എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശംജിഷയുടെ പിതാവിന് ധനസഹായത്തിനു ശുപാര്‍ശ ചെയ്യും
കാക്കനാട്: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് നിയമസഭയുടെ പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ സമിതി. കാക്കനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികളും ആക്ഷേപങ്ങളും സംബന്ധിച്ച് ഹിയറിംഗ് നടന്നു. പട്ടികവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുണ്ടാകുന്ന കാലതാമസം ഗൗരവമായാണ് സമിതി കാണുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ജില്ല കളക്ടറുടെയും താഴെയുള്ള താലൂക്ക് ബ്ലോക്ക് തലങ്ങളിലും വരെയുള്ള ഉദ്യോഗസ്ഥര്‍ കാലതാമസം കൂടാതെ പദ്ധതികള്‍ നടപ്പാക്കുകയും പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുക്കുകയും വേണം. പട്ടികവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കളക്ട്രേറ്റില്‍ പ്രത്യേക സംവിധാനം വേണം. എഡിഎമ്മിന്റെ നേതൃത്വത്തില്‍ ഇതു നടപ്പാക്കാവുന്നതാണ്. താലൂക്ക് തലത്തിലും ഇത്തരത്തിലുള്ള സംവിധാനമുണ്ടാകണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമിതി ശുപാര്‍ശ സമര്‍പ്പിക്കും. നേരത്തേ ലഭിച്ച 10 പരാതികളും ഇന്നു ലഭിച്ച 17 പരാതികളുമടക്കം ഇന്നു പുതുതായി ലഭിച്ച 27 പരാതികളുമാണ് സമിതിക്കു മുന്‍പാകെ വന്നത്. ഇതില്‍ ജില്ല കളക്ടറുടെ തലം വരെ പരിഹരിക്കാവുന്ന 10 പരാതികള്‍ പരിഹരിക്കുന്നതിന് കളക്ടറെ ചുമതലപ്പെടുത്തുകയും ബാക്കിയുള്ളവ സംബന്ധിച്ച് ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും സമിതി തീരുമാനിച്ചു.
കുറുങ്കോട്ട ദ്വീപ് വികസനവുമായി ബന്ധപ്പെട്ട ഹൈബി ഈഡന്‍ എംഎല്‍എ ഉന്നയിച്ച പരാതിയാണ് സമിതി ആദ്യം പരിഗണിച്ചത്. ദ്വീപിലേക്ക് പാലം നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സമിതി നിര്‍ദേശം നല്‍കി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ സമിതി വിലയിരുത്തി. കുറുങ്കോട്ട ദ്വീപിനെ സ്വയം പര്യാപ്ത കോളനിയായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഭവന നിര്‍മ്മാണം, സംരക്ഷണ ഭിത്തി, തയ്യല്‍ മെഷീന്‍ വിതരണം, ബോട്ട് ജെട്ടി നിര്‍മ്മാണം, ഓട നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയെന്ന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അബ്ദുള്‍ സത്താര്‍ അറിയിച്ചു. കോളനിക്കുള്ളില്‍ റോഡ് നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍പ്പാക്കാന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. സ്ഥലം പൊന്നുംവിലയ്‌ക്കെടുക്കുന്നത് പരിഗണിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
പെരുമ്പാവൂരിനു സമീപം പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട ജിഷയുടെ പിതാവ് രോഗ ശയ്യയില്‍ കഴിയുന്ന പാപ്പുവിന് സഹായം ലഭ്യമാക്കണമെന്ന പട്ടികജാതി, വര്‍ഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.
180 ഏക്കര്‍ വിസ്തൃതിയുള്ള എടവനക്കാട് പഞ്ചായത്തിലെ ചെമ്മീന്‍ കൃഷി മൂലം പട്ടികജാതി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന വി.കെ. നിര്‍മ്മലയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. 11 പട്ടികജാതി കുടുംബങ്ങളും മൂന്ന് പൊതു വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളും താമസിക്കുന്ന പ്രദേശത്ത് ചെമ്മീന്‍ കെട്ട് മൂലം അമിതമായ വെള്ളക്കയറ്റമാണുണ്ടാകുന്നത്. സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് കെട്ട് നടത്തുന്ന സമാജത്തോട് നിര്‍ദേശിക്കണമെന്ന ആവശ്യവും സമിതിക്കു മുന്‍പിലെത്തി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചു.
വീടിനോട് ചേര്‍ന്ന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് കോലഞ്ചേരി സ്വദേശി കെ.കെ. മണി സമര്‍പ്പിച്ച പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ എഡിഎമ്മിന് സമിതി നിര്‍ദേശം നല്‍കി. ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് നടപടിയെടുക്കാനും എഡിഎമ്മിന് ചുമതല നല്‍കി. മാലിപ്പുറം ചാപ്പ കടപ്പുറത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പത്തു ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
മരട് വളന്തകാട്ടിലേക്ക് കോണ്‍ക്രീറ്റ് പാലവും ടാര്‍ റോഡും നിര്‍മ്മിക്കുന്നതിന് ശോഭ സിറ്റി സ്ഥലം വിട്ടു നല്‍കുന്നില്ലെന്ന പരാതിയില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. പാലം നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ നല്‍കുമെന്നും സമിതി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന പരാതി ഗൗരവമായി പരിഗണിക്കാന്‍ സമിതി നിര്‍ദേശം നല്‍കി. ഫെന്‍സിംഗിന് ട്രൈബല്‍ ഓഫീസറെ ചുമതലപ്പെടുത്തി. കൂടാതെ റോഡ് നിര്‍മ്മാണത്തിന് വനം വകുപ്പിനോട് ശുപാര്‍ശ ചെയ്യുമെന്നും സമിതി അറിയിച്ചു.
No comments:
Post a Comment