കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതബാധിതമായ ചെല്ലാനം മേഖലയില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബും കടല്‍ഭിത്തിയും സ്ഥാപിക്കുന്നതടക്കമുള്ള പ്രതിരോധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ജില്ലാ ഭരണകൂടം ജലവിഭവ വകുപ്പ് മുഖേന സമര്‍പ്പിച്ച എട്ടു കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് അനുമതിയായത്. ഈ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വേളാങ്കണ്ണിപ്പള്ളി, ബസാര്‍, കമ്പനിപ്പടി, ചെറിയകടവ്, വാച്ചാക്കല്‍ എന്നീ ഭാഗങ്ങളിലാണ് കടല്‍ഭിത്തിയുടെ പുനഃനിര്‍മാണം ജിയോ ടെക്‌സ്റ്റൈല്‍ ട്യൂബ് അടക്കമുള്ള സാങ്കേതികമാര്‍ഗങ്ങള്‍ അവലംബിച്ച് പൂര്‍ത്തീകരിക്കുക. സാങ്കേതികാനുമതിക്കുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു.
നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണ നിരോധിച്ചു
കൊച്ചി: നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനമേര്‍പ്പെടുത്തി എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുടെ ഉത്തരവ്. കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട, തിരുവനന്തപുരം), ആഗ്രോ കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്, കല്ലുകുറ്റിയില്‍ റോഡ്, കുഞ്ഞാച്ചി, പാലക്കാട്), കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍ (പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസ്, കൈതക്കാട്, പട്ടിമറ്റം, എറണാകുളം) എന്നീ നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണയ്ക്കാണ് നിരോധനം.
വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആന്റ്‌റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് - 2006 സെക്ഷന്‍ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡ് കൈപ്പറ്റണം
കൊച്ചി: പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജനുവരി 31 നു മുമ്പ് തീര്‍ക്കേണ്ടതിനാല്‍ ഇനിയും പുതിയ റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റാനുളളവര്‍ ജനുവരി 31 നോ അതിനു മുമ്പോ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസില്‍ എത്തി റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.
'കാലോ' - ഏകാംഗ ചിത്രപ്രദര്‍ശനം
(വുഡ് കട്ട് പ്രിന്റുകള്‍)
കൊച്ചി: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ജയേഷ് കെ.കെ.യുടെ വുഡ് കട്ട് പ്രിന്റുകളുടെ പ്രദര്‍ശനം 'കാലോ' ജനുവരി 23ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും. അന്നേ ദിവസം രാവിലെ 11ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
ദളിതരുടെയും പാര്‍ശ്വവത്കരിക്കുപ്പെടുന്നവരുടെയും ജീവിതവും ചരിത്രവുമാണ് തന്റെ രചനകള്‍ക്ക് വിഷയങ്ങളാകുന്നതെന്നും, ദളിതനും പരിസ്ഥിതിയും പരസ്പര പൂരകങ്ങളാണെന്നും, അതിനാലാണ് പ്രകൃതി തന്റെ ചിത്രങ്ങളില്‍ പ്രത്യക്ഷമാകുന്നതെന്നും ജയേഷ് അഭിപ്രായപ്പെടുന്നു. കേരള ലളിതകലാ അക്കാദമിയുടെ നിരവധി ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള ജയേഷിന് 2014 ല്‍ അക്കാദമിയുടെ സംസ്ഥാനപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പ്രദര്‍ശനം 30 ന് സമാപിക്കും.
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക്; യൂണിഫോം വിതരണം
കൊച്ചി: 2017 മാര്‍ച്ച് 31 വരെ ക്ഷേമനിധി അംഗത്വം എടുത്ത സജീവ അംഗങ്ങള്‍ക്ക് ജനുവരി 22 മുതല്‍ യൂണിഫോം വിതരണം നടത്തും. അംഗങ്ങള്‍ അവരുടെ ക്ഷേമനിധി അംഗത്വ പാസ് ബുക്ക്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം എറണാകുളം ക്ഷേമനിധി ഓഫീസില്‍ ഹാജരായി യൂണിഫോം കൈപ്പറ്റണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
No comments:
Post a Comment