Thursday, June 22, 2017

സര്‍ക്കാര്‍ യൂത്ത് ഹോസ്റ്റലില്‍ കരാട്ടെ

കാക്കനാട് സര്‍ക്കാര്‍ യൂത്ത് ഹോസ്റ്റലില്‍ കരാട്ടെ ക്ലാസ് നടത്തുന്നതിന് അധിക വാടക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. 1700 രൂപയായിരുന്ന വാടക 5000 രൂപയാണ് വര്‍ധിപ്പിച്ചതെന്ന് കരാട്ടെ ക്ലാസ് നടത്തുന്ന സുമ പരാതിയില്‍ പറയുന്നു. ദേശീയ തലത്തില്‍ കേരളത്തിനു വേണ്ടി ആറു സ്വര്‍ണ്ണ മെഡലുകള്‍ നേടിയ താരമാണ് സുമ. സുമയുടെ പരാതി പ്രത്യേക കേസായി പരിഗണിക്കാനും സമിതി നിര്‍ദേശിച്ചു. 

പട്ടികവിഭാഗങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം, വായ്പ എഴുതി തള്ളാനുള്ള അപേക്ഷ, പട്ടികജാതിക്കാര്‍ക്കുള്ള ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന് നമ്പറിട്ടു നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതി, പട്ടിക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം, വാസയോഗ്യമല്ലാത്ത ഭൂമി വിതരണം ചെയ്തത് സംബന്ധിച്ച പരാതി തുടങ്ങിയവ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമിതി നിര്‍ദേശം നല്‍കി. നേര്യമംഗലത്ത് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്തതില്‍ ക്രമക്കേട് നടന്നുവെന്നും അര്‍ഹര്‍ക്ക് ഭൂമി ലഭിച്ചിട്ടില്ലെന്നുമുള്ള പരാതി അന്വേഷിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഈറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ബാംബു വ്യവസായ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ധനസഹായം നല്‍കണ ആവശ്യത്തില്‍ ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും സമിതി അറിയിച്ചു. 


കുട്ടമ്പുഴ ഏഴാം വാര്‍ഡില്‍ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ച് അഖില കേരള മലഅരയ മഹാസഭ സമര്‍പ്പിച്ച പരാതിയില്‍ സമിതി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി. കൈവശ രേഖ, പട്ടയം, കുടിവെള്ള വിതരണം തുടങ്ങിയ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ വനം വകുപ്പ്, റവന്യൂ, പട്ടികവര്‍ഗ വകുപ്പുകളെ ചുമതലപ്പെടുത്തി. ഈ മേഖലയില്‍ 200 ഓളം പേര്‍ക്ക് കൈവശ രേഖ വിതരണം ചെയ്തതായും 32 പേരുടെ അപേക്ഷ നിരസിച്ചതായും ട്രൈബല്‍ ഓഫീസര്‍ സമിതിയെ അറിയിച്ചു. കൈവശ രേഖ സംബന്ധിച്ച് പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സമിതിക്ക് നല്‍കാന്‍ ട്രൈബല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമിതി അംഗങ്ങള്‍ എംഎല്‍എമാരായ ബി. സത്യന്‍, ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിതോമസ് ചേറ്റുപറമ്പില്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഹോസ്റ്റലുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: നിയമസഭ സമിതി

കാക്കനാട്: പട്ടികവിഭാഗങ്ങള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ പരിഷ്‌കൃതമായ രീതിയിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ സമിതി ചെയര്‍മാന്‍ ബി. സത്യന്‍. പട്ടികജാതി വകുപ്പിനു കീഴില്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു സമിതി. ലൈബ്രറി, കംപ്യൂട്ടര്‍ സൗകര്യങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഹോസ്റ്റലുകളിലുണ്ടാകണം. പഠന നിലവാരം വിലയിരുത്തുന്നതിനാവശ്യമായ സംവിധാനം വേണം. പരീക്ഷാ പരിശീലനങ്ങളും വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും നേടുന്നതിനുള്ള മോട്ടിവേഷന്‍ ക്ലാസുകളും ഹോസ്റ്റലുകളില്‍ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം ഇത്തരം ഹോസ്റ്റലുകളില്‍ ആരംഭിക്കണമെന്ന് സമിതിയംഗം വി.പി. സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ബാങ്ക്, പിഎസ്‌സി പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും. സമിതിയംഗങ്ങളായ ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്‍, ബി. സത്യന്‍ എന്നിവരും നിയമസഭ ഉദ്യോഗസ്ഥരും പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് രണ്ടു പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ പരിശോധന നടത്തിയത്. അന്തേവാസികളുമായി സംസാരിച്ച് ഭക്ഷണ ക്രമം, പഠനം, ടോയ്‌ലെറ്റുകളുടെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തി. അടുക്കളയിലെത്തി ഭക്ഷണം രുചിച്ചുനോക്കി ഗുണനിലവാരവും പരിശോധിച്ചു.      

No comments:

Post a Comment