നിരീക്ഷണം ശക്തമാക്കി സെക്ടറൽ മജിസ്ട്രേറ്റുമാർ; 454 കേസുകൾ രജിസ്റ്റർ ചെയ്തു
എറണാകുളം: സെക്ടറൽ മജിസ്ട്രേറ്റുമാരുടെ മിന്നൽ പരിശോധനകളിൽ ജില്ലയിൽ 454 കേസുകൾ രജിസ്റ്റർ ചെയ്തു. കോ വിഡ്- 19 മാനദണ്ഡങ്ങൾ പാലിക്കാത്തതിനും നിരോധനാജ്ഞ ലംഘനങ്ങൾക്കുമാണ് കേസുകൾ.
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള കോവിഡ്- 19 നിയന്ത്രണ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമായി.
119 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിരീക്ഷണത്തിനായി ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ നിരീക്ഷണം ശക്തമാക്കിയത്. നിയമവിരുദ്ധമായി കൂട്ടം കൂടിയതിന്
19 കേസുകൾ രജിസ്റ്റർ ചെയ്തു. കച്ചവട സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത 11 കേസുകളും കണ്ടെത്തി. വ്യാപാര കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 41 കേസുകളും ആവശ്യമായ സോപ്പും സാനിറ്റൈസറും ലഭ്യമാക്കാത്തതിന് 12 കേസുകളും റിപ്പോർട്ട് ചെയ്തു. സന്ദർശകരുടെ വിവരങ്ങൾ സൂക്ഷിക്കാത്തതിന് 161 കടകൾക്കെതിരെയും നടപടിയെടുത്തു. മാസ്ക് കൃത്യമായ രീതിയിൽ ഉപയോഗിക്കാത്തതിന് 205 കേസുകളും സെക്ഷൻ 144 ലംഘനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ക്വാറൻ്റീൻ ലംഘനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഒരു കേസും ജില്ലയിൽ രജിസ്റ്റർ ചെയ്തു.
ഒരു ദിവസം 40 നടുത്ത് പരിശോധനകളാണ് മജിസ്ട്രേറ്റുമാർ നടത്തുന്നത്. പൊതു സ്ഥലങ്ങൾ കൂടാതെ തങ്ങളുടെ പരിധിയിൽ പെട്ട പ്രദേശങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ , മരണാനന്തര ചടങ്ങുകൾ, ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഇവരുടെ നിർദ്ദേശത്തെ തുടർന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ മാരാണ് നടപടി സ്വീകരിക്കുന്നത്. ജില്ലാ കളക്ടറുടെ നിയന്ത്രണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ പ്രവർത്തിക്കുന്നത്.
No comments:
Post a Comment