എറണാകുളം : കോവിഡ് വിപണത്തോടൊപ്പം കടലേറ്റവും ശക്തമായ ചെല്ലാനം മേഖലയിൽ പ്രത്യേക കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സംസ്ഥാന കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയത്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു നൽകണം. ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥ ഉണ്ടായാൽ പോലീസും ആരോഗ്യ വകുപ്പും ആവശ്യമായ മുന്കരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു
ഓൺലൈൻ അദാലത്ത്
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പ് കൽപ്പിക്കാത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി താലൂക്ക് തല ഓൺലൈൻ അദാലത്ത് നടക്കും. കണയന്നൂർ താലൂക്ക് പരിധിയിലുള്ള പരാതികൾ ജൂലൈ 22 ന് രാവിലെ 11 മുതൽ ജൂലൈ 24 വൈകിട്ട് നാല് വരെ താലൂക്കിൻ്റെ കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ഓഗസ്റ്റ് ഒന്ന് രാവിലെ 11ന് ഓൺലൈനായി ജില്ലാ കളക്ടർ പരാതികൾ തീർപ്പാക്കും. പ്രളയ സഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല. കണ്ടെയ്ൻമെൻറ് സോണിൽ നിന്നുള്ളവർ അപേക്ഷിക്കേണ്ടതില്ല.
പാഠപുസ്തക വിതരണം പൂർത്തിയായി
എറണാകുളം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായുള്ള ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയായി. അൺ-എയ്ഡഡ് സ്കൂളുകൾക്കാവശ്യമായ പുസ്തകങ്ങൾ ജില്ലാ ഡിപ്പോകളിൽ നിന്നുള്ള റിലീസ് ഓർഡർ എത്തുന്ന മുറയ്ക്ക് നൽകുന്നു.
കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പാഠ പുസ്തക വിതരണം നടന്നത്. കെ.ബി.പി.എസിൽ നിന്നും ജില്ലകളിലെ ഡിപ്പോകളിൽ എത്തിച്ച് ജില്ലയിലെ സ്കൂൾ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങൾ എത്തിച്ച് നൽകും. 2021-21 അധ്യയന വർഷം ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലേക്ക് 3.03 കോടി വാല്യം 1 പുസ്തകങ്ങളാണ് ആവശ്യമായത്. സംസ്ഥാനത്തെ 3292 സ്കൂൾ സൊസൈറ്റികളിൽ പാഠപുസ്തകങ്ങൾ എത്തിച്ചു. ഈ വർഷം 14 ജില്ലാ പാഠപുസ്തക ഡിപ്പോകളിലും കെ.ബി.പി.എസിൽ നിന്നുള്ള ജീവനക്കാരെ ഓരോ ജില്ലയുടെയും മേൽനോട്ടത്തിന് നിയോഗിച്ചിരുന്നു. കൂടാതെ മാനേജർ തലത്തിലുള്ള ഉദ്യോഗസ്ഥരെയും മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയിരുന്നു. പാഠപുസ്തകങ്ങൾ തരം തിരിക്കുന്നതിന് കുടുംബശ്രീയെയും ഏൽപ്പിച്ചു. തൃശൂർ, കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ കൂടു തൽ ഡിപ്പോകൾ തുറന്നാണ് പാഠപുസ്തക വിതരണം വേഗത്തിലാക്കിയത്. സാധാരണ മൂന്ന് മുതൽ നാല് മാസം വരെ നീളുന്ന പുസ്തക വിതരണം ഈ വർഷം രണ്ട് മാസത്തിനകം വിതരണം പൂർത്തിയായി. കോ വിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് പാഠപുസ്തക അച്ചടിയും വിതരണവും പൂർത്തിയാക്കിയത്. രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്.
No comments:
Post a Comment