Thursday, June 22, 2017

ഓണത്തിന്‌ ഒരു മുറം പച്ചക്കറി മികച്ച കുടുംബകൃഷിക്ക്‌ 1 ലക്ഷം രൂപ




കൊച്ചി:
ഈ വരുന്ന ഓണത്തിന്‌ സ്വന്തമായി കൃഷി ചെയ്‌ത പച്ചക്കറികള്‍ ഉപയോഗിച്ച്‌ ഓണസദ്യ ഒരുക്കാന്‍ കേരളത്തിലെ 63 ലക്ഷം കുടുബങ്ങള്‍ തയ്യാറെടുപ്പ്‌ തുടങ്ങിക്കഴിഞ്ഞു. കൃഷി വകുപ്പിന്റെ ഓണത്തിന്‌ ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി എല്ലാവീട്ടിലും കുറഞ്ഞത്‌ 5 ഇനം പച്ചക്കറിയെങ്കിലും ഓണത്തിനായി സ്വന്തമായി കൃഷിചെയ്‌ത്‌ ഉത്‌പാദിപ്പിക്കുക എന്നതാണ്‌ ഉദ്ദേശലക്ഷ്യം. പുറമേനിന്നും വരുന്ന വിഷമയമായ പച്ചക്കറികള്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട്‌ ഓണസദ്യ ഉണ്ണുവാനുളള തയ്യാറെടുപ്പിലാണ്‌ കൃഷിവകുപ്പും ജനങ്ങളും. ഏറ്റവും നന്നായി പദ്ധതി നടപ്പിലാക്കുന്ന കുടുംബത്തിന്‌ അല്ലെങ്കില്‍ ഗ്രൂപ്പിന്‌ ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന്‌ കൃഷിമന്ത്രി പ്രസ്‌താവിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഉന്നത ഉദ്ദോഗസ്ഥരുമായി നടന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക്‌ യഥാക്രമം 50000, 25000 രൂപ വീതം നല്‍കും. ജില്ലാതലത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍ക്ക്‌ 15000, 7500, 5000 രൂപ നിരക്കിലാണ്‌ സമ്മാനം.
കഴിഞ്ഞ വര്‍ഷം ഓണസമൃദ്ധി എന്ന പേരില്‍ കൃഷിവകുപ്പ്‌ വിപണി ഇടപെടല്‍ നടത്തിക്കൊണ്ട നടപ്പിലാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ വിപണി ഇടപെടലിനോടൊപ്പം സ്വന്തമായുളള ഉത്‌പാദനത്തിനുകൂടി പ്രധാന്യം നല്‍കികൊണ്ടുളള പദ്ധതിയാണ്‌ ഇത്തവണ കൃഷിവകുപ്പ്‌ ഉദ്ദേശിക്കുന്നത്‌. പദ്ധതി നടത്തിപ്പിനുവേണ്ട പ്രരംഭ പ്രവര്‍ത്തനങ്ങള്‍ വകുപ്പ്‌ തുടങ്ങിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ഇതിനായി 57 ലക്ഷം വിത്തുപായ്‌ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഗ്രോബാഗ്‌ യൂണിറ്റുകള്‍ എന്നിവ തയ്യാറായിട്ടുണ്ട്‌. ജൂലൈ ആദ്യവാരത്തോടെ എല്ലാം തന്നെ ജനങ്ങള്‍ക്ക്‌ ലഭ്യമാകും. വി.എഫ്‌.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്‌, കൃഷിവകുപ്പ്‌ എന്നിവ സംയുക്തമായാണ ്‌പദ്ധതി നടപ്പിലാക്കുന്നത്‌. തദ്ദേശ സ്വയം ഭരണ സഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരുടെയും സംയോജിത പ്രവര്‍ത്തനമായിരിക്കും ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷകമെന്ന്‌ മന്ത്രി അറിയിച്ചു. എല്ലാ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനുകളിലും കൃഷിക്ക്‌ ആവശ്യമായ വിത്ത്‌പായ്‌ക്കറ്റുകള്‍ ലഭ്യമായിരിക്കും. ഇതു
കൂടാതെ മാധ്യമങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്‌കൂളുകള്‍ മുഖാന്തിരവും വിത്തുപായ്‌ക്കറ്റുകള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതാണ്‌. 

