കൊച്ചി: ആതുരശുശ്രൂഷയ്ക്കിടയില്‍ കിട്ടിയ സമയം കൊണ്ടാണ് ജനറല്‍ ആശുപത്രിയിലെ ഹരിതം ജീവനം ക്ലബ് നൂറോളം ചട്ടികളില്‍ ചീരയുടെ ചാകര വിളയിച്ചത്. ഇന്നലെ അതിന്റെ വിളവെടുപ്പുല്‍സവത്തില്‍ ക്ലബ് അധികൃതര്‍ ചീര പാകം ചെയ്ത രോഗികള്‍ക്കു തന്നെ എത്തിക്കാനും തീരുമാനമെടുത്തതോടെ മനുഷ്യസ്‌നേഹത്തിന്റെ പുതിയൊരു ഗാഥയുടെ തുടക്കവുമായി. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുകയെന്ന സന്ദേശമുള്‍ക്കൊണ്ട് എറണാകുളം ജനറല്‍ ആശുപത്രിയിലെ ജൈവകൃഷി പദ്ധതി ഹരിതം ജീവനത്തിന്റെ വിളവെടുപ്പ് മഹോല്‍സവം ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. നൂറോളം ബാഗുകളില്‍ പച്ച, ചുവപ്പ് ചീരകളാണ് ഇന്നലെ വിളവെടുത്തത്. ഹരിതം ജീവനം ക്ലബിന്റെ കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.വി.എസ്. ഡാലിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ജുനൈദ് റഹ്മാന്‍, ഡോ.കാതറിന്‍ സുരേഷ് പീറ്റര്‍, ആര്‍.എം.ഒ. ഡോ. ഹനീഷ്, ഡോ.പി.കെ.റഫീക്, ഡോ.മുഹമ്മദ് അലി, ഡോ.മുംതാസ് ഖാലിദ് ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു. ജൈവകൃഷി വിപുലമാക്കി മുന്നോട്ടുപോകാനാണ് ഹരിതം ജീവനം ക്ലബിന്റെ പരിപാടി.