Wednesday, March 9, 2016

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട്‌ തുടക്കം



കൊച്ചി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ ആഞ്ഞടിച്ച്‌ കേരളാ കോണ്‍ഗ്രസ്‌ ഡെമോക്രാറ്റിക്‌ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാരാണ്‌ യുഡിഎഫിന്റേത്‌. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട കാര്‍ഷിക മേഖലയെ പാടെ അവഗണിക്കുന്ന നിലപാടാണ്‌ ഇരു സര്‍ക്കാരുകളും സ്വീകരിച്ചത്‌.
കേരളത്തിലെ കാര്‍ഷിക മേഖല ഏറ്റവും വലിയ വില തകര്‍ച്ച നേരിട്ട കാലഘട്ടമാണ്‌ കഴിഞ്ഞ അഞ്ച്‌ വര്‍ഷം. രണ്ടാം യുപിഎ ഗവണ്‍മെന്റ്‌ കൊണ്ടുവന്ന ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ മലയോര മേഖലില്‍ ഒട്ടേറെ ഭയാശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവിടെ താമസിക്കുന്നവരുടെ ദൈനംദിന കാര്യങ്ങളെ വിലമതിക്കാതെ പരിസ്ഥിതി സംരക്ഷിക്കണമെന്നത്‌ പ്രായോഗികമല്ല. വിഷയം പഠിക്കാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മലയോര മേഖലകളില്‍ നേരിട്ട്‌ സന്ദര്‍ശനം നടത്തിയ കമ്മിറ്റി ജനവാസ മേഖലകളെ ഒഴിവാക്കി വനമേഖലയെ മാത്രം പരിസ്ഥിതി സംരക്ഷിത മേഖലയാക്കി മാറ്റണമെന്ന്‌ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്‌ കൈമാറിയ റിപ്പോര്‍ട്ടില്‍ ഇഛാശക്തിയോടെ ഇടപെടുന്നതില്‍ സംസ്ഥാന സര്‍്‌ക്കാര്‍ പരാജയപ്പെട്ടു.
മലയോര മേഖലകളിലെ കുടിയേറ്റ കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കുമെന്നുള്ള പ്രഖ്യാപനം അഞ്ച്‌ വര്‍ഷം കഴിയുമ്പോഴും പാലിക്കപ്പെട്ടിട്ടില്ല. ഒരു ലക്ഷത്തോളം കൈവശ കര്‍ഷകര്‍ പട്ടയം ലഭിക്കാതെ കഴിയുന്നുണ്ട്‌.
ഇഎഫ്‌എല്‍ വ്യവസ്ഥയില്‍ ഭൂമി നല്‍കിയവര്‍ക്ക്‌ അത്‌ തിരിച്ചു നല്‍കുമെന്ന സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ നിര്‍ദേശം ഇതു വരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം.
241 രൂപ വരെ ഉണ്ടായിരുന്ന റബര്‍ വില ഇന്ന്‌ 100ല്‍ താഴെ എത്തി. കര്‍ഷകര്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവുന്നില്ല. ഏതാനും കര്‍ഷകര്‍ ആത്മഹത്യ വരെ ചെയ്‌തു. നമ്മുടെ രാജ്യത്ത്‌ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഖേദകരമാണ്‌. ബജറ്റില്‍ പണം വകയിരുത്തിയതു കൊണ്ടു മാത്രം ആയില്ല. അത്‌ കര്‍ഷകരിലേക്ക്‌ എത്തിക്കാനും സര്‍ക്കാര്‍ ശ്രമിക്കണം. റബര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ്‌ വരുത്തിയത്‌. റബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ തായ്‌ലന്റ്‌ പോലുള്ള രാജ്യങ്ങള്‍ ചെയ്‌തിരിക്കുന്ന കാര്യങ്ങള്‍ മാതൃകയാക്കേണ്ടതാണ്‌. ഏലം കര്‍ഷകരും പ്രതിസന്ധിയിലാണ്‌.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളവും രാജ്യത്തെ സംബന്ധിച്ചും വളരെ സുപ്രധാനമായ ഒന്നാണ്‌. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ന്യൂനപക്ഷ വിഭാഗങ്ങളോടും ദളിത്‌ വിഭാവങ്ങളോടുമുള്ള സമീപനത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധയോടെ കാണണം. കോടതികളെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിന്‌ ഒട്ടും യോജിച്ചതല്ല. പ്രധാനമന്ത്രി എന്നാല്‍ സമന്‍മാരില്‍ ഒന്നാണ്‌. ഇവിടെ സമന്‍മാര്‍ ആരുമില്ല, ഒരു ഒന്നാമന്‍ മാത്രമേ ഉള്ളു. അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും കേന്ദ്രീകരിച്ചാണ്‌ ഇന്ന്‌ കേന്ദ്ര ഭരണം മുന്നോട്ട്‌ പൊയ്‌ക്കോണ്ടിരിക്കുന്നത്‌. അടുത്ത ഉപദേശകരും കൂടി എടുക്കുന്ന തീരുമാനങ്ങള്‍ മറ്റ്‌ മന്ത്രാലയങ്ങള്‍ നടപ്പാക്കാണ്ടി വരുന്നു എന്നതാണ്‌ അവസ്ഥ.
വലിയ പ്രതീക്ഷയോടെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടികള്‍ യോജിച്ചത്‌. ശക്തമയാ രാഷ്ട്രീയ പ്രസ്ഥാനമായി മാറുമെന്നായിരുന്നു പ്രതീക്ഷ. അതെല്ലാം അസ്ഥാനത്താണെന്ന കസ്‌തൂരി രംഗന്‍വിഷത്തിലും പട്ടയ വിഷയത്തിലും ഇഎഫ്‌ എല്‍ വിഷയത്തിലും ബോധ്യപ്പെട്ടു. ഫലപ്രദമായി ഒന്നും ചെയ്യാന്‍ കേരളാ കോണ്‍ഗ്രസിന്‌ ആയില്ല.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളാ കോണ്‍ഗ്രസ്‌ ഡെമോക്രാറ്റിക്‌ സമര പരിപാടികളിലേക്ക്‌ കടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണു തുറപ്പിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം.


കേരള കോണ്‍ഗ്രസ്‌ -മാണിഗ്രൂപ്പ്‌ ഇനി ഉറവ വറ്റുന്ന കിണര്‍- ഫ്രാന്‍സിസ്‌ ജോര്‍ജ്‌



കൊച്ചി:
കേരള കോണ്‍ഗ്രസ്‌ -എം ഉറവ വറ്റുന്ന കിണര്‍ ആണെന്ന്‌ ജനാധപത്യ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌. വരും ദിവസങ്ങളില്‍ ആര്‌ വഴിയാധാരമാകുമെന്ന്‌ ജനം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു സംസാരിക്കുയായിരുന്നു ഫ്രാന്‍സിസ്‌ ജോര്‍ജ്‌.
കെസിഎം എന്ന പാര്‍ട്ടിയുടെ ഉറവ വറ്റിക്കൊണ്ടിരിക്കുകയാണ്‌ അത്‌ അധികം താമസിയാതെ ശൂന്യമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.അതുകൊണ്ട്‌ തങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങനെ ഭയാശങ്കകള്‍ ഒന്നുമില്ലെന്നും തങ്ങള്‍ സ്വീകരിച്ച നിലപാടിനെ കേരളത്തിലെ പൊതുസമൂഹം അംഗീകരിച്ചാല്‍ തങ്ങള്‍ വഴിയാധാരമാവില്ലെന്നും . ജനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആരാണെങ്കിലും വഴിയാധരാമകുമെന്നും അദ്ദേഹം പറഞ്ഞു
തങ്ങള്‍ സ്വീകരിച്ച നിലപാടിനോട്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ നിലവില്‍ കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ഭാരവാഹിത്വം രാജിവെച്ച്‌ ജനാധിത്യ കേരള കോണ്‍ഗ്രസിലേ്‌ക്കു വരുകയാണെന്നും എല്ലാ ജില്ലകളിലും ഈ ഒരു ഒഴുക്ക്‌ കാണാമെന്നും അദ്ദേഹം പറഞ്ഞു. 1964ല്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസ്‌ പാട്ടിയെ അതേശൈലിയില്‍ പുനരുജ്ജീവിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തില്‍പ്പെട്ട നിരവധി നേതാക്കളും നിലവിലുള്ള സ്ഥാനങ്ങള്‍ രാജിവെച്ചു ജനാധിപത്യ കേരള കോണ്‍ഗസിനൊടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ചു ഒരു ശക്തിയാകണമെന്നും 1964 മുതല്‍ 75വരെ കേരള കോണ്‍ഗ്രസ്‌ നിര്‍ണായകശക്തിയായി നിന്നിരുന്നുവെന്നും അദ്ദേഹം അനുസമരിച്ചു. പാര്‍്‌ട്ടിയുടെ ഐക്യത്തിനുവേണ്ടിയാണ്‌ ഇടതുമുന്നണിയില്‍ നിന്നും രാജിവെച്ചത്‌. എന്നാല്‍ അന്ന്‌ ഉണ്ടാക്ക്‌ിയ ധാരണകള്‍ ജലരേഖകളായി മാറി. കസ്‌തുരി രംഗന്‍,പട്ടയം, ഇഎഫ്‌എല്‍ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട്‌ അണികളില്‍ വലിയൊരു നിരാശയാണ്‌ ഉണ്ടാക്കിയത്‌ . അതുകൊണ്ടാണ്‌ കേരള കോണ്‍ഗ്രസുകളുടെ ലയനം തെറ്റായിപ്പോയി എന്നു ഇപ്പോള്‍ പറയേണ്ടിവരുന്നതെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു.
യുഡിഎഫ്‌ സര്‍ക്കാരിന്റെ പേരില്‍ ഉന്നയിക്കപ്പെട്ട അഴിമതികളെക്കുറിച്ച്‌ തങ്ങള്‍ എന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോള്‍, തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ മാത്രം പറയുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാര്‍ കോഴ കേസില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക്‌ എതിരെ നിയമ നടപടി സ്വീകരിക്കാത്തത്‌ സംശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാര്‍ കോഴ പ്രശ്‌നത്തില്‍ കെ.എം.മാണി രാജിവെക്കണമെന്നു തങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നതായും ഇനി മാണിസാര്‍ തുടരാന്‍ പാടില്ല എന്ന ശക്തമായ നിലപാട്‌ ജോസഫ്‌ ഗ്രൂപ്പ്‌ കൈക്കൊണ്ടിവെന്നും ഇക്കാര്യം പാര്‍ട്ടി കമ്മിറ്റിയില്‍ ്‌ ആവശ്യപ്പെട്ടിരുന്നതായും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു. എന്നാല്‍ മാണി രാജിവെക്കുകയാണെങ്കില്‍ പി.ജെ.ജോസഫ്‌ കൂടി രാജിവെക്കണമെന്ന വിചിത്രമായ ആവശ്യം മാണി ഗ്രൂപ്പിന്റെ ഭാഗത്തു നിന്നും വന്നു. ഇതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കേണ്ടിവന്നുവെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു.
ജോസഫ്‌ ഗ്രൂപ്പുകാരോട്‌ മാന്യമായി ഒരിക്കലും പേരുമാറിയട്ടില്ലെന്നും എന്നും അവഗണന ആയിരുന്നു. ന്യുനപക്ഷ അവകാശ സംരക്ഷണത്തിനു നടക്കുന്ന കേരള കോണ്‍ഗ്രസിനപ്പോലുള്ള ഒരു പാര്‍ട്ടി ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ചില ബാന്ധവങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ കൂടി നടത്തുന്നതു കണ്ടതോടെയാണ്‌ ഒടുവില്‍ പുറത്തു പോകേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ്‌ സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ ഇതുവരെ യാതൊരു അപവാദങ്ങളും കൂടാതെ താനും ആന്റണി രാജുവും കൊണ്ടു നടന്നുവെന്നും യാതൊരു പരാതിയും തങ്ങള്‍ക്കെതിര ഉന്നയിക്കാന്‍ സാധ്യതയില്ലെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അവകാശപ്പെട്ടു.
ജോസ്‌ കെ.മാണി ഡല്‍ഹിയില്‍ നടത്തിയ സമരം റബര്‍ കര്‍ഷകര്‍ക്കു വേണ്ടി നടത്തിയ സമരം അല്ലെന്നും ജോസ്‌ കെ.മാണി അദ്ദേഹത്തിനു വേണ്ടി തന്നെ സ്വയം പ്ലാന്‍ ചെയ്‌തു നടത്തിയ സമരം ആണെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ആരോപിച്ചു.
ജോസ്‌ കെ.മാണിയുടെ സമരത്തിന്റെ ഭാഗമായി കിട്ടിയെന്നു പറയുന്ന റബര്‍ ഇറക്കുമതി നിരോധനം വന്‍കിട റബര്‍ കമ്പനികള്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. റബര്‍ ഇറക്കുമതി ചെന്നൈ ,മുംബൈ തുറമുഖങ്ങളിലൂടെയാക്കിയതോടെ വന്‍കിട റബര്‍ കമ്പനികള്‍ക്ക്‌ തങ്ങളുടെ ഫാക്ടറിയിലേക്ക്‌ ഇറക്കുമതി റബര്‍ എത്തിക്കുന്നത്‌ കൂടുതല്‍ എളുപ്പമായി . കേരള കോണ്‍ഗ്‌സ്‌ നേതൃനിരയുടെ മുന്‍നിരയിലേക്കുള്ള ജോസ്‌ കെ.മാണിയുടെ വരവിനു തങ്ങള്‍ ഒരിക്കലും തടസമായിരുന്നില്ലെന്നും ആര്‍ക്കും ഒരു ഭീഷണി ആകാന്‍ ആഗ്രഹിക്കാത്ത ആളാണ്‌ താന്‍ എന്നും അദ്ദേഹം പറഞ്ഞു.
പിന്നില്‍ നിന്നും കുത്തിയതായി കെ.എം.മണി നടത്തിയ പ്രസ്‌താവനയുടെ കാര്യത്തില്‍ മാണി സാര്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു.ഏറ്റവും കൂടുതല്‍ പിന്നില്‍ നി്‌ന്നും കുത്തിയിട്ടുള്ളത്‌ ആരാണെന്നു കേരള കോണ്‍ഗ്രസിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക്‌ അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആകാന്‍ പാടില്ലെന്ന നിലപാടിനെ തുടര്‍ന്ന്‌ കെ.എം.ജോര്‍ജ്‌ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പകരം കെ.എം.മാണി മന്തിയായി. അതിനുശേഷം മന്ത്രിസ്ഥാനത്ത്‌ ഇരുന്നുകൊണ്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌ പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചതെന്നും ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പാര്‍ട്ട്‌ി ജനാധിപത്യവും ചര്‍ച്ചകളും ആവശ്യമാണെന്നും അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതെന്നും ഒരു വ്യക്തിയെ കേന്ദ്രികരിച്ചു കൊണ്ടു പോകുന്നുത്‌ ഇത്തരം അപചയങ്ങള്‍ക്കു വഴിതെളിയിക്കുമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു. ഇത്‌ മാറ്റിക്കൊണ്ടുപോകാനുള്ള എളിയ തുടക്കമാണ്‌ ജനാധപത്യ കേരള കോണ്‍ഗ്രസിന്റെ തുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ , പുതിയ പാര്‌ട്ടിയുമായി ഫ്രാന്‍സിസ്‌ ജോര്‍ജ്‌



 കോട്ടയത്ത്‌ വിപുലമായ സംസ്ഥാന സമ്മേളനം


കൊച്ചി കേരള കോണ്‍ഗ്രസ്‌ എമ്മില്‍ നിന്ന്‌ പുരത്തുപോയ വിമത വിഭാഗം ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ എന്നാണ്‌ പുതിയ പാര്‍ട്ടിയുടെ പേര്‌.
ഫ്രാന്‍സിസ്‌ ജോര്‍ജിനെ പാര്‍ട്ടിയുടെ ചെയര്‌മാനായും തെരഞ്ഞെടുത്തു. കെ.സി.ജോസഫിന്റെ അധ്യക്ഷതയില്‍ എറണാകുളം വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗമാണ്‌ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്‌. ആന്റണി രാജു, കെ.സി.ജോസഫ്‌, ,മുന്‍ എം.പി വക്കച്ചന്‍ മറ്റത്തില്‍, പി.സി ജോസഫ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ.സി ജോസഫിന്റെ അധ്യക്ഷതയിലാണ്‌ യോഗം ചേര്‍ന്നത്‌. ആന്റണി രാജു അവതരിപ്പിച്ച ഭരണഘടന യോഗം ഏകണ്‌ഠമായി അംഗീരിച്ചു.
പാര്‍ട്ടി ഭാരവാഹികളേയും മറ്റും തെര്‌ഞ്ഞടുക്കുന്നത്‌ ഉള്‍പ്പെടയുല്‌ള നടപടികള്‍ക്കായി ഒരു അഡ്‌ ഹോക്ക്‌ കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.
ഒക്ടോബറില്‍ അംഗത്വ വിതരണം പൂര്‍ത്തിയാക്കി മറ്റു ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന്‌ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ വാര്‍ത്താ ലേഖകരോട്‌ പറഞ്ഞു. അതുകൊണ്ടു തന്നെ മറ്റുഭാരവാഹികളെ പിന്നീട്‌ നിശ്ചയിക്കും. . സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗമാണ്‌ ഏകകണ്‌ഠമയി ചെയര്‍മാന്‍ സ്ഥാനത്തേക്കു ഫ്രാന്‍സിസ്‌ ജോര്‍ജിനെ പ്രഖ്യാപിച്ചത്‌. ഒക്ടോബര്‍ ആറിനകം അംഗത്വ വിതരണവും തുടര്‍ന്നു തെരഞ്ഞെടുപ്പം നടത്താനും മറ്റു പാര്‍ട്ടി ഘടകങ്ങള്‍ രൂപീകരിക്കാനും തീരുമാനിച്ചു
ഇതിനു മുന്‍പായി ഈ മാസം 16-ാം തിയതി കോട്ടയ്‌തത്ത്‌ വിപുലമായ സംസ്ഥാന സമ്മേളനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ വിളിച്ചു ചേര്‍ക്കും. പ്രസ്‌തുത സംസ്ഥാന സമ്മേളനത്തില്‍ ചെയര്‍മാനോടൊപ്പം പ്രവര്‍ത്തിക്കേണ്ട മറ്റു നേതാക്കളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.

കൊച്ചി മെഡിസിറ്റി പദ്ധതി ഉപേക്ഷിക്കില്ലെന്ന്‌ - ചെയര്‍മാന്‍





കൊച്ചി: പൊതുജനതാല്‍പ്പര്യ പ്രകാരമാണ്‌ കടമക്കുടിയിലെ കൊച്ചി മെഡിസിറ്റി പദ്ധതിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന്‌ കൊച്ചി മെഡിസിറ്റി അധികൃതര്‍ വ്യക്തമാക്കി.
മന്ത്രി സഭാ യോഗം ഉത്തരവ്‌ റദ്ദാക്കിയാലും പദ്ധതി ഉപേക്ഷിക്കില്ലെന്നും അടുത്ത സര്‍ക്കാരിനെ സമീപിക്കുമെന്നും കൊച്ചി മെഡിസിറ്റി ആന്റ്‌ ടൂറിസം ചെയര്‍മാന്‍ ഡോ.മോഹന്‍തോമസ്‌ പകലോമറ്റം വ്യക്തമാക്കി.
2008ലാണ്‌ 7500 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്ന 1300 കോടി രൂപയുടെ പദ്ധതി അനുമതിയ്‌ക്കായി സര്‍ക്കാരിനു മുന്നില്‍ എത്തുന്നത്‌. പക്ഷേ നീര്‍ത്തട ,തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം സര്‍ക്കാര്‍ പദ്ധതിക്ക്‌ അനുമതി നല്‍കിയില്ല. തുടര്‍ന്നു സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച മാറ്റങ്ങള്‍ വരുത്തി വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ ഇപ്പോള്‍ പദ്ധതിക്കുവേണ്ടി 47 ഏക്കര്‍ സ്ഥലം നികത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്‌. 
130 ഏക്കര്‍ ആണ്‌ കൊച്ചി മെഡിസിറ്റിക്കുവേണ്ടി വാങ്ങിയിരിക്കുന്നത്‌. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗത്തെ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടു തന്നെയാണ്‌ കൊച്‌ി മെഡിസിറ്റിക്കു വേണ്ടി നിര്‍മ്മാണം നടത്തുന്നത്‌. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടിത്തറയെല്ലാം നോക്കിയാണ്‌ അനുമതി. അമേരിക്കയിലെ വിഖ്യാതമായ മിയോ ക്ലിനിക്ക്‌.ക്ലെവ്‌ലാന്‍ഡ്‌ ക്ലിനിക്ക്‌ എന്നിവ ഇവിടെ കൊണ്ടുവരാനും വിദേശത്ത്‌ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക്‌ തിരിച്ചുവന്ന്‌ അവിടെ ലഭ്യമായ സാങ്കേതിക വിദ്യയിലും പരിജ്ഞാനത്തിലും ഇവിടെയും ജോലി ചെയ്യുവാനും ഡോക്ടര്‍മാരെ പഠിപ്പിക്കാനും ഈ സ്ഥാപനത്തിനു കഴിയും. അലോപ്പതിക്കു പുറമെ 50 ബെഡ്‌ സൗകര്യമുള്ള ആയുര്‍വേദിക്‌ സ്‌പാ, റിസര്‍ച്ച്‌ സെന്റര്‍ എന്നിവയും രോഗികളൊടൊപ്പം എത്തുന്നവര്‍ക്കായി ത്രീ സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലും ഇതില്‍ വിഭാവന ചെയ്യുന്നു.
ഇതൊരു സ്വകാര്യ സംരംഭമാണെങ്കിലും പൊതുതാല്‍പ്പര്യ സംരംഭം ആണെന്നു കണ്ടുകൊണ്ടാണ്‌ സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 
ഇക്കാര്യത്തില്‍ അഴിമതി ഒന്നും സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഏജന്‍സിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ആര്‍ക്കും പണം നല്‍കിയട്ടില്ലെന്നും ഡോ.മോഹന്‍ തോമസ്‌ പറഞ്ഞു. 
സിപിഎം കടമക്കുടിയില്‍ നടത്തുന്ന സമരം മിച്ചഭൂമിയാണെന്നു തെറ്റദ്ധരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുള്ളവരെ നേരില്‍ കണ്ടു നിജസ്ഥിതി ബോധ്യപ്പെടുത്തും. പദ്ധതി ഉപേക്ഷിക്കാന്‍ ഉദ്ദേശമില്ലെന്നും. ഗോവയില്‍ നിന്നും ഖത്തറില്‍ നിന്നും ഓഫറുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
ഇനി വരുന്ന ഗവണ്മന്റോ മറ്റു ഏജന്‍സികളോ ഈ ശ്രമത്തിന്റെ അന്തസത്ത മനസിലാക്കി എന്നെങ്കിലും അനുമതി നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും ഇതിനകം എട്ടുവര്‍ഷം കാത്തിരുന്നു ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്നും ഡോ.മോഹന്‍ തോമസ്‌ പറഞ്ഞു. 
കപില്‍ദേവ്‌ ഇതില്‍ പങ്കാളിയാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. കപില്‍ കൊച്ചി മെഡിസിറ്റിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 
ഖത്തറിലെ ദോഹ കേന്ദ്രമാക്കി 30ഓളം വിദേശ മലയാളികളാണ്‌ ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. 

ദുബായ്‌ രാജ്യാന്തര പട്ടം പറത്തല്‍ മത്സരം 17 മുതല്‍



കൊച്ചി: ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ 21ാം വാര്‍ഷികത്തിന്റെ ഭാഗമായി 17,18, 19 തീയതികളില്‍ ദുബായ്‌ ജുമൈരിയ ബീച്ചില്‍ ദുബായ്‌ രാജ്യാന്തര പട്ടം പറത്തല്‍ മത്സരം നടക്കും. ഇന്ത്യയുള്‍പ്പടെ 45 രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കാളികളാവും. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ അബ്ദുള്ള മാളിയേക്കല്‍, എന്‍.ബി സ്വരാജ്‌, ഹാഷിം കടാക്കലകം, ഇ.കെ രാധാകൃഷ്‌ണന്‍, സാജിദ്‌ തോപ്പില്‍, റിയാസ്‌ കൂവില്‍, മാനുവല്‍, മുഹമ്മദ്‌ ഷാഫി, അഡ്വ. ശ്യാം പത്മന്‍, സുബൈര്‍ കൊളക്കാടന്‍ എന്നിവര്‍ മത്സരിക്കും. 
കഥകളി പട്ടമാണ്‌ മേളയുടെ മുഖ്യ ആകര്‍ഷണം. 2013ല്‍ ചൈനയില്‍ നടന്ന പട്ടം പറത്തില്‍ ഒന്നാം സ്ഥാനം കേരളത്തിന്റെ കഥകളി പട്ടം കരസ്ഥമാക്കിയിരുന്നു. ഇറ്റലിയുടെ പരമ്പരാഗത പട്ടമായ സര്‍ക്കിള്‍ കൈറ്റ്‌ മാതൃകയില്‍ 45 അടി വലിപ്പമുള്ള പട്ടമാണ്‌ ഇന്ത്യ മത്സരത്തിനിറക്കുന്നത്‌. പാരച്യൂട്ട്‌ തുണികൊണ്ട്‌ 90 ദിവസം കൊണ്ട്‌ നിര്‍മ്മിച്ച ഈ പട്ടത്തിനായി 2 ലക്ഷം രൂപയാണ്‌ ചെലവഴിച്ചത്‌. അബ്ദുള്ള മാളിയേക്കലാണിത്‌ രൂപകല്‌പന ചെയ്‌തത്‌. ഇന്ത്യയില്‍ ആദ്യമായാണ്‌ സര്‍ക്കിള്‍ കൈറ്റ്‌ നിര്‍മ്മിക്കുന്നതെന്ന്‌ മത്സരാര്‍ത്ഥികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സോപര്‍ട്‌സ്‌ കൈറ്റ്‌, സ്റ്റണ്ട്‌ കൈറ്റ്‌, ഇന്‍ഫ്‌ളേറ്റബിള്‍ കൈറ്റ്‌,, കൈറ്റ്‌ സര്‍ഫിംഗ്‌, കൈറ്റ്‌ ബഗിംഗ്‌ എന്നിങ്ങനെ അഞ്ച്‌ വിഭാഗങ്ങളിലാണ്‌ മത്സരം. 
ദുബായ്‌ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ദുബായ്‌ ടൂറിസം വകുപ്പാണ്‌ ഈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്‌. കൈറ്റ്‌ അസോസിയേഷന്‍ യു.എസ്‌.എയുടെ സാങ്കേതിക സഹകരണവും ഇതിനുണ്ട്‌. അബ്ദുള്ള മാളിയേക്കല്‍, ഹാഷിം കടാക്കലകം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

സ്‌റ്റാ്‌ഫ്‌ നേഴ്‌സുമാരുടെ പ്രമോഷന്‍ ഉടന്‍ നടപ്പിലാക്കണമെന്ന്‌



കൊച്ചി: സ്റ്റാഫ്‌ നേഴ്‌സുമാരുടെ പ്രമോഷന്‍ ഉടന്‍ നടപ്പിലാക്കണമെന്ന്‌ കേരള ഗവണ്‍മെന്റ്‌ നേഴ്‌സസ്‌ യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍കോടതി ഉത്തരവുകള്‍ പ്രകാരം സ്റ്റാഫ്‌ നേഴ്‌സ്‌ ഗ്രേഡ്‌1 എന്ന തസ്‌തിക സംസ്ഥാനതലത്തിലാണെന്ന്‌ വ്യക്തമാണ്‌. എന്നാല്‍ നിലവിലെ സംസ്ഥാനതല സിനീയോറിറ്റി ലിസ്റ്റ്‌ അട്ടിമറിച്ച്‌ ജില്ലാ അടിസ്ഥാനത്തില്‍ പ്രമോഷന്‍ നല്‍കാനുള്ള ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം നീതിരഹിതമല്ല. ഇത്‌ പിന്‍വലിച്ചെങ്കില്‍ സര്‍ക്കാര്‍ നേഴ്‌സുമാരുടെ തുടര്‍ന്നുള്ള പ്രമോഷനുകള്‍ ഇല്ലാതാവാനും പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിയാത്തതുമായ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ കുറ്റപ്പെടുത്തി.
ജില്ലകളില്‍ പി.എസ്‌.സി ലിസ്റ്റിന്റെ കാലാവധി കഴിയാറായ സാഹചര്യമാണുള്ളത്‌. ഈ സാഹചര്യത്തില്‍ പ്രമോഷന്‍ നടക്കാതിരുന്നാല്‍ പി.എസ്‌.സി വഴി പുതിയ നിയമനം നടത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പ്രമോഷന്‍ നീതിപൂര്‍വമായി നടപ്പിലാക്കാന്‍ ആരോഗ്യസെക്രട്ടറി സാഹചര്യമൊരുക്കണം. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. യൂണിയന്‍ ജനറല്‍ സെക്രട്ടറി സന്തോഷ്‌ കെ എസ്‌, ചേച്ചമ്മ ജോസഫ്‌, ശാന്തകുമാരി, മേരിക്കുഞ്ഞ്‌ അഗസ്റ്റിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഓള്‍ കേരള പ്രൈവറ്റ്‌ കോളജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ സംസ്ഥാനസമ്മേളനം

കൊച്ചി: ഓള്‍ കേരള പ്രൈവറ്റ്‌ കോളജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ സംസ്ഥാനസമ്മേളനം 11, 12, 13 തീയതികളില്‍ ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന്‌ ഉച്ചയ്‌ക്ക്‌ 1.30ന്‌ `ജനാധിപത്യം ശക്തിപ്പെടുത്തുക- മതനിരപേക്ഷത ശക്തിപ്പെടുത്തുക' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആര്‍ആര്‍സി അനുസ്‌മരണ പ്രഭാഷണത്തിലും സെമിനാറിലും പ്രൊഫ. ഡി ഹര്‍ഗോപാല്‍ പങ്കെടുക്കും. 12ന്‌ രാവിലെ 10ന്‌ നടക്കുന്ന സമ്മേളന ഉദ്‌ഘാടനം ജെഎന്‍യുവിലെ പ്രൊഫസര്‍ ഡോ. എ കെ രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ്‌ എ ജി ഒലീന അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്നസെന്റ്‌ എം പി, വിവിധ സര്‍വ്വീസ്‌ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ 1.30ന്‌ നടക്കുന്ന സംസ്ഥാനതല യാത്രയയപ്പ്‌ സമ്മേളനവും മുന്‍കാല നേതൃസമ്മേളനവും പ്രൊഫ. എം കെ സാനു ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. സി രവീന്ദ്രനാഥ്‌ എംഎല്‍എ, പ്രൊഫ. വി എന്‍ മുരളി, പ്രൊഫ. ജോയ്‌ ജോബ്‌ കുളവേലി, ഡോ. കെ ശ്രീവത്സന്‍, പ്രൊഫ. ഡി സലിംകുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ വൈകിട്ട്‌ 5.30ന്‌ നടക്കുന്ന പൊതുസമ്മേളനം മുന്‍ എംപി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. മുന്‍ മന്ത്രി ബിനോയ്‌ വിശ്വം, എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 13ന്‌ രാവിലെ 8ന്‌ പ്രതിനിധി സമ്മേളനവും 10ന്‌ ട്രേഡ്‌ യൂണിയന്‍ സുഹൃദ്‌ സമ്മേനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. കെ എല്‍ വിവേകാനന്ദന്‍, ഡോ. കെ കൃഷ്‌ണദാസ്‌, ഡോ. സി എം ശ്രീജിത്ത്‌, പ്രൊഫ. ഡി സലിംകുമാര്‍ എന്നിവര്‍ പങ്കെടുത്തു