Tuesday, February 2, 2016

പുറപ്പിള്ളിക്കാവ്‌ റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ പൈലുകള്‍ സ്ഥാപിച്ചു തുടങ്ങി




കൊച്ചി: പെരിയാറിലെ ഓരുവെള്ള ഭീഷിണി തടയുക എന്ന ലക്ഷ്യത്തോടെ പുറപ്പിള്ളിക്കാവില്‍ നിലവില്‍ വരുന്ന റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ നിര്‍മ്മാണം ദ്രുത ഗതിയില്‍ പുരോഗമിക്കുന്നു. 110 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തിയായ പൈലുകള്‍ നാട്ടിക്കഴിഞ്ഞു. 
പെരിയാര്‍ നാനൂറ്‌ മീറ്ററിലധികം വീതിയില്‍ പരന്നൊഴുകുന്ന പുറപ്പിള്ളിക്കാവില്‍ നദിയില്‍ ഒരു ഭാഗം മണല്‍ ബണ്ടു കെട്ടി തിരിച്ച്‌ പുഴ വറ്റിച്ച്‌ പൈലുകള്‍ വാര്‍ക്കുകയും പുഴയുടെ ഓരങ്ങള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. കുന്നുകര ഗ്രാമ പഞ്ചായത്തിന്റെ 13 ാം വാര്‍ഡു മുതല്‍ പുറപ്പിള്ളിക്കാവു വരെ നീളുന്ന റെഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ യാഥാര്‍ത്ഥ്യമാകുമ്പോള്‍ വലിയൊരു പ്രദേശത്തിന്റെ കുടിവെള്ള പ്രശ്‌നമാണു പരിഹരിക്കപ്പെടുന്നത്‌. അതോടൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പേരെടുത്ത ചെറിയ തേക്കാനം പ്രദേശത്ത്‌ ജലസേചനത്തിനും വന്‍ സാദ്ധ്യതകളാണ്‌ തെളിയുന്നത്‌. ഇതോടെ ഓരു വെള്ളത്തിന്റെ ഭീഷണിയും അവസാനിക്കും. നൂറോളം പൈലുകളാണ്‌ സ്ഥാപിക്കുന്നത്‌. ഒരു മാസത്തോളമെടുത്താണ്‌ ബണ്ടു കെട്ടിത്തിരിച്ച സ്ഥലത്തു നിന്നും ജലം പമ്പു ചെയ്‌തു മാറ്റിയത്‌. മഴക്കാലത്തിനു മുന്‍പേ പദ്ധതി പൂര്‍ത്തീകരിക്കാനാവും വിധമാണ്‌ നിര്‍മ്മാണം പുരോഗമിക്കുന്നത്‌. പൈലുകള്‍ക്കു മുകളില്‍ സ്ഥാപിക്കാനുള്ള സ്‌പാനുകളുടെ ഒരു ബാച്ചിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു.

സ്വകാര്യബസുകളുടെ ആയുസ്‌ ഇനി അഞ്ച്‌ വര്‍ഷം

കൊച്ചി: അഞ്ച്‌ വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസുകള്‍ക്ക്‌ പുതുതായി പെര്‍മിറ്റ്‌ നല്‍കുന്നത്‌ നിര്‍ത്തലാക്കാന്‍ ആര്‍.ടി.ഒ തീരുമാനം. പൊതുജന സുരക്ഷയും അന്തരീക്ഷ മലിനീകരണവും പൊതുഗതാഗത കാര്യക്ഷമതയും കണക്കിലെടുത്താണ്‌ നടപടി. വര്‍ധിച്ച്‌ വരുന്ന റോഡപകടങ്ങളില്‍ വാഹനങ്ങളുടെ കാലപ്പഴക്കം പ്രധാനകാരണമായി കണ്ടെത്തിയിട്ടുണ്ട്‌.
അനധികൃത പെര്‍മിറ്റ്‌ കച്ചവടം തടയുന്നതിനായി പുതുതായി പെര്‍മിറ്റ്‌ നല്‍കുന്ന ബസുകളുടെ കൈമാറ്റം രണ്ട്‌ വര്‍ഷത്തേക്ക്‌ മരവിപ്പിക്കുന്നതായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ അറിയിച്ചു. 

സംസ്‌കൃത സര്‍വ്വകലാശാലയ്‌ക്ക്‌ നേട്ടം

മത്സരത്തില്‍ നേട്ടങ്ങള്‍ കൊയ്‌ത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ടീം


സംസ്‌കൃത പ്രതിഭ മത്സരത്തില്‍ സംസ്‌കൃത സര്‍വ്വകലാശാലയ്‌ക്ക്‌ നേട്ടംകാലടി: തിരുപ്പതിയില്‍ നടന്ന അഖില ഭാരതീയ സംസ്‌കൃത വിദ്യാര്‍ത്ഥി പ്രതിഭ മത്സരത്തില്‍ 
കാലടി സംസ്‌കൃത സര്‍വ്വകലാശാലയ്‌ക്ക്‌ നേട്ടം. സംസ്‌കൃത നാടകത്തില്‍ ഒന്നാം സ്ഥാനവും, 

ഏകപാത്ര അഭിനയത്തില്‍ രണ്ടാം സ്ഥാനവും സംസ്‌കൃത സര്‍വ്വകലാശാല കരസ്ഥമാക്കി. തിരുപ്പതി രാഷ്‌ട്രീയ സംസ്‌കൃത പ്രതിഷ്‌ഠാനില്‍ ജനുവരി 28 മുതല്‍ 31 വരെയാണ്‌ അഖില ഭാരതീയ സംസ്‌കൃത വിദ്യാര്‍ത്ഥി പ്രതിഭ മത്സരങ്ങള്‍ അരങ്ങേറിയത്‌. സംസ്‌കൃത സര്‍വ്വകലാശാല അവതരിപ്പിച്ച ആശ്‌ചര്യചൂഢാമണി എന്ന നാടകമാണ്‌ സംസ്‌കൃത നാടകവിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്‌. വിദ്യാര്‍ത്ഥികളായ ഗലില്‍ ടി, ലിബിന്‍ കെ.കെ, പാര്‍വതി കെ.ബി, മഞ്‌ജിമ രാജു എം, റോസ്‌ മേരി ജോസഫ്‌, അക്ഷയ്‌ ബിജു, മഹേഷ്‌ കുമാര്‍, ജയചിത്ര പി, രാജേഷ്‌ കെ, വിഷ്‌ണു ജി.ബി, ഗോപകുമാര്‍ പി.ജി. തുടങ്ങിയവര്‍ ആശ്‌ചര്യചൂഢാമണിയിലൂടെ അരങ്ങിലെത്തി. ഏകപാത്ര അഭിനയത്തില്‍ സെക്കന്‍ഡ്‌ സെമസ്റ്റര്‍ സംസ്‌കൃത സാഹിത്യം എംഎ വിദ്യാര്‍ത്ഥി ഗലില്‍ ടി ആണ്‌ രണ്ടാം സ്ഥാനം നേടിയത്‌. പതിനാല്‌ വിദ്യാര്‍ത്ഥികളാണ്‌ കാലടി സംസ്‌കൃത സര്‍വ്വകലാശാലയ്‌ക്കുവേണ്ടി വിവിധയിനങ്ങളില്‍ മാറ്റുരച്ചത്‌. ഹിന്ദി വിഭാഗം അധ്യാപകനായ ഡോ. പി.എച്ച്‌. ഇബ്രാഹിംകുട്ടിയായിരുന്നു കള്‍ച്ചറല്‍ കോഡിനേറ്റര്‍.

.