും വഴിയരികില്‍ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഗോള്‍ഡ് സൂക്കിനു സമീപമുള്ള പ്രദേശവും ദീര്‍ഘദൂര ബസുകള്‍ക്ക് യാത്രക്കാരെ കയറ്റുന്നതിനായി പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കും. രണ്ടു ദിവസത്തിനുള്ളില്‍ ആര്‍ടിഒ ഇക്കാര്യം സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 

ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വൈറ്റില ജംക്ഷന്‍ ഒഴിവാക്കി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഇടറോഡുകളെ സംബന്ധിച്ച ദിശാസൂചികകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. 

വൈറ്റിലെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണങ്ങളെ തുടര്‍ന്ന് രൂക്ഷമായ ഗതാഗതക്കുരുക്കാണ് ജംക്ഷനിലുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ജനപ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം ആരായുന്നതിന് ജില്ല കളക്ടര്‍ യോഗം വിളിച്ചത്. നിലവിലുള്ള സര്‍വീസ് റോഡുകളെക്കൂടി ഉള്‍പ്പെടുത്തി റോഡിന് വീതി കൂട്ടി രണ്ടുവരിയായി ഗതാഗതം സുഗമമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് വൈറ്റില ജംക്ഷനിലെത്തി നില്‍ക്കുന്ന ഭാഗത്തെ സര്‍വീസ് റോഡിനു മുകളില്‍ കാന നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇവിടെയുള്ള ബാരിക്കേഡ് പൊളിച്ച് ഒരേ ഉയരത്തിലുള്ള റോഡാക്കി മാറ്റുക ബുദ്ധിമുട്ടാണ്. ഇവിടെ കാന പുതുക്കി പണിയുന്നതിന് ദേശീയ പാത അതോറിറ്റി വര്‍ഷങ്ങളായി തടസം നില്‍ക്കുന്നുവെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. സര്‍വീസ് റോഡിലൂടെ ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിട്ട് രണ്ടു വരിയാക്കാനാണ് ശ്രമിക്കുന്നതെങ്കിലും ഇത് പ്രായോഗികമല്ലെന്നും വലിയ ഗതാഗതക്കുരുക്കാണിത് ഉണ്ടാക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കടവന്ത്രയില്‍ നിന്നും മറ്റുമുള്ള വാഹനങ്ങള്‍ വൈറ്റിലെ ജംക്ഷനിലെത്തുന്ന പൊന്നുരുന്നി അണ്ടര്‍ പാസിന്റെ വീതി കൂട്ടണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വൈറ്റിലെ മൊബിലിറ്റി ഹബ്ബില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ പുതിയ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. വൈറ്റില ജംക്ഷനിലുള്ള ഓട്ടോ സ്റ്റാന്‍ഡ് മാറ്റുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം. തൈക്കൂടം പളളിയിലേക്ക് പോകുന്ന വഴിയില്‍ നാളുകളായി കേടായി കിടക്കുന്ന കണ്ടെയ്‌നര്‍ ലോറി നീക്കുന്നതിന് ഉടന്‍ നടപടി വേണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. ഇടപ്പള്ളിയില്‍ നിന്നും തമ്മനം, കത്രിക്കടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപ്പാസില്‍ നിന്ന് അയിഷ റോഡ് വഴി തമ്മനത്തേക്കും തമ്മനത്ത് നിന്നും സെന്റ് റീത്താസ് റോഡ് വഴി ബൈപ്പാസില്‍ പ്രവേശിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വൈറ്റില ജനകീയ സമിതി പ്രതിനിധി ഷമീര്‍ അബ്ദുള്ള സമര്‍പ്പിച്ചു. 

കൗണ്‍സിലര്‍മാരായ പി.എസ്. ഷൈന്‍, എ.ബി. സാബു, ഷൈനി മാത്യു, എം. പ്രേമചന്ദ്രന്‍, വി.പി. ചന്ദ്രന്‍, പി.എം. ഹാരിസ്, പി.എഡ്രാക് സെക്രട്ടറി എന്‍.കെ. വര്‍ഗീസ്, ഡിസിപി കറുപ്പസ്വാമി, ആര്‍ടിഒ റെജി പി വര്‍ഗീസ്, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കെ.എം. ഷാജി, കൊച്ചി മെട്രോ ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.