Tuesday, February 2, 2016

പുറപ്പിള്ളിക്കാവ്‌ റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ പൈലുകള്‍ സ്ഥാപിച്ചു തുടങ്ങി




കൊച്ചി: പെരിയാറിലെ ഓരുവെള്ള ഭീഷിണി തടയുക എന്ന ലക്ഷ്യത്തോടെ പുറപ്പിള്ളിക്കാവില്‍ നിലവില്‍ വരുന്ന റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ നിര്‍മ്മാണം ദ്രുത ഗതിയില്‍ പുരോഗമിക്കുന്നു. 110 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തിയായ പൈലുകള്‍ നാട്ടിക്കഴിഞ്ഞു. 
പെരിയാര്‍ നാനൂറ്‌ മീറ്ററിലധികം വീതിയില്‍ പരന്നൊഴുകുന്ന പുറപ്പിള്ളിക്കാവില്‍ നദിയില്‍ ഒരു ഭാഗം മണല്‍ ബണ്ടു കെട്ടി തിരിച്ച്‌ പുഴ വറ്റിച്ച്‌ പൈലുകള്‍ വാര്‍ക്കുകയും പുഴയുടെ ഓരങ്ങള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. കുന്നുകര ഗ്രാമ പഞ്ചായത്തിന്റെ 13 ാം വാര്‍ഡു മുതല്‍ പുറപ്പിള്ളിക്കാവു വരെ നീളുന്ന റെഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ യാഥാര്‍ത്ഥ്യമാകുമ്പോള്‍ വലിയൊരു പ്രദേശത്തിന്റെ കുടിവെള്ള പ്രശ്‌നമാണു പരിഹരിക്കപ്പെടുന്നത്‌. അതോടൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പേരെടുത്ത ചെറിയ തേക്കാനം പ്രദേശത്ത്‌ ജലസേചനത്തിനും വന്‍ സാദ്ധ്യതകളാണ്‌ തെളിയുന്നത്‌. ഇതോടെ ഓരു വെള്ളത്തിന്റെ ഭീഷണിയും അവസാനിക്കും. നൂറോളം പൈലുകളാണ്‌ സ്ഥാപിക്കുന്നത്‌. ഒരു മാസത്തോളമെടുത്താണ്‌ ബണ്ടു കെട്ടിത്തിരിച്ച സ്ഥലത്തു നിന്നും ജലം പമ്പു ചെയ്‌തു മാറ്റിയത്‌. മഴക്കാലത്തിനു മുന്‍പേ പദ്ധതി പൂര്‍ത്തീകരിക്കാനാവും വിധമാണ്‌ നിര്‍മ്മാണം പുരോഗമിക്കുന്നത്‌. പൈലുകള്‍ക്കു മുകളില്‍ സ്ഥാപിക്കാനുള്ള സ്‌പാനുകളുടെ ഒരു ബാച്ചിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു.

No comments:

Post a Comment