Friday, October 16, 2020

സിറ്റി ഗ്യാസ് പദ്ധതി; അലംഭാവം അനുവദിക്കില്ലെന്ന് സർക്കാർ

 







എറണാകുളം: ജില്ലയുടെ പ്രധാന വികസന പദ്ധതികളിലൊന്നായ സിറ്റി ഗ്യാസ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം സർക്കാരിനെ കാര്യം രേഖാമൂലം അറിയിക്കാനും കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ജില്ലാ വികസന ഓഫീസർ അഫ്സാന പർവീ ണിൻ്റ അധ്യക്ഷതയിൽ നഗരകാര്യ വകുപ്പു സെക്രട്ടറി വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. 

പദ്ധതിക്കായി റോഡ് കുഴിക്കുന്നതിലായിരുന്നു നഗരസഭകൾ പ്രതിഷേധവുമായി രംഗത്തു വന്നത്‌. കുഴിക്കുന്ന റോഡുകൾ ആര് പൂർവസ്ഥിതിയിലാക്കും എന്ന ആശങ്കയായിരുന്നു തുടക്കത്തിൽ. വാർഡ് കൗൺസിലർമാർ ആയിരുന്നു പ്രതിഷേധം ആദ്യം ഉയർത്തിയത്. പുതിയതായി ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടലിന് വെട്ടിപൊളിക്കുന്നു എന്ന പരാതിയാണ് ഉയർന്നത്. 
റോഡിൻ്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായില്ല. തുടർന്നു നടന്ന ചർച്ചയിൽ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെ റോഡിൻ്റെ പുനർ നിർമ്മാണവും ഉറപ്പു നൽകി. എന്നാൽ എത്ര ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കും എന്നത് കരാറിൽ വ്യക്തമാക്കാത്തതു കൊണ്ട് പല നഗരസഭകളും ധാരണാപത്രം അംഗീകരിക്കാൻ മടിച്ചു. കുഴിയെടുത്തതിന് രണ്ട് ദിവസത്തിനകം താല്കാലികമായി കുഴി അടക്കുകയും 30 ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കി നൽകണമെന്നു മായിരുന്നു നഗരസഭകളുടെ ആവശ്യം. ഈ ആവശ്യവും നടത്തിപ്പ് കമ്പനി അംഗീകരിക്കുകയായിരുന്നു. 

21 ദിവസത്തിനകം തടസങ്ങൾ നീക്കി നൽകണമെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. കൊച്ചി കൊർപറേഷൻ, കളമശ്ശേരി, മരട്‌, ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ: യോഗം വിളിക്കുമെന്ന് കലക്ടർ കുണ്ടന്നൂരിൽ വൈറ്റില ഭാഗത്തേക്കുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കുഴികൾ അടക്കുന്നതിനുമായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചു.

ജില്ലയിലെ സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു
   എറണാകുളം: ജില്ലയില്‍ നടപ്പിലാക്കുന്ന സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന പദ്ധതി ക്യാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുന്നതില്‍ വന്‍വിജയമാണ്. സമൂഹത്തിന്‍റെ താഴെത്തട്ടുവരെ ഫലപ്രദമായി ചെന്നെത്തുവാന്‍ സാധിക്കുന്നു എന്നതും സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ മേന്മയാണ്.
      ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപവീതവും  മുന്‍സിപ്പാലിറ്റികള്‍ മൂന്ന് ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് 10 ലക്ഷവും  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ സംയോജിത പദ്ധതിക്കായി വകയിരുത്തി. ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ നിശ്ചിത തുക വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡുകള്‍ തോറും ക്യാന്‍സര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി പരിശോധനയും നടത്തുന്നു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ പരിശോധന ആവശ്യമായവരെ താലൂക്ക് തലം മുതല്‍ മുകളിലേക്കുള്ള സർക്കാർ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നു.
      ബയോപ്സി, എഫ്.എന്‍.എ.സി പാപ്സ്മിയര്‍ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകള്‍ ഈ ആശുപത്രികളില്‍ നടത്തും. പരിശോധനാ സാമ്പിളുകള്‍ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറില്‍ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുന്നതോടെ നേരത്തെയുള്ള ക്യാൻസർ രോഗനിര്‍ണ്ണയം സാധ്യമാകുന്നു എന്നതാണ് ഇതിന്‍റെ സവിശേഷത. നേരത്തെയുള്ള രോഗനിര്‍ണ്ണയം ക്യാന്‍സര്‍ ചികിത്സയില്‍ നിര്‍ണ്ണായകമാണ്. പദ്ധതിക്ക് കീഴില്‍ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍, എറണാകുളം ജനറല്‍ ആശുപത്രി,  കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവയിലൂടെ തുടര്‍ചികിത്സയും ലഭ്യമാക്കും.
        2019 ഡിസംബറില്‍ ജില്ലയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 575 ബയോപ്സി സാമ്പിളുകള്‍ വിശകലനം ചെയ്തു.  ഇതില്‍ 61 എണ്ണത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയം സാധ്യമായി. ഇതില്‍ എട്ട് കേസുകളിൽ പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയം സാധ്യമായത് പദ്ധതിയുടെ വിജയമാണ്. രോഗികള്‍ നിലവില്‍ ജില്ലയിലെ വിവിധ ഓങ്കോളജി കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. പദ്ധതിക്ക് കീഴില്‍ വാര്‍ഡ്തലം മുതല്‍ വിവിധതലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നടത്തിയ ക്യാന്‍സര്‍ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ 80000ല്‍ അധികം ആളുകളിലേക്ക് എത്തിച്ചേര്‍ന്നു. 
       പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാര്‍, ശസ്ത്രക്രിയ വിദഗ്ദ്ധര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ തുടങ്ങി മുന്നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. കോവിഡ് 19 രോഗവ്യാപനത്തിന്‍റെ പ്രതിസന്ധികള്‍ക്കിടയിലും പദ്ധതി പുരോഗമിക്കുന്നത് ഇതിന്‍റെ വിജയമാണെന്ന് കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍ ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.

No comments:

Post a Comment