തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഇന്ന് ( 7 -10 -2020) മുതൽ
എറണാകുളം: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഇന്ന് ( 7 -10 -2020) ആരംഭിക്കും. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളുടെ പരിശോധനകളാണ് തുടങ്ങുന്നത്. ആദ്യഘട്ട പരിശോധനകൾക്കുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ്റെ നിർദ്ദേശപ്രകാരം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എഞ്ചിനീയർമാരാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നത്. ഇതിനായി ആറ് എഞ്ചിനീയർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സെപ്തംബർ 25 നു ജില്ലയിലെത്തിയ ഇവർ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ഒരാളെ ഒഴിവാക്കി മറ്റ് അഞ്ചു പേരും ജോലി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
12,000 യന്ത്രങ്ങളാണ് ഇവിടെയുള്ളത്. ആദ്യഘട്ട പരിശോധന ഒരു മാസം നീണ്ടു നിൽക്കും. യന്ത്രം തുറന്ന് സാങ്കേതിക തകരാറുകളും നിരീക്ഷിക്കും. പരിഹരിക്കാൻ കഴിയുന്ന കേടുപാടുകൾ അപ്പോൾ തന്നെ പരിഹരിക്കാനാണ് നിർദ്ദേശം. പരിശോധനക്കു ശേഷം ഉപയോഗിക്കാൻ പറ്റുന്നതാണെന്ന സാക്ഷ്യപത്രം കൈമാറും. ഇത്തരത്തിൽ സാക്ഷ്യപത്രം ലഭിക്കുന്ന യന്ത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.
കളക്ടറേറ്റിൽ നിന്നും പത്ത് ജീവനക്കാരുടെ സഹായവും ഇവർക്കുണ്ടാകും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്കു പുറമെ ചാർജ് ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും പരിശോധനകൾ. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചു വരെ ആദ്യഘട്ട പരിശോധന തുടരും.
No comments:
Post a Comment