Wednesday, March 9, 2016

സ്‌റ്റാ്‌ഫ്‌ നേഴ്‌സുമാരുടെ പ്രമോഷന്‍ ഉടന്‍ നടപ്പിലാക്കണമെന്ന്‌



കൊച്ചി: സ്റ്റാഫ്‌ നേഴ്‌സുമാരുടെ പ്രമോഷന്‍ ഉടന്‍ നടപ്പിലാക്കണമെന്ന്‌ കേരള ഗവണ്‍മെന്റ്‌ നേഴ്‌സസ്‌ യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍കോടതി ഉത്തരവുകള്‍ പ്രകാരം സ്റ്റാഫ്‌ നേഴ്‌സ്‌ ഗ്രേഡ്‌1 എന്ന തസ്‌തിക സംസ്ഥാനതലത്തിലാണെന്ന്‌ വ്യക്തമാണ്‌. എന്നാല്‍ നിലവിലെ സംസ്ഥാനതല സിനീയോറിറ്റി ലിസ്റ്റ്‌ അട്ടിമറിച്ച്‌ ജില്ലാ അടിസ്ഥാനത്തില്‍ പ്രമോഷന്‍ നല്‍കാനുള്ള ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം നീതിരഹിതമല്ല. ഇത്‌ പിന്‍വലിച്ചെങ്കില്‍ സര്‍ക്കാര്‍ നേഴ്‌സുമാരുടെ തുടര്‍ന്നുള്ള പ്രമോഷനുകള്‍ ഇല്ലാതാവാനും പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിയാത്തതുമായ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ കുറ്റപ്പെടുത്തി.
ജില്ലകളില്‍ പി.എസ്‌.സി ലിസ്റ്റിന്റെ കാലാവധി കഴിയാറായ സാഹചര്യമാണുള്ളത്‌. ഈ സാഹചര്യത്തില്‍ പ്രമോഷന്‍ നടക്കാതിരുന്നാല്‍ പി.എസ്‌.സി വഴി പുതിയ നിയമനം നടത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പ്രമോഷന്‍ നീതിപൂര്‍വമായി നടപ്പിലാക്കാന്‍ ആരോഗ്യസെക്രട്ടറി സാഹചര്യമൊരുക്കണം. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. യൂണിയന്‍ ജനറല്‍ സെക്രട്ടറി സന്തോഷ്‌ കെ എസ്‌, ചേച്ചമ്മ ജോസഫ്‌, ശാന്തകുമാരി, മേരിക്കുഞ്ഞ്‌ അഗസ്റ്റിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment