ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സമ്പൂര്‍ണ
ഓണ്‍ലൈന്‍ പോക്കുവരവ്
കൊച്ചി: ജില്ലയില്‍ ഭൂമി വിനിമയത്തിന്റെ പോക്കുവരവ് ഓഗസ്റ്റ് ഒന്നു മുതല്‍ സമ്പൂര്‍ണമായും ഓണ്‍ലൈനിലാകുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. റീസര്‍വെ പൂര്‍ത്തിയാകാത്തെ 54 വില്ലേജ് ഓഫീസുകളിലെ ഭൂമി സംബന്ധമായ രേഖകളുടെ ഡിജിറ്റൈസേഷന്‍ കൂടി സാധ്യമാകുന്നതോടെയാണ് ജില്ല ഈ നേട്ടം കൈവരിക്കുന്നത്. ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരിച്ച 73 വില്ലേജ് ഓഫീസുകളില്‍ ഇതിനകം ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കിക്കഴിഞ്ഞു. 22 ലക്ഷത്തോളം രേഖകളുടെ ഡിജിറ്റൈസേഷനാണ് ഈ വില്ലേജ് ഓഫീസുകളില്‍ പൂര്‍ത്തിയാക്കിയത്.
വില്‍ക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് അക്കൗണ്ട് ലഭ്യമാക്കി അതിന്റെ അടിസ്ഥാനത്തിലാണ് ആധാരം തയാറാക്കി രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാരങ്ങളില്‍ കൃത്യത ഉറപ്പാക്കുന്നതിനും ഭൂമി വാങ്ങുന്നയാള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായകമാകും. ആധാരത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ഇവ സ്‌കാന്‍ ചെയ്ത് വില്ലേജ് ഓഫീസര്‍ക്ക് ലഭ്യമാക്കും. ഇതോടെ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാതെ തന്നെ പോക്കുവരവ് സാധ്യമാകുകയും വിവരം എസ്.എം.എസ് മുഖേന ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും.
ഭൂമി പോക്കുവരവിനുള്ള സമയപരിധി ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും ഈ സംവിധാനം വഴിയൊരുക്കും. ഇതിനകം പോക്കുവരവ് ചെയ്യാത്ത പഴയ ആധാരങ്ങള്‍ക്കായി പ്രത്യേക സംവിധാനവും സോഫ്റ്റ് വെയറിലുണ്ട്. റവന്യൂ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ (revenue.kerala.gov.in) ഓണ്‍ലൈന്‍ പോക്കുവരവിന്റെ തല്‍സ്ഥിതി അറിയാനും അപേക്ഷകര്‍ക്ക് കഴിയും.
ഭൂമിയുടെ കരം അടക്കമുള്ള നികുതികള്‍ ഇ പേയ്‌മെന്റായി സ്വീകരിക്കുന്നതിന് മുന്നോടിയായി ഇ ട്രഷറി സംവിധാനവും വില്ലേജുകളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
No comments:
Post a Comment