Friday, October 16, 2020

റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി മോട്ടോര്‍ വാഹനവകുപ്പ്

 





എറണാകുളം: റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശ്കതമാക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. അനാവശ്യ പരിശോധനകൾ, അമിതപിഴ ഈടാക്കുന്നു എന്നെല്ലാമുള്ള മുറവിളികള്‍ക്ക് കൃത്യമായ മറുപടിയും വകുപ്പിന്‍റെ പക്കലുണ്ട്. 2019ല്‍ രാജ്യത്ത് നടപ്പിലാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ബാധ്യസ്ഥരാണ്. 
      റോഡിലെ ചെറുതെന്ന് തോന്നുന്ന പല നിയമലംഘനങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റില്‍ വരുത്തുന്ന പലതരം മാറ്റങ്ങളും അവയുടെ ഉദ്യേശത്തെതന്നെ ഇല്ലാതാക്കുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു മില്ലീമീറ്റര്‍ വലിപ്പവ്യത്യാസം ഉള്ള നമ്പര്‍ പ്ലേറ്റ് ദൃക്സാക്ഷികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അപകടമുണ്ടാക്കുന്നതോ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്നതോ ആയ വാഹനത്തെ തിരിച്ചറിയുന്നതില്‍ തടസം സൃഷ്ടിക്കുന്നു. ക്രിമിനലുകള്‍ ഇത്തരത്തില്‍ ബോധപൂര്‍വ്വം നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങളും അക്ഷരങ്ങളും വിന്യസിക്കുമ്പോള്‍ യുവാക്കളടക്കം സാധാരണക്കാര്‍ ഒരു വ്യത്യസ്തയ്ക്കായി ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നു.
        വാഹനങ്ങളില്‍ നടത്തുന്ന ഏത് തരത്തിലുള്ള രൂപമാറ്റങ്ങളും നിയമ വിരുദ്ധമാണ്.  വിവിധ വാഹനങ്ങളില്‍ നടത്തുന്ന സൈലന്‍സര്‍ മോഡിഫിക്കേഷന്‍ ഗുരുതരമായ മലിനീകരണ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നിരോധിത എയര്‍ ഹോണുകള്‍ ഗര്‍ഭസ്ഥശിശുവിന്‍റെ കേൾവിശക്തിയെപോലും ദോഷകരമായി ബാധിക്കുന്നകാര്യവും പലരും വിസ്മരിക്കുന്നു. അടുത്തകാലത്തായി കൂടുതല്‍ കണ്ടുവരുന്ന വാഹനങ്ങള്‍ റോഡില്‍ കത്തുന്ന സംഭവങ്ങളിലും മോഡിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ഉയര്‍ന്ന പ്രകാശതീവ്രതയുള്ളവ അടക്കം കൂടുതലായി വണ്ടിയില്‍ പിടിപ്പിക്കുന്ന ലൈറ്റുകള്‍ വാഹനത്തിന്‍റെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളെ അപകടത്തിലാക്കുന്നതാണ് ഇത്തരം പല അപകടങ്ങള്‍ക്കും കാരണം. ദേശീയ പാതയടക്കം ഏത് റോഡിലും ആ റോഡിൽ നിഷ്കർഷിച്ചിട്ടുള്ള വേഗപരിധി പാലിച്ച് വേണം ഓടിക്കേണ്ടത്.     
      എറണാകുളം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റിന്‍റെ കീഴില്‍ എട്ട് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയെ അഞ്ച് സെക്ടറുകളായി തിരിച്ചാണ് ഇവയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തനം. പേപ്പര്‍രഹിത ഇ ചെലാന്‍ സംവിധാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം. 100ല്‍ അധികം മോട്ടോര്‍വാഹന നിയമലംഘനങ്ങളാണ് ശരാശരി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം മാത്രം ജില്ലയില്‍ കണ്ടെത്തുന്നത്. നിസ്സാരമെന്ന് പലരും പറയുന്ന ചട്ടലംഘനങ്ങള്‍ മൂലം പറയുന്നവര്‍ക്കോ അവരുടെ വേണ്ടപ്പെട്ടവര്‍ക്കോ അപകടം പിണയുമ്പോള്‍ മാത്രമാണ് പലര്‍ക്കും തിരിച്ചറിവ് ഉണ്ടാകുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.


പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം;
അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ സ്ഥിരതാമസമുളളതും 2020-21 വര്‍ഷം പ്ലസ് വണ്‍, ഐറ്റിഐ, പോളിടെക്‌നിക് കോഴ്‌സിന് പ്രവേശനം നേടിയതുമായ, വാര്‍ഷിക വരുമാനം ഒരു ലക്ഷം തൂപയില്‍ താഴെയുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം) ഫോണ്‍ നമ്പര്‍, ജാതി, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷ നവംബര്‍ 15-ന് മുമ്പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669, വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337 ഫോണ്‍ നമ്പറിലും ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.


മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോ ഒഴിവ്

കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിനും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.സി.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്). 22000/മാസം (ഏകീകരിച്ചത്) ഒരു വര്‍ഷത്തേക്ക്. മികച്ച അക്കാദമിക് പ്രകടനവും ഗവേഷണ പരിചയവും യു.ജി.സി- സിഎസ്‌ഐആര്‍ ജെആര്‍എഫ് ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷയുടെ അവസാന തീയതി ഒക്‌ടോബര്‍ 20.  ഇ-മെയില്‍/മൊബൈല്‍ നമ്പര്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7012329350. വിലാസം ഇ-മെയില്‍ ലാാീവമാാലറ2005@ഴാമശഹ.രീാ ഡോ.ഇ.എം.മുഹമ്മദ്, എമറിറ്റസ് സയന്റിസ്റ്റ്, ഫിസിക്‌സ് വകുപ്പ്, മഹാരാജാസ് കോളേജ് എറണാകുളം.

കരാര്‍ നിയമനം

കൊച്ചി: ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. ബിരുദവും എല്‍എല്‍ബി ബിരുദവും പ്രവൃത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 30-ന് മുമ്പായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്‍, ചാരങ്ങാട്ട് ബില്‍ഡിങ് 34/895, മാമങ്കലം, അഞ്ചുമന റോഡ്, ഇടപ്പളളി 682024 വിലാസത്തില്‍ അയക്കണം.

ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍
ഡിഗ്രി പ്രവേശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്‌സുകള്‍ക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അടൂര്‍ ഫോണ്‍ 04734-4076, 8547005045 (ബി.എസ്.സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിഷേന്‍സ്). മാവേലിക്കര ഫോണ്‍ 0479-2304494, 0479-2341020, 8547005046 (ബികോം ഫിനാന്‍സ്). കാര്‍ത്തികപ്പളളി (ഫോണ്‍ 0479-2485370, 0479-2485852, 8547005018 (ബി.കോം ഫിനാന്‍സ്). അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ ംംം.ശവൃറ.മര.ശി ലഭ്യമാണ്.

അറിയിപ്പ്
എറണാകുളം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ഈ അധ്യായന വർഷത്തെ പഠന ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള  പ്രൈമറി, സെക്കണ്ടറി എഡ്യൂക്കേഷൻ എയ്ഡ്  വിതരണം ചെയ്യുന്നു. ഇ -ഗ്രാന്റ്സ് വെബ് പോർട്ടൽ മുഖേനയാണ് അനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപന മേധാവികൾ അതാതു പട്ടിക ജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിച്ചിട്ടുള്ള ലോഗിൻ ഐ. ഡി. യും പാസ്സ്‌വേർഡും ഉപയോഗിച്ച് കുട്ടികളുടെ ഡാറ്റ എൻട്രി നടത്തി അപേക്ഷകൾ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോർവേഡ് ചെയ്യണം. ഓൺലൈൻ നടപടി സംബന്ധിച്ച മാർഗ നിർദേശ ങ്ങൾ പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും.


കലാകാരന്മാരെ ആദരിച്ച് വീട്ട്മുറ്റത്തൊരു മാവ് പദ്ധതി ആരംഭിച്ചു


അങ്കമാലി: വീട്ട് മുറ്റത്ത് മാവിന്‍ തൈ നട്ട് പിടിപ്പിച്ച് നാട്ടിലെ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ആദരിക്കുന്ന പുതുമയാര്‍ന്ന പ്രവര്‍ത്തനവുമായി മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി. പദ്ധതിയുടെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് ദേവസ്സിയുടെ വീട്ട്മുറ്റത്ത് മാവിന്‍ തൈ നട്ട് റോജി എം.ജോണ്‍.എം.എല്‍.എ നിര്‍വ്വഹിച്ചു.
    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
 പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍  മൂക്കന്നൂരിലെ കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആദരിക്കുന്നതാണ് പദ്ധതി. ജനപ്രതിനിധികളോടൊപ്പം അവരുടെ ഭവനത്തില്‍ ചെന്ന് പൊന്നാടയണിക്കുകയും വീട്ടുമുറ്റത്ത് മാവിന്‍തൈ നടുകയുമാണ് ചെയ്യുന്നത്. തൈകള്‍ക്ക് സംരക്ഷണകവചവും ഒരുക്കുന്നുണ്ടെന്ന് ലൈബ്രേറിയന്‍ കെ.പി. ഷൈജു പറഞ്ഞു.
   
ഫോട്ടോ - മൂക്കന്നൂര്‍ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കലാകാരന്‍ ആര്‍ട്ടിസ്റ്റ് ദേവസിയെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് റോജി എം.ജോണ്‍ എം.എല്‍.എ മാവിന്‍ തൈ നടുന്നു.

കരുതൽ തണലിൽ കോവിഡ് കടന്ന്.....
എറണാകുളം : കോവിഡ് രോഗം ജീവിതത്തിൽ ഭയവും ആശങ്കകളും നിറക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ പിന്തുണയോടെ ആത്മവിശ്വാസത്തോടെ കോവിഡ് രോഗത്തെ അതിജീവിച്ച അനുഭവമാണ് ബി. വേണുഗോപാലൻ പോറ്റി എന്ന 65 കാരന് പറയാനുള്ളത്. ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗികളായി എത്തുന്നവർക്ക് സ്വന്തം കുടുംബത്തിലേതെന്ന പോലുള്ള പരിഗണനയാണ് എഫ്. എൽ. ടി. സി. കളിൽ ലഭ്യമാകുന്നതെന്ന് വേണുഗോപാലൻ പോറ്റി തന്റെ  അനുഭവത്തിലൂടെ  വ്യക്തമാക്കുന്നു. നിരീക്ഷണ കേന്ദ്രങ്ങളിലും കോവിഡ് ആശുപത്രികളിലും കൂട്ടിരിപ്പുകാരില്ലാതെ കൃത്യമായ പരിചരണം ലഭിക്കുമോ എന്ന ആശങ്ക പങ്കു വെക്കുന്നവർക്ക് നിരീക്ഷണ കേന്ദ്രങ്ങളിൽ അത്തരത്തിനുള്ള യാതൊരു ആശങ്കകൾക്കും ഇടമില്ലെന്നു കൂടി വ്യക്തമാക്കുകയാണ് അദ്ദേഹം.

സെപ്റ്റംബർ 26-ആം തീയതി ആണ് വേണുഗോപാലൻ പോറ്റിയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി രാജഗിരി ഹോസ്റ്റലിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചത്. 65 വയസുകാരനായ അദ്ദേഹത്തിന്  ചുമയും തൊണ്ട വേദനയും മാത്രമായിരുന്നു ലക്ഷണങ്ങൾ. രക്ത സമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും  അദ്ദേഹം മരുന്ന് കഴിച്ചിരുന്നു.

മാധ്യമങ്ങളിൽ നിന്നുള്ള കോവിഡ് വാർത്തകളും കോവിഡിനെ കുറിച്ച് ഈ കാലയളവിൽ അറിഞ്ഞ വിവരങ്ങളും ഒപ്പം കോവിഡ് പോസിറ്റീവ് ആണെന്ന ആശങ്കയും എഫ്. എൽ. ടി. സി. യിലെത്തി ഏതാനും നിമിഷങ്ങൾക്കകം ഇല്ലാതായി. അത്ര മാത്രം ഹൃദ്യമായിരുന്നു എഫ്. എൽ. ടി. സി യിലെ ജീവനക്കാരുടെ പെരുമാറ്റം. ഒപ്പം വൃത്തിയും സൗകര്യങ്ങളുമുള്ള മുറിയും രുചികരമായ ഭക്ഷണ ക്രമവും ആരോഗ്യം എളുപ്പത്തിൽ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം നൽകി.

കൃത്യമായ ഇടവേളകളിൽ മരുന്നും രുചിയേറിയ ഭക്ഷണവും ഒപ്പം കുടുംബത്തിലെ അംഗങ്ങളെ പോലെ കരുതലോടെ ഇടപെടുന്ന ജീവനക്കാരും ആണ് കോവിഡ് രോഗത്തെ ധൈര്യ പൂർവ്വം നേരിടാൻ ആത്മവിശ്വാസം നൽകിയതെന്ന് വേണുഗോപാലൻ പോറ്റി പറയുന്നു. ദിവസവും ഒരു നേരമെങ്കിലും സന്ദർശിക്കാൻ ഡോക്ടർ നേരിട്ടത്തിയിരുന്നു. ഏകാന്തതയിൽ സമയം ചെലവഴിക്കാൻ ആയി പുസ്തകങ്ങളും പത്രങ്ങളും സഹായകമായി. ഒക്ടോബർ 8 നാണ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കി നൽകുന്ന സേവനങ്ങളെക്കാൾ കരുതലും സ്നേഹവും സർക്കാരിന്റെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്നതിന്റെ അനുഭവങ്ങൾ ആണ് വേണുഗോപാലൻ പോറ്റി പങ്കു വെയ്ക്കുന്നത്. ഡോ. സിറിലിന്റെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ പ്രവർത്തകർ ആണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോളും ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവരിൽ കോവിഡ് 19 സ്ഥിരീകരിക്കുമ്പോളും രോഗബാധിതർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ജില്ലാ ആരോഗ്യ വിഭാഗം. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ആശുപത്രികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സദാ ജാഗരൂഗരാണ്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകരം കൂടിയാണ്  ബി. വേണുഗോപാലൻ പോറ്റിയുടെ വാക്കുകൾ.

No comments:

Post a Comment