കഴിഞ്ഞ ഓണത്തിനെന്നപേലെ ഇത്തവണയും പഞ്ചായത്ത്‌ തലത്തില്‍ ഓണചന്തകള്‍ നടത്തുന്നതായിരിക്കും. കര്‍ഷകരില്‍ നിന്നും പ്രീമിയം തുക നല്‍കി വാങ്ങുന്ന ഉത്‌പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നതാണ്‌. വട്ടവട - കാന്തല്ലൂര്‍ ഭാഗങ്ങളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ശീതകാല പച്ചക്കറികള്‍ സംഭരിച്ച്‌ മറ്റു ജില്ലകളിലേക്ക്‌ വിപണനം നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. വിപണനം, സ്വന്തമായുളള ഉത്‌പാദനം എന്നീ രണ്ടു മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ നടപ്പിലാക്കുന്ന ഈ പദ്ധതി ഓണത്തിനുമാത്രമല്ല തുടര്‍ന്നും ഒരു സ്ഥിരസംവിധാനമാക്കുവാനാണ്‌ വകുപ്പ്‌ ഉദ്ദേശിക്കുന്നതെന്നും അതുവഴി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശ്യം നടപ്പിലാക്കാന്‍ കഴിയുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി. 

































































ബോട്ട്‌ജെട്ടിയില്‍ ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം



കൊച്ചി: എറണാകുളം ബോട്ട് ജെട്ടിയില്‍ ടൂറിസം വകുപ്പും വിനോദ സഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ജില്ലാ ടൂറിസം കൗണ്‍സില്‍ പൂര്‍ത്തീകരിച്ച കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് നവീകരണപദ്ധതിയും ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രവും ഇന്ന് രാവിലെ ഒമ്പതിന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ സൗമിനി ജയിന്‍, പ്രൊഫ. കെ.വി. തോമസ് എം.പി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
ബസ് സ്റ്റാന്റ് നവീകരണ പദ്ധതിക്ക് 1.25 കോടി രൂപയും ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തിനായി 46 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. ലഘുഭക്ഷണശാല, ടോയ്‌ലറ്റ്, എ.ടി.എം കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വഴിയോര വിശ്രമകേന്ദ്രം.

ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവ്



ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സമ്പൂര്‍ണ
ഓണ്‍ലൈന്‍ പോക്കുവരവ്
കൊച്ചി: ജില്ലയില്‍ ഭൂമി വിനിമയത്തിന്റെ പോക്കുവരവ് ഓഗസ്റ്റ് ഒന്നു മുതല്‍ സമ്പൂര്‍ണമായും ഓണ്‍ലൈനിലാകുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. റീസര്‍വെ പൂര്‍ത്തിയാകാത്തെ 54 വില്ലേജ് ഓഫീസുകളിലെ ഭൂമി സംബന്ധമായ രേഖകളുടെ ഡിജിറ്റൈസേഷന്‍ കൂടി സാധ്യമാകുന്നതോടെയാണ് ജില്ല ഈ നേട്ടം കൈവരിക്കുന്നത്. ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരിച്ച 73 വില്ലേജ് ഓഫീസുകളില്‍ ഇതിനകം ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കിക്കഴിഞ്ഞു. 22 ലക്ഷത്തോളം രേഖകളുടെ ഡിജിറ്റൈസേഷനാണ് ഈ വില്ലേജ് ഓഫീസുകളില്‍ പൂര്‍ത്തിയാക്കിയത്.
വില്‍ക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് അക്കൗണ്ട് ലഭ്യമാക്കി അതിന്റെ അടിസ്ഥാനത്തിലാണ് ആധാരം തയാറാക്കി രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാരങ്ങളില്‍ കൃത്യത ഉറപ്പാക്കുന്നതിനും ഭൂമി വാങ്ങുന്നയാള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായകമാകും. ആധാരത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ഇവ സ്‌കാന്‍ ചെയ്ത് വില്ലേജ് ഓഫീസര്‍ക്ക് ലഭ്യമാക്കും. ഇതോടെ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാതെ തന്നെ പോക്കുവരവ് സാധ്യമാകുകയും വിവരം എസ്.എം.എസ് മുഖേന ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും. 
ഭൂമി പോക്കുവരവിനുള്ള സമയപരിധി ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും ഈ സംവിധാനം വഴിയൊരുക്കും. ഇതിനകം പോക്കുവരവ് ചെയ്യാത്ത പഴയ ആധാരങ്ങള്‍ക്കായി പ്രത്യേക സംവിധാനവും സോഫ്റ്റ് വെയറിലുണ്ട്. റവന്യൂ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ (revenue.kerala.gov.in) ഓണ്‍ലൈന്‍ പോക്കുവരവിന്റെ തല്‍സ്ഥിതി അറിയാനും അപേക്ഷകര്‍ക്ക് കഴിയും.
ഭൂമിയുടെ കരം അടക്കമുള്ള നികുതികള്‍ ഇ പേയ്‌മെന്റായി സ്വീകരിക്കുന്നതിന് മുന്നോടിയായി ഇ ട്രഷറി സംവിധാനവും വില്ലേജുകളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
Attachments area

ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ കൊച്ചിയില്‍ യോഗാദിനം ആചരിച്ചു

ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ കൊച്ചിയില്‍ യോഗാദിനം ആചരിച്ചപ്പോള്‍ 





സംസ്ഥാന യുവജന കമ്മീഷന്‍ സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു.


കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജുകളിലും, കോളനികളും മദ്യം, മയക്കുമരുന്ന് ദുരുപയോഗം, റാഗിംഗ്, സൈബര്‍ കുറ്റകൃതൃങ്ങള്‍, തീവ്രവാദം എന്നിവയ്‌ക്കെതിരെയും റോഡുസുരക്ഷ, മാനസികാരോഗ്യം എന്നിവ സംബന്ധിച്ചും ബോധവത്്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അപേക്ഷകര്‍ക്കായി ജൂണ്‍ 22 -ന് കമ്മീഷന്‍ ആസ്ഥാനത്ത് വച്ചും, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കായി ജൂണ്‍ 23 നും പത്തനംതിട്ട ഗവ: ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചും, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവര്‍ക്കായി 24 നും ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി 27 നും തൃശ്ശൂര്‍ കളക്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുള്ളവര്‍ക്കായി 29നും കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കായി 30 നും കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 
സന്നദ്ധ പ്രവര്‍ത്തനത്തിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 വും പ്രായപരിധി 18-40 ഉം ആണ്. അപേക്ഷ ഫോറം കമ്മീഷന്റെ www.skyc.kerala.gov.in വെബ്‌സസറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുലെ അസലും പകര്‍പ്പും, രണ്ട് ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.


ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

കൊച്ചി: ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു.  കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 81,000/- രൂപക്കും, നഗരങ്ങളില്‍ 1,03,000/- രൂപക്കും താഴെയുളള ചെറുകിട സംരംഭകര്‍ക്ക് ആറ് ശതമാനം നിരക്കിലും 6,00,000/- രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് എട്ട് ശതമാനം നിരക്കിലും വായ്പ ലഭ്യമാണ്.   നിലവില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് വിപുലീകരണാര്‍ത്ഥം അഞ്ച് ലക്ഷം രൂപ വരെ എട്ട് ശതമാനം നിരക്കിലും വായ്പ ലഭിക്കും.  
പ്രായ പരിധി 56 വയസ്സ്.  അപേക്ഷകള്‍ www.ksmdfc.org വെബ്‌സൈറ്റില്‍ നിന്ന്   ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം.  വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലോ, ഓഫീസുമായോ ബന്ധപ്പെടുക.  അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. 


അക്ഷരോത്സവം ഉദ്ഘാടനം ഇന്ന്

കൊച്ചി: വായനവാരാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെയും, കേരള സാഹിത്യമണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അക്ഷരോത്സവം സംഘടിപ്പിക്കുന്നു. അക്ഷരോത്സവത്തിന്റെ ഉദ്ഘാടനം എറണാകുളം റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് ശാഖാ പരിസരത്ത് ഇന്ന് (ജൂണ്‍ 22) വൈകിട്ട് മൂന്നിന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ നിര്‍വഹിക്കും. കേരള സാഹിത്യമണ്ഡലം പ്രസിഡന്റ് കെ.എല്‍.മോഹനവര്‍മ്മ അധ്യക്ഷത വഹിക്കും. ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ വായ്പ അദാലത്ത്

കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും വിവിധ പദ്ധതികള്‍ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയവര്‍ക്ക്, കുടിശിക അടച്ചു തീര്‍ക്കാന്‍ അവസരം നല്‍കിക്കൊണ്ട് വായ്പാ അദാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. കുടിശികക്കാര്‍ക്ക് ഈ അദാലത്തില്‍ പങ്കെടുത്ത് ഒറ്റത്തവണയായി കുടിശിക അടച്ച് തീര്‍ക്കാവുന്നതും അവര്‍ക്ക് പിഴപ്പലിശ ഇളവു ചെയ്ത് കൊടുക്കുന്നതുമാണ്. എറണാകുളം, ആലുപ്പുഴ ജില്ലകളിലെ അദാലത്ത് ജൂലൈ 13-ന് ആലുപ്പുഴ മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപമുളള റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഒന്നു വരെ നടത്തും. അദാലത്തില്‍ പങ്കെടുത്ത് കടാശ്വാസ പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന സംഘടനകളും വ്യക്തികളും കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക. ഫോണ്‍ 0484-23390809495936218.

ലേലം

കൊച്ചി: കേരള ജുഡീഷ്യല്‍ അക്കാദമി അത്താണി വളപ്പില്‍ മുറിച്ചിട്ടിരിക്കുന്ന മരത്തടികള്‍ ലേലം ചെയ്യുന്നതിനു വേണ്ടി മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡയറക്ടര്‍, കേരള ജുഡീഷ്യല്‍ അക്കാദമി, അത്താണി, ആലുവ, പിന്‍ 683585 കാര്യാലയത്തില്‍ നേരിട്ടോ രജിസ്റ്റേഡ് തപാല്‍ മുഖേനയോ ജൂലൈ അഞ്ചിന് വൈകിട്ട് നാലു വരെ നല്‍കാം.

കൃഷി വകുപ്പ് നഴ്‌സറി ഉദ്ഘാടനം 25-ന്
കൊച്ചി: പിറവം, കാക്കൂരില്‍ കൃഷി വകുപ്പ് നഴ്‌സറി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ജൂണ്‍ 25-ന് വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യുന്നു. പിറവം, കാക്കൂരില്‍ കൃഷി വകുപ്പ് നഴ്‌സറി ഉദ്ഘാടനം ചെയ്യും.

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ന്യൂനപക്ഷ, ഹിന്ദു മുന്നാക്ക, പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരായിരിക്കണം. എറണാകുളം ജില്ലയിലെ താത്പര്യമുളള വനിതാ സംരംഭകര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും വനിതാ വികസന കോര്‍പറേഷന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുകയോ www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം.  വിലാസം ലിയോണ്‍സ് അപ്പാര്‍ട്ട്‌മെന്റ്, സരിത തീയറ്ററിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം. ഫോണ്‍ 0484-23949329496015008.

സര്‍ക്കാര്‍ യൂത്ത് ഹോസ്റ്റലില്‍ കരാട്ടെ

കാക്കനാട് സര്‍ക്കാര്‍ യൂത്ത് ഹോസ്റ്റലില്‍ കരാട്ടെ ക്ലാസ് നടത്തുന്നതിന് അധിക വാടക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. 1700 രൂപയായിരുന്ന വാടക 5000 രൂപയാണ് വര്‍ധിപ്പിച്ചതെന്ന് കരാട്ടെ ക്ലാസ് നടത്തുന്ന സുമ പരാതിയില്‍ പറയുന്നു. ദേശീയ തലത്തില്‍ കേരളത്തിനു വേണ്ടി ആറു സ്വര്‍ണ്ണ മെഡലുകള്‍ നേടിയ താരമാണ് സുമ. സുമയുടെ പരാതി പ്രത്യേക കേസായി പരിഗണിക്കാനും സമിതി നിര്‍ദേശിച്ചു. 

പട്ടികവിഭാഗങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം, വായ്പ എഴുതി തള്ളാനുള്ള അപേക്ഷ, പട്ടികജാതിക്കാര്‍ക്കുള്ള ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന് നമ്പറിട്ടു നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതി, പട്ടിക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം, വാസയോഗ്യമല്ലാത്ത ഭൂമി വിതരണം ചെയ്തത് സംബന്ധിച്ച പരാതി തുടങ്ങിയവ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമിതി നിര്‍ദേശം നല്‍കി. നേര്യമംഗലത്ത് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്തതില്‍ ക്രമക്കേട് നടന്നുവെന്നും അര്‍ഹര്‍ക്ക് ഭൂമി ലഭിച്ചിട്ടില്ലെന്നുമുള്ള പരാതി അന്വേഷിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഈറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ബാംബു വ്യവസായ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ധനസഹായം നല്‍കണ ആവശ്യത്തില്‍ ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും സമിതി അറിയിച്ചു. 


കുട്ടമ്പുഴ ഏഴാം വാര്‍ഡില്‍ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ച് അഖില കേരള മലഅരയ മഹാസഭ സമര്‍പ്പിച്ച പരാതിയില്‍ സമിതി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി. കൈവശ രേഖ, പട്ടയം, കുടിവെള്ള വിതരണം തുടങ്ങിയ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ വനം വകുപ്പ്, റവന്യൂ, പട്ടികവര്‍ഗ വകുപ്പുകളെ ചുമതലപ്പെടുത്തി. ഈ മേഖലയില്‍ 200 ഓളം പേര്‍ക്ക് കൈവശ രേഖ വിതരണം ചെയ്തതായും 32 പേരുടെ അപേക്ഷ നിരസിച്ചതായും ട്രൈബല്‍ ഓഫീസര്‍ സമിതിയെ അറിയിച്ചു. കൈവശ രേഖ സംബന്ധിച്ച് പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സമിതിക്ക് നല്‍കാന്‍ ട്രൈബല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമിതി അംഗങ്ങള്‍ എംഎല്‍എമാരായ ബി. സത്യന്‍, ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിതോമസ് ചേറ്റുപറമ്പില്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഹോസ്റ്റലുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: നിയമസഭ സമിതി

കാക്കനാട്: പട്ടികവിഭാഗങ്ങള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ പരിഷ്‌കൃതമായ രീതിയിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ സമിതി ചെയര്‍മാന്‍ ബി. സത്യന്‍. പട്ടികജാതി വകുപ്പിനു കീഴില്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു സമിതി. ലൈബ്രറി, കംപ്യൂട്ടര്‍ സൗകര്യങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഹോസ്റ്റലുകളിലുണ്ടാകണം. പഠന നിലവാരം വിലയിരുത്തുന്നതിനാവശ്യമായ സംവിധാനം വേണം. പരീക്ഷാ പരിശീലനങ്ങളും വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും നേടുന്നതിനുള്ള മോട്ടിവേഷന്‍ ക്ലാസുകളും ഹോസ്റ്റലുകളില്‍ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം ഇത്തരം ഹോസ്റ്റലുകളില്‍ ആരംഭിക്കണമെന്ന് സമിതിയംഗം വി.പി. സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ബാങ്ക്, പിഎസ്‌സി പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും. സമിതിയംഗങ്ങളായ ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്‍, ബി. സത്യന്‍ എന്നിവരും നിയമസഭ ഉദ്യോഗസ്ഥരും പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് രണ്ടു പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ പരിശോധന നടത്തിയത്. അന്തേവാസികളുമായി സംസാരിച്ച് ഭക്ഷണ ക്രമം, പഠനം, ടോയ്‌ലെറ്റുകളുടെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തി. അടുക്കളയിലെത്തി ഭക്ഷണം രുചിച്ചുനോക്കി ഗുണനിലവാരവും പരിശോധിച്ചു.      

കുറുങ്കോട്ട ദ്വീപിലേക്ക് പാലം-


എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശംജിഷയുടെ പിതാവിന് ധനസഹായത്തിനു ശുപാര്‍ശ ചെയ്യും


കാക്കനാട്: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് നിയമസഭയുടെ പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ സമിതി. കാക്കനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികളും ആക്ഷേപങ്ങളും സംബന്ധിച്ച് ഹിയറിംഗ് നടന്നു. പട്ടികവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുണ്ടാകുന്ന കാലതാമസം ഗൗരവമായാണ് സമിതി കാണുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ജില്ല കളക്ടറുടെയും താഴെയുള്ള താലൂക്ക് ബ്ലോക്ക് തലങ്ങളിലും വരെയുള്ള ഉദ്യോഗസ്ഥര്‍ കാലതാമസം കൂടാതെ പദ്ധതികള്‍ നടപ്പാക്കുകയും പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുക്കുകയും വേണം. പട്ടികവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കളക്ട്രേറ്റില്‍ പ്രത്യേക സംവിധാനം വേണം. എഡിഎമ്മിന്റെ നേതൃത്വത്തില്‍ ഇതു നടപ്പാക്കാവുന്നതാണ്. താലൂക്ക് തലത്തിലും ഇത്തരത്തിലുള്ള സംവിധാനമുണ്ടാകണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമിതി ശുപാര്‍ശ സമര്‍പ്പിക്കും. നേരത്തേ ലഭിച്ച 10 പരാതികളും ഇന്നു ലഭിച്ച 17 പരാതികളുമടക്കം ഇന്നു പുതുതായി ലഭിച്ച 27 പരാതികളുമാണ് സമിതിക്കു മുന്‍പാകെ വന്നത്. ഇതില്‍ ജില്ല കളക്ടറുടെ തലം വരെ പരിഹരിക്കാവുന്ന 10 പരാതികള്‍ പരിഹരിക്കുന്നതിന് കളക്ടറെ ചുമതലപ്പെടുത്തുകയും ബാക്കിയുള്ളവ സംബന്ധിച്ച് ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും സമിതി തീരുമാനിച്ചു.

കുറുങ്കോട്ട ദ്വീപ് വികസനവുമായി ബന്ധപ്പെട്ട ഹൈബി ഈഡന്‍ എംഎല്‍എ ഉന്നയിച്ച പരാതിയാണ് സമിതി ആദ്യം പരിഗണിച്ചത്. ദ്വീപിലേക്ക് പാലം നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സമിതി നിര്‍ദേശം നല്‍കി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ സമിതി വിലയിരുത്തി. കുറുങ്കോട്ട ദ്വീപിനെ സ്വയം പര്യാപ്ത കോളനിയായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഭവന നിര്‍മ്മാണം, സംരക്ഷണ ഭിത്തി, തയ്യല്‍ മെഷീന്‍ വിതരണം, ബോട്ട് ജെട്ടി നിര്‍മ്മാണം, ഓട നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയെന്ന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അബ്ദുള്‍ സത്താര്‍ അറിയിച്ചു. കോളനിക്കുള്ളില്‍ റോഡ് നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍പ്പാക്കാന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. സ്ഥലം പൊന്നുംവിലയ്‌ക്കെടുക്കുന്നത് പരിഗണിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. 

പെരുമ്പാവൂരിനു സമീപം പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട ജിഷയുടെ പിതാവ് രോഗ ശയ്യയില്‍ കഴിയുന്ന പാപ്പുവിന് സഹായം ലഭ്യമാക്കണമെന്ന പട്ടികജാതി, വര്‍ഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു. 

180 ഏക്കര്‍ വിസ്തൃതിയുള്ള എടവനക്കാട് പഞ്ചായത്തിലെ ചെമ്മീന്‍ കൃഷി മൂലം പട്ടികജാതി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന വി.കെ. നിര്‍മ്മലയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. 11 പട്ടികജാതി കുടുംബങ്ങളും മൂന്ന് പൊതു വിഭാഗത്തില്‍പ്പെട്ട  കുടുംബങ്ങളും താമസിക്കുന്ന പ്രദേശത്ത് ചെമ്മീന്‍ കെട്ട് മൂലം അമിതമായ വെള്ളക്കയറ്റമാണുണ്ടാകുന്നത്. സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് കെട്ട് നടത്തുന്ന സമാജത്തോട് നിര്‍ദേശിക്കണമെന്ന ആവശ്യവും സമിതിക്കു മുന്‍പിലെത്തി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചു. 

വീടിനോട് ചേര്‍ന്ന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് കോലഞ്ചേരി സ്വദേശി കെ.കെ. മണി സമര്‍പ്പിച്ച പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ എഡിഎമ്മിന് സമിതി നിര്‍ദേശം നല്‍കി. ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് നടപടിയെടുക്കാനും എഡിഎമ്മിന് ചുമതല നല്‍കി. മാലിപ്പുറം ചാപ്പ കടപ്പുറത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പത്തു ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.   

മരട് വളന്തകാട്ടിലേക്ക് കോണ്‍ക്രീറ്റ് പാലവും ടാര്‍ റോഡും നിര്‍മ്മിക്കുന്നതിന് ശോഭ സിറ്റി സ്ഥലം വിട്ടു നല്‍കുന്നില്ലെന്ന പരാതിയില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. പാലം നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ നല്‍കുമെന്നും സമിതി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന പരാതി ഗൗരവമായി പരിഗണിക്കാന്‍ സമിതി നിര്‍ദേശം നല്‍കി. ഫെന്‍സിംഗിന് ട്രൈബല്‍ ഓഫീസറെ ചുമതലപ്പെടുത്തി. കൂടാതെ റോഡ് നിര്‍മ്മാണത്തിന് വനം വകുപ്പിനോട് ശുപാര്‍ശ ചെയ്യുമെന്നും സമിതി അറിയിച്ചു.