ഇന്ത്യയിലെ ആദ്യ വയോജന സൗഹൃദ കലാലയമായി തേവര എസ്എച്ച് കോളേജ്
കൊച്ചി: വയോജന സൗഹൃദ കലാലയ പരിപാടിക്ക് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ തുടക്കമായി. കാലടി സര്‍വകലാശാല വിസി ഡോ. എം.സി. ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് തേഡ് ഏജ് എന്ന രാജ്യാന്തര ആശയത്തിന്റെ ഭാഗമായാണ് വയോജന സൗഹൃദ കലാലയം പരിപാടി നടപ്പാക്കുന്നത്. വയോജന സൗഹൃദ ജില്ലയായി മാറുന്നതിനുള്ള ജില്ല ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലേക്ക്‌ഷോര്‍ ആശുപത്രിയുടെയും മാജിക്‌സ് സന്നദ്ധ സംഘടനയുടെയും സഹകരണത്തോടെയാണിത്. പ്രായപരിധിയില്ലാതെ പഠിക്കുവാനും അറിവ് പങ്കുവെക്കുവാനുമുള്ള അവസരമൊരുക്കുകയാണ് വയോജന സൗഹൃദ കലാലയം അഥവാ ഏജ് ഫ്രണ്ട്‌ലി കോളേജ് എന്ന ആശയത്തിലൂടെ എന്ന് ഏജ് ഫ്രണ്ട്‌ലി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പ്രവീണ്‍ ജി.പൈ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലനമാണ് മുതിര്‍ന്ന പഠിതാക്കള്‍ക്ക് നല്‍കുന്നത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പണമിടപാടുകള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കും. റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, നെറ്റ് ബാങ്കിംഗ്, ഓണ്‍ലൈന്‍ പെയ്‌മെന്റ്, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, വീഡിയോ കാളിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ആദായ നികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിനും ടാലിയും പരിശീലിപ്പിക്കും. തുടക്കത്തില്‍ ചെറിയ കോഴ്‌സുകളാണ് ആംരഭിക്കുന്നതെങ്കിലും ബിരുദാനന്തര ബിരുദം, ഗവേഷണം പോലുള്ള മേഖലയിലും തുടര്‍ പഠനം നടത്താന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവസരമൊരുക്കും. കോളേജിലെ അധ്യാപനത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ എടുക്കുന്നത്. കോഴ്‌സുകള്‍ സൗജന്യമാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് പ്രവേശനത്തിനുള്ള ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ വയോജന സൗഹൃദ കലാലയ പരിപാടിയലെ കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും. അടുത്ത ഘട്ടത്തില്‍ വരുമാനം നേടാനും തൊഴില്‍ ചെയ്യുന്നതിനുമുള്ള അവസരമൊരുക്കും. ഇതിനായി എംപ്ലോയ്‌മെന്റ് സര്‍വീസ് ആരംഭിക്കും. ജോലിക്കായി മുതിര്‍ന്ന പൗരന്മാരെ തേടുന്നവരുടെയും ജോലി ചെയ്യാന്‍ താല്‍പര്യമുള്ള മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡേറ്റ ബാങ്ക് ഉപയോഗിച്ചാകും എംപ്ലോയ്‌മെന്റ് സര്‍വീസ് പ്രവര്‍ത്തിക്കുക. പരിപാടിയുടെ ഭാഗമായി ഇരുപതോളം മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്ത വയോജന വിനോദയാത്രയും ഏകദിന ക്യാപും സംഘടിപ്പിച്ചിരുന്നു. കോളേജിലെ ലാബ് അടക്കമുള്ള സംവിധാനങ്ങള്‍ പരിചയപ്പെടുന്നതിനു വേണ്ടിയാണ് കോളേജില്‍ ക്യാപ് സംഘടിപ്പിച്ചത്. വയോജന സൗഹൃദ ജില്ല പദ്ധതിയുടെ ഭാഗമായി സീനിയര്‍ ടാക്‌സി സേവനവും ലഭ്യമാക്കുന്നുണ്ടെന്ന് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. നഗരത്തിലെ തിരഞ്ഞെടുത്ത ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി വയോജന സൗഹൃദ സമീപനം ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശുപത്രിയില്‍ പോകുന്ന സന്ദര്‍ഭത്തിലും മറ്റും ഇവരുടെ സഹായം ലഭിക്കും. എല്‍ഡര്‍ ലൈന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് പകല്‍ സമയങ്ങളില്‍ ഏതു വിവരങ്ങള്‍ അറിയുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും വിളിക്കാം.
No comments:
Post a Comment