Tuesday, January 23, 2018

കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കണം:




കൊച്ചി: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംസ്ഥാന പ്രവര്‍ത്തക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ബോധവത്കരണവും തുടര്‍ പ്രവര്‍ത്തനങ്ങളും  ജനങ്ങളില്‍ എത്തിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തണം. സംസ്ഥാനത്തെ നൂറുകണക്കിന് വിദ്യാസമ്പന്നരായ ഐ ടി വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചാല്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയും. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന ഖ്യാതിയിലൂടെ രാജ്യത്തിനൊന്നാകെ  മാതൃകയായ കേരളം ഡിജിറ്റലൈസേഷനിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നേട്ടം ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം.
ബജറ്റില്‍ ഡിജിറ്റലൈസേഷന് പ്രത്യേകം തുക വകയിരുത്തുന്നതിനോടൊപ്പം പദ്ധതി നടത്തിപ്പിനായി പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്നും മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും തീരുമാനിച്ചു. ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ അജിരാജകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ബോബന്‍ ടി തെക്കേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസ് പാറേക്കാട്, പ്രീത് തോമസ്, പി ജെ കുര്യന്‍ ആലപ്പുഴ, വി വി വിനോദ്, അഫീര്‍ഖാന്‍ അസീസ്, രജീഷ് തൃശൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment