Tuesday, January 23, 2018

വീഡിയോ കോൺഫറൻസിംഗ് മുഖേന വിവാഹം രജിസ്റ്റർ ചെയ്യാമെന്നു


കൊച്ചി : വധൂ വരന്മാർ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായി സമ്മതം അറിയിച്ചാലും വിവാഹം രജിസ്റ്റർ ചെയ്യാമെന്നും  ഹൈക്കോടതി വ്യക്തമാക്കി. 
മതാചാര പ്രകാരം നേരത്തെ വിവാഹിതരായെങ്കിലും അമേരിക്കയിലെത്തി വിസ മാറ്റത്തിന് ശ്രമിക്കുമ്പാൾ ഇന്ത്യയിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെത്തുടർന്ന് കൊല്ലം സ്വദേശി പ്രദീപും ഭാര്യ ബെറിലും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. അമേരിക്കയിലുള്ള ഇവർക്ക് പെർമനന്റ് റെസിഡന്റ് അപേക്ഷിക്കണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വേണം. നാട്ടിലേക്ക് വന്നാൽ തിരിച്ച് യു.എസിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് ഉറപ്പില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്തു നൽകണമെന്നും ഇരുവരും നൽകിയ അപേക്ഷ കൊല്ലം കോർപ്പറേഷനിൽ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 
മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് നിയമത്തിനും മാറ്റമുണ്ടാകണമെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു.  സാമൂഹ്യ താല്പര്യങ്ങൾക്ക് നിയമം എതിരാകുന്നത് പുരോഗതിക്ക് തടസമാകും. കോടതികൾ പല കേസുകളിലും വീഡിയോ കോൺഫറൻസിംഗ് മുഖേന വിചാരണ നടത്തുന്നുണ്ട്. ഇത്തരം കേസുകളിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാകുന്നവർ നേരിട്ട് ഹാജരാകുന്നുവെന്ന് വിലയിരുത്തിയാണ് നടപടികൾ പൂർത്തിയാക്കുന്നത്. ഈ സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷനും വീഡിയോ കോൺഫറൻസിംഗ് സാദ്ധ്യമാണ്. വിധിന്യായത്തിൽ പറയുന്നു.



കൊച്ചി: ആലുവ തൃക്കുന്നത്ത്​ പള്ളിപ്പെരുന്നാളിന് തിരുക്കർമ്മങ്ങൾ നടത്താൻ ഒാർത്തഡോക്​സ്​ സഭക്ക്​ അനുകൂലമായി ഹൈക്കോടതി ഉത്തരവ്.  അതേസമയം വിശ്വാസിയെന്ന നിലയിൽ ആർക്കും പ്രാർത്ഥനയ്ക്കായി പള്ളിയിൽ പ്രവേശിക്കാമെന്നും മതപരമായ ചടങ്ങുകൾ തടസപ്പെടുത്തരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഒാർത്തഡോക്​സ്​ വിഭാഗം വികാരിയും വിശ്വാസികളും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 

പീസ് ഫൗണ്ടേഷന്