എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെല്ലാനത്ത് തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പൂർണ സജ്ജം. കണ്ണമാലി സെന്റ് ആന്റണീസ് പാരീഷ് ഹാളിലാണ് സെൻ്റർ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മാത്രമാണ് താമസിപ്പിക്കുക.
ഇന്ന് കോവിഡ് പോസിറ്റീവ് ആയ എട്ട് പേർ നിലവിൽ എഫ്.എൽ.ടി.സിയിൽ ഉണ്ട്. രണ്ട് കുട്ടികൾ, ഒരു പ്രായമായ സ്ത്രീ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും ചെല്ലാനം നിവാസികളാണ്.
അൻപത് കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. രണ്ട് മീറ്റർ അകലത്തിലാണ് ബെഡുകൾ ഒരുക്കിയിരിക്കുന്നത്. സെൻ്ററിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പഞ്ചായത്താണ്.
നാല് ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ രണ്ട് മെഡിക്കൽ ഓഫീസർമാർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഒരു ഹെൽത്ത് സൂപ്പർവൈസർ, മൂന്ന് നഴ്സുമാർ എന്നിവർ അടങ്ങിയ എട്ട് പേരാണ് ഡ്യൂട്ടിയിലുള്ളത്. കൂടാതെ ചെല്ലാനം പഞ്ചായത്ത് ഏർപ്പെടുത്തിയ രണ്ട് ശുചീകരണ പ്രവർത്തകരും ഇവിടെയുണ്ട്. നാല് മണിക്കൂർ വീതമാണ് ഇവരുടെ ഷിഫ്റ്റ്.
കുമ്പളങ്ങി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനില കുമാരി, കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. രമ്യ എന്നിവരാണ് നോഡൽ ഓഫീസർമാർ.
No comments:
Post a Comment