Thursday, March 10, 2016

മണിയുടെ ഓര്‍മകളുമായി ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്‍



കൊച്ചി: നാടന്‍ പാട്ടുകളുടെ ശീലുകള്‍ ജനകീയമാക്കിയ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ അയവിറക്കിയാണ ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്റെ 110-ാമത്‌ സംഗീത സാന്ത്വന പരിപാടി അരങ്ങേറിയത്‌. പ്രശസ്‌ത ഗായകരായ ശ്യാം പ്രസാദ്‌, പ്രവീണ എന്നിവരാണ്‌ പരിപാടി അവതരിപ്പിച്ചത്‌. കൊച്ചി ബിനാലെ ഫൗണേ്‌ടഷന്‍, ലേക്‌ഷോര്‍ ആശുപത്രി, മെഹബൂബ്‌ മെമ്മോറിയല്‍ ഓര്‍ക്കസ്‌ട്ര എന്നിവ സംയുക്തമായാണ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്‍ പരിപാടി സംഘടിപ്പിക്കുന്നത്‌.
സിനിമയില്‍ അഭിനയത്തിനും പാട്ടിനും ഒരു പോലെ പ്രാധാന്യം നല്‍കിയ കലാഭവന്‍ മണിയുടെ രണ്‌ട്‌ പാട്ടുകളാണ്‌ അവര്‍ അവതരിപ്പിച്ചത്‌. അദ്ദേഹത്തിന്റെ ഏറെ പ്രശസ്‌തമായ ഉമ്പായിക്കൊച്ചാണ്‌ടി എന്ന നാടന്‍ പാട്ട്‌ കേള്‍വിക്കാര്‍ നൊമ്പരത്തോടെയാണ്‌ ഏറ്റുവാങ്ങിയത്‌. 2008ല്‍ പുറത്തിറങ്ങിയ കബഡി കബഡി എന്ന ചിത്രത്തിലെ മിന്നാമിനുങ്ങേ എന്ന പാട്ടും ഗായകര്‍ പാടി.
നാടന്‍ പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന്‌ ശ്യാം പ്രസാദ്‌ പറഞ്ഞു. സ്റ്റേജ്‌ പരിപാടികളില്‍ അദ്ദേഹം പകര്‍ന്ന്‌ നല്‍കിയിരുന്ന ഊര്‍ജം വളരെ വലുതായിരുന്നു. പലപ്പോഴും മാതൃകയാക്കിയതും അദ്ദേഹത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിയുടെ ഗാനങ്ങള്‍ക്ക്‌ പുറമെ തമിഴ്‌, ഹിന്ദി ഗാനങ്ങളും ഗായകര്‍ ആലപിച്ചു. ഇളയനിലാ പൊഴികിറതെ, അമ്മായെന്‍ എന്‍ട്രഴിക്കാത എന്നീ ഗാനങ്ങള്‍ ശ്യാം ആലപിച്ചപ്പോള്‍, ഹിന്ദി, മലയാളം ഗാനങ്ങളാണ്‌ പ്രവീണ പാടിയത്‌.
ആജാരെ പര്‍ദേശി, സുറുമൈഅഖിയോംമെ, തേനും വയമ്പും എന്നീ ഗാനങ്ങള്‍ പ്രവീണ ആലപിച്ചു. മൈ ബിഗ്‌ ഫാദര്‍, മാഡ്‌ ഡാഡ്‌, ടീന്‍സ്‌ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുള്ള ശ്യാം പ്രസാദ്‌ സ്റ്റീഫന്‍ ദേവസിയുടെ സോളിഡ്‌ എന്ന ബാന്‍ഡിലെ അംഗമാണ്‌. കര്‍ണാടക സംഗീതജ്ഞയായ പ്രവീണ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നുണ്‌ട്‌. ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്റെ അടുത്ത ലക്കം കലാഭവന്‍ മണിയുടെ സ്‌മരണാര്‍ഥം അദ്ദേഹത്തിന്റെ പാട്ടുകള്‍ മാത്രമായിരിക്കും അവതരിപ്പിക്കപ്പെടുകയെന്നും സംഘാടകര്‍ അറിയിച്ചു. 


യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത്‌ മുന്നണിയുമായും സഹകരിക്കും



കൊച്ചി
യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടുമെന്ന്‌ ജെഎസ്‌എസ്‌ നേതാവ്‌ രാജന്‍ബാബു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ. ആന്റണിയും പിന്തുണച്ചിട്ടും കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ തങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. യുഡിഎഫിന്റെ ഈ നയം ഗൗരിയമ്മ നേരത്തെ തന്നെ മനസിലാക്കി എന്നു വേണം കരുതാനെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20 വര്‍ഷമായി യുഡിഎഫില്‍ ഘടകകക്ഷിയായും സഖ്യകക്ഷിയായും ഉറച്ചു നിന്ന തങ്ങളോട്‌ കടുത്ത നീതികേടാണ്‌ നേതൃത്വം കാട്ടിയതത്‌. ചില വ്യക്തികള്‍ക്ക്‌ ചിലരോടുള്ള വ്യക്തിവൈരാഗ്യവും വിരോധവുമാണ്‌ ഇതിലേക്ക്‌ എത്തിച്ചത്‌. ജെസ്‌എസ്‌സിലെ പിളര്‍പ്പ്‌ തന്നെ യുഡിഎഫിന്റെ പേരിലാണ്‌. യുഡിഎഫ്‌ അനുകൂലവും പ്രതികൂലവുമായ നിലപാടുകളെ തുടര്‍ന്നാണ്‌ ജെഎസ്‌എസ്‌എസ്‌സില്‍ രാജന്‍ബാബുവെന്നും ഗൗരിയമ്മയെന്നും രണ്ടു വിഭാഗം ഉണ്ടായത്‌.
ബിഡിജെസ്‌ ഉടലെടുത്തതുമുതല്‍ ജെഎസ്‌എസ്‌സിനെ ഒറ്റപെടുത്തുന്നതിനും പൊതു സമൂഹത്തില്‍ അവഹേളിക്കുന്നതിനും ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിക്കുകയാണ്‌. എസ്‌എന്‍ഡിപി യോഗത്തിന്റെയും എസ്‌എന്‍ ട്രസ്റ്റിന്റെയും ലീഗല്‍ അഡൈ്വസര്‍ സ്ഥാനം ഉപേക്ഷിക്കണം എന്നുള്ള കോണ്‍ഗ്രസിലെ ചിലരുടെ വിക്തിപരമായ ആവശ്യം നിഷേധിക്കേണ്ടിവന്നു. ഈ അവസരം മുതലെടുത്ത്‌ ജെഎസ്‌എസിനുള്ള സീറ്റുകള്‍ കൈയടക്കാന്‍ ആഗ്രഹിച്ചവര്‍ രാഷ്ട്രീയ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുകയായിരുന്നു.


കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷണം



കൊച്ചി: കലാഭവന്‍മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന്‌ ജനകീയ നീതി വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ മണി സ്‌മൃതി യാത്ര സംഘടിപ്പിക്കാനും നാടന്‍ കലാപഠനകേന്ദ്രം തുടങ്ങാനും വര്‍ഷം തോറും മണി ചലച്ചിത്രമേള നടത്താനും തീരുമാനമായതായും അവര്‍. ജനകീയ നീതിവേദി 12ന്‌ വൈകിട്ട്‌ മൂന്നിന്‌ അച്യുതമേനോന്‍ ഹാളില്‍ സ്‌മൃതി അനുസ്‌മരണ യോഗം സംഘടിപ്പിക്കും. ഒഎന്‍വി കുറുപ്പ്‌, ടി.എന്‍. ഗോപകുമാര്‍, ജസ്റ്റിസ്‌ പരിപൂര്‍ണന്‍, കല്‍പന, കലാഭവന്‍ മണി, ഷോണ്‍ ജോണ്‍സണ്‍, രാജേഷ്‌ പിള്ള, സജി പറവൂര്‍, രാജാമണി എന്നിവരുടെ സ്‌മരണാര്‍ഥമാണ്‌ പരിപാടി. അഡ്വ. സുനില്‍ എം. കാരാണി, ഓര്‍ഗനൈസിങ്‌ സെക്രട്ടറി രവീന്ദ്രന്‍, പത്മിനി, റഷീദ്‌ ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ്‌ അന്വേഷണം വേണം


കൊച്ചി
ഇടുക്കി ജില്ലയിലെ പീരുമേട്‌ താലൂക്കില്‍ സ്വകാര്യ തോട്ടം ഉടമയ്‌ക്ക്‌ 750 ഏക്കറോളം മിച്ചഭൂമി വിട്ടു നല്‍കിയതിനു പിന്നില്‍ അഴിമതി ഉണ്ടെന്ന്‌ ഹൈറേഞ്ച്‌ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ പ്രസിഡന്റ്‌ എം.എ. റഷീദ്‌ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു്ര.
റവന്യു മന്ത്രി അടൂര്‍ പ്രകാശിനു ഇതില്‍ പങ്ക്‌ ഉണ്ടെന്നും സംശയിക്കുന്തായും ഇതേക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും ഹൈറേഞ്ച്‌ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ ആവശ്യപ്പെട്ടു
ഭൂമി കൈമാറ്റത്തിനെതിരെ ഹൈക്കോടതി സ്‌റ്റേ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. 560 കോടി രൂപ വിലവരുന്ന ഭൂമിയും 250 കോടി രൂപയുടെ തടിയുമാണ്‌ റവന്യൂ വകുപ്പ്‌ തോട്ടം ഉടമയ്‌ക്ക്‌ വിട്ടു നല്‍കിയത്‌. റവന്യൂ വകുപ്പ്‌ നേരിട്ട്‌ നടത്തിയ ഇടപാടുകളെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ്‌ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ലവ്‌ ഡെയില്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം കേരളത്തിലേക്ക്‌ വ്യാപിപ്പിക്കുന്നു



കൊച്ചി: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ്‌ ഡെയില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കേരളത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതായി
എക്‌സിക്ക്യൂട്ടീവ്‌ ഡയറക്‌റ്റര്‍ ജെനി വര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരദേശ മേഖലകളിലെ കുട്ടികളെ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. അവര്‍ക്ക്‌ ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും നല്‍കി ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും അഭയം നല്‍കാനും ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ പറഞ്ഞു

അസ്ഥികളേയും പേശികളെയും ബാധിക്കുന്ന ക്യാന്‍സറിനെക്കുറിച്ച്‌ ദേശീയ സെമിനാര്‍


കൊച്ചി: അസ്ഥികളേയും പേശികളേയും ബാധിക്കുന്ന ക്യാന്‍സറുകളെ നേരിടുന്ന വൈദ്യശാസ്‌ത്രശാഖയുടെ രണ്ടാമത്‌ ദേശീയ സമ്മേളനം 11 മുതല്‍ 13 വരെ കൊച്ചി ക്രൗണ്‍പ്ലാസയില്‍ നടക്കും. ഇന്ത്യന്‍ മസ്‌കുലോ സ്‌കെലിറ്റല്‍ ഓണ്‍കോളജി സൊസൈറ്റിയുടെ നേതൃത്വത്തിലാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ 5.30ന്‌ ഇന്റര്‍നാഷണല്‍ ലിംപ്‌ സാല്‍വേജ്‌ സൊസൈറ്റി പ്രസിഡന്റ്‌ പ്രൊഫ. റീന്‍ഹാര്‍ഡ്‌ വിന്‍ഡ്‌ഹേഗര്‍ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള ഓര്‍ത്തോപീഡിക്‌ ഓണ്‍കോ സര്‍ജറി വിദഗ്‌ധരും പ്രൊഫസര്‍മാരും സമ്മേളനത്തിന്റെ ഭാഗമാകും. തുടര്‍വൈദ്യശാസ്‌ത്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്‌ത്ര സെഷനുകളും വര്‍ക്ക്‌ഷോപ്പുകളും ഉണ്ടായിരിക്കും. പുതിയ മരുന്നുകള്‍, തന്മാത്രകള്‍, വ്യത്യസ്‌ത ഇംപ്ലാന്റുകള്‍, ചികിത്സാചെലവ്‌ കുറയ്‌ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. രണ്ട്‌ ദിവസം ഓണ്‍കോളജി നേഴ്‌സിങ്‌ ട്രെയിനിങ്‌ പരിപാടിയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഡോ. സുബിന്‍ സുഗത്‌, ഡോ. അരുണ്‍ലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലാറ്റിന്‍ കാത്തലിക്‌ വിമാന്‍സ്‌ അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ എറണാകുളത്ത്‌



കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്‌ വിമന്‍സ്‌ അസോസിയേഷന്റെ ആറാമത്‌ ജനറല്‍ കൗണ്‍സില്‍ 12,13 തീയതികളില്‍ എറണാകുളം ആശീര്‍ഭവനില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന്‌ രാവിലെ 11ന്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ്‌ ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌ അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിബിസി ലെയ്‌റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അലക്‌സ്‌ വടക്കുംതല പ്രഭാഷണം നടത്തും.
ഇതിന്‌ മുന്നോടിയായി രാവിലെ 10.30ന്‌ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍ മാത്യു ഇലഞ്ഞിമറ്റം പതാക ഉയര്‍ത്തും. ഒരുമ പെരുമ' ജ്വാല തെളിയിക്കല്‍ ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌ നിര്‍വഹിക്കും. ഉദ്‌ഘാടനസമ്മേളനത്തെ തുടര്‍ന്ന്‌ സ്‌ത്രീ ഒരുമ കുടുംബപെരുമയ്‌ക്ക്‌, സ്‌ത്രീഒരുമ രാഷ്ട്രീയ പെരുമയ്‌ക്ക്‌ എന്ന വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
ഞായറാഴ്‌ച സ്‌ത്രീ ഒരുമ സാമൂഹ്യ പെരുമയ്‌ക്ക്‌, സ്‌ത്രീ ഒരുമ വിമന്‍സ്‌ കമ്മീഷണിലൂടെ, സ്‌ത്രീ പെരുമ സമുദായ പെരുമയ്‌ക്ക്‌, സ്‌ത്രീ ഒരുമ സംഘടന പെരുമയ്‌ക്ക്‌ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വൈകിട്ട്‌ 3ന്‌ എറണാകുളം ഹൈക്കോര്‍ട്ടിന്‌ സമീപമുള്ള മദര്‍തെരേസാ സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന റാലി അഡ്വ. അഞ്‌ജലി സൈറസ്‌ ഫല്‍ഗ്‌ ഓഫ്‌ ചെയ്യും. ഗാന്ധി സ്‌ക്വയറില്‍ റാലി സമാപിക്കും.
വൈകിട്ട്‌ 4ന്‌ നടക്കുന്ന സമാപന സമ്മേളനം മേയര്‍ സൗമിനി ജെയിന്‍ ഉദ്‌ഘാടനം ചെയ്യും. ബിഷപ്പ്‌ ഡോ. ജോസഫ്‌ കാരിക്കശ്ശേരി അധ്യക്ഷത വഹിക്കും. ഫാ. മാര്‍ട്ടിന്‍തൈപ്പറമ്പില്‍, സംസഥാന ജനറല്‍ സെക്രട്ടറി അല്‍ഫോന്‍സ, പ്രസിഡന്റ്‌ ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, വരാപ്പുഴ അതിരൂപതാ പ്രസിഡന്റ്‌ ഷീല ജേക്കബ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെമ്പിളൈ ഒരുമൈ ദേവികുളത്തും പീരുമേടും മേത്സരിക്കും:



* നയപ്രഖ്യാപന സമ്മേളനവും നന്ദിസംഗമവും 13നു മൂന്നാറില്‍


കൊച്ചി: തോട്ടം മേഖലയിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊഴിലാളി പ്രതിനിധിയെ മത്സരിപ്പിക്കുമെന്നു പെമ്പിളൈ ഒരുമൈ. ദേവികുളം മണ്ഡലത്തിലാണു പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്‌. പീരുമേടിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ചു ആലോചനനടന്നുവരുന്നു.. ഇരു നിയമസഭ സീറ്റുകളിലും പെമ്പിളൈ ഒരുമയുടെ വനിതാ സ്ഥാനാര്‍ത്ഥികളായിരിക്കും മത്സരിക്കുക.
ഇരുമണ്ഡലങ്ങളിലും പെമ്പിളൈ ഒരുമൈയുടെ രാഷ്ട്രീയനിലപാട്‌ നിര്‍ണായകമാണ്‌. ട്രേഡ്‌ യൂണിയന്‍ ആക്‌ട്‌ പ്രകാരമുള്ള രജിസ്‌ട്രേഷന്‍ (നമ്പര്‍: 6/2) ലഭിച്ച പെമ്പിളൈ ഒരുമൈയുടെ നയപ്രഖ്യാപന സമ്മേളനവും നന്ദി സംഗമവും 13നു രാവിലെ പതിനൊന്നിന്‌ മൂന്നാര്‍ ടൗണില്‍ നടക്കുമെന്നു പ്രസിഡന്റ്‌ ലിസി സണ്ണി, സെക്രട്ടറി രജേശ്വരി, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ബിജു പറയന്നിലം എന്നിവര്‍ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തോട്ടം തൊഴിലാളികള്‍ക്കായുള്ള പെമ്പിളൈ ഒരുമൈയുടെ ഐതിഹാസിക സമരം വിജയം കണ്ട സാഹചര്യത്തില്‍ സംഘടനയെ തകര്‍ക്കാന്‍ മറ്റു ട്രേഡ്‌ യൂണിയനുകള്‍ കുത്സിത നീക്കം നടത്തുകയാണ്‌. ഇതിനു കമ്പനി ഒത്താശ ചെയ്യുന്ന നിലപാടു വിരോധാഭാസമാണ്‌. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുള്‍പ്പടെ ശക്തമായ നിലപാടുകളുമായി പെമ്പിളൈ ഒരുമൈ മുന്നോട്ടുപോകുന്നത്‌. സ്ഥാനാര്‍ഥി, തുടര്‍ന്നുള്ള രാഷ്ട്രിയനിലപാടുകള്‍ എന്നിവ തീരുമാനിക്കുന്നതിനു ഉപസമിതിയെ നിയമിച്ചിട്ടുണ്ട്‌.
ഗ്രാമങ്ങളുടെ വികസനത്തിനോടും, തൊഴിലാലികളുടെ അഭിവൃദ്ധിയോടും താല്‌പര്യമുള്ളവര്‍ നിയമസഭയിലുണ്ടാകുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പെമ്പിളൈ ഒരുമൈ നേതൃത്വം നല്‍കും. കക്ഷി രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ മറ്റു യൂണിയനുകളോടു മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൊഴിലാളികളോടു വിശ്വസ്‌തത പുലര്‍ത്തുന്ന നിലപാടായിരിക്കും യൂണിയന്‍ സ്വീകരിക്കുക. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും, സൗമ്യമായ പെരുമാറ്റവും യൂണിയന്റെ മുഖമുദ്രയായിരിക്കും. തൊഴിലാളികള്‍ക്കു സ്വന്തമായ വീടും, സ്ഥലവും നല്‍കുക, ബിപിഎല്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുക, മൂന്നാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുക, മൂന്നാറിലെ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നവീകരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്‌ട്രീയകക്ഷികളിലും സര്‍ക്കാരിലും സമ്മര്‍ദം ശക്തമാക്കും. ദിവസക്കൂലി 500 രൂപയാക്കുക, ലയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, രോഗികള്‍ക്ക്‌ ലൈറ്റ്‌ വര്‍ക്ക്‌ നല്‍കുക, ലയങ്ങളിലേയ്‌ക്കുള്ള കമ്പനിവക റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, ബോണസും ആനുകൂല്യങ്ങളും കാലോചിതമായി വര്‍ധിപ്പിക്കുക, വൃദ്ധരായ മുന്‍കാല തൊഴിലാളികള്‍ക്കു വേണ്ടിയും തൊഴിലിനിടെ അപകടത്തില്‍പെട്ടു ശാരീരിക വൈകല്യമുണ്ടായവര്‍ക്കു ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കമ്പനിയില്‍ നിന്നും നേടിയെടുക്കുന്നതില്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമാണ്‌.
തോട്ടം തൊഴിലാളികള്‍ പതിറ്റാണ്ടുകളായി യൂണിയനുകളാല്‍ വഞ്ചിക്കപ്പെടുന്നു എന്ന തിരിച്ചറിവില്‍ സ്‌ത്രീ തൊഴിലാളികള്‍ സ്വയം സംഘടിച്ച്‌ മൂന്നാറില്‍ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തിന്റെ ഫലമായി ദിവസക്കൂലി 69 രൂപയും, ബോണസ്‌ 20 ശതമാനവുമാക്കി വര്‍ധിപ്പിച്ചിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ യൂണിയനുകളുടെയോ പിന്തുണയില്ലാതെ നടത്തിയ ഈ സമരത്തിനു കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും ലഭിച്ച സഹായത്തിനു നന്ദി അറിയിക്കുകയെന്നതും 13ലെ സമ്മേളനത്തിന്റെ ലക്ഷ്യമാണ്‌. മാധ്യമങ്ങള്‍, പോലീസ്‌ ഉദ്യോഗസ്ഥര്‍, വ്യാപാരി സുഹൃത്തുക്കള്‍, ടാക്‌സി, ചുമട്ട്‌ തൊഴിലാളികള്‍, എന്നിവര്‍ക്കൊപ്പം നല്ലവരായ കേരളത്തിലെ ജനങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും നന്ദി പറയുവാന്‍ പെമ്പിളൈ ഒരുമൈ കടപ്പെട്ടിരിക്കുന്നു. പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ്‌ സമരത്തിനെത്തിയത്‌. എല്ലാ പാര്‍ട്ടിക്കാരും സമരസ്ഥലത്തെത്തിയിരുന്നു. പലരും വന്നുപോയെങ്കിലും സമരം തുടങ്ങിയതും വിജയത്തിലെത്തിച്ചതും പെമ്പിളൈ ഒരുമയാണ്‌.
സാമൂഹ്യപ്രവര്‍ത്തകരായ സാറാ ജോസഫ്‌, സി.കെ ജാനു, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ്‌ തുടങ്ങിയവര്‍ നന്ദി സമ്മേളനത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ ആരെയും ക്ഷണിക്കുന്നില്ലെന്നു പെമ്പിളൈ ഒരുമൈ നേതാക്കള്‍ എടുത്തു പറഞ്ഞു. വി.എസ്‌ അച്യുതാനന്ദന്‍ സമരത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയത്‌ സിപിഎമ്മിന്‌ അകത്തുള്ള തന്റെ ശക്തി തെളിയിക്കുന്നതിനു മാത്രമായിരുന്നുവെന്നും പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു.
വാര്‍ധക്യത്തില്‍ കഴിയുന്ന മുന്‍കാല തൊഴിലാളികളെ സമ്മേളനത്തില്‍ ആദരിക്കും. ലോക വനിതാ ദിനാചരണവും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
പത്രസമ്മേളനത്തില്‍ പെമ്പിളൈ ഒരുമൈ വൈസ്‌ പ്രസിഡന്റ്‌ കൗസല്യ, ട്രഷറര്‍ സ്റ്റെല്ല മേരി, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ബാസ്റ്റിന്‍, ഈശ്വരമൂര്‍ത്തി, ശ്രീലത എന്നിവരും പങ്കെടുത്തു.




ചിത്രവിവരണം--
പെമ്പീളൈ ഓരുമൈ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍. പെമ്പിളൈ ഒരുമൈ വൈസ്‌ പ്രസിഡന്റ്‌ എക്‌സിക്യുട്ടീവ്‌ അംഗം കൗസല്യ തങ്കമണി, ശ്രീലത ചന്ദ്രന്‍, പ്രസിഡന്റ്‌ ലിസി സണ്ണി, സെക്രട്ടറി രാജേശ്വരി ജോളി എന്നിവര്‌ ്