Friday, November 13, 2020

റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഡിസംബറോടെ പരിഹരിക്കുമെന്ന്

 റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഡിസംബറോടെ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി

കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ പ്രശ്നങ്ങൾക്കും പരാതികൾക്കും  അടുത്ത മാസത്തോടെ പരിഹാരമാകുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലെ ആയാസരഹിത ബിസിനസ് എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ ക്രെഡായ് കേരളയുമായി ചേർന്ന് സംഘടിപ്പിച്ച വെർച്വൽ ആശയസംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.  പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ സർക്കാർ ചെയ്യുന്ന നല്ല പ്രവൃത്തികൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നു. പഴി ചാരാൻ  എളുപ്പമാണ്. എന്നാൽ അത്തരം പഴിചാരൽ  കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്ന് കരുതുന്നില്ല. റിയൽ എസ്റ്റേറ്റ് മേഖലയാണ് സംസ്‌ഥാനത്തു ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലകളിൽ ഒന്ന്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറെ സഹായകരമാകുന്നതും റിയൽ എസ്റ്റേറ്റ് മേഖല തന്നെയാണ്. അനുകൂലമായ ഘടകങ്ങൾ ഒട്ടേറെയുള്ള കേരളം അവയൊക്കെ മുതൽക്കൂട്ടാകുകയാണ് ചെയ്യേണ്ടതെന്നും വിശ്വാസ് മേത്ത പറഞ്ഞു.

നിക്ഷേപവും പദ്ധതികളുമില്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാൻ കഴിയില്ല. വിഭവശേഷിയിൽ കേരളം മറ്റേതു സംസ്‌ഥാനത്തേക്കാളും മുന്നിലാണ്. എന്നാൽ ഇതൊക്കെ അനുകൂലമാക്കാൻ നമുക്ക് കഴിയണമെന്നും ചീഫ് സെക്രട്ടറി ഓർമ്മപ്പെടുത്തി. ആയാസരഹിത  ബിസിനസ് എന്ന ലക്ഷ്യം  മുൻനിർത്തി നടപ്പാക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റ് നിർമാണ മേഖലയ്ക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള റെറയുടെ വെബ് പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും അൻപത് ശതമാനത്തിലേറെ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞെന്നും  റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. ബിൽഡിങ്ങ് റൂൾസുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും. യുക്തിസഹമല്ലാത്ത ഒട്ടേറെ ചട്ടങ്ങൾ നിലവിലുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകും. ഒക്കുപേൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റു എന്നിവ ലഭിക്കാനുള്ള കാലതാമസം നിർമാതാക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമയബന്ധിതമായി ഇവ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പി.എച്ച്. കുര്യൻ പറഞ്ഞു. കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ മിർ മുഹമ്മദലി എന്നിവർ സംസാരിച്ചു.

ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പാനൽ ചർച്ചകളിൽ  ക്രെഡായ് കേരള കൺവീനർ ജനറൽ രഘുചന്ദ്രൻ നായർ, ക്രെഡായ് നാഷണൽ ജോ.സെക്രട്ടറി ഡോ. നജീബ് സക്കറിയ എന്നിവർ മോഡറേറ്റർമാരായി. ഫിക്കി കെ.ഇ.എസ് .സി കോ  -ചെയർ ഡോ.എം.ഐ. സഹദുള്ള, ഫിക്കി കേരള കോ-ചെയർ ദീപക് എൽ അസ്വാനി , ക്രെഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആന്റണി, എസ് ബി ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്ര ലാൽ, സി.ബി.ആർ.ഇ ഓപ്പറേഷൻസ് മേധാവി അമീത് രാജ്, ക്രെഡായ് സൗത്ത് വൈസ് പ്രസിഡൻറ് ആർ. നാഗരാജ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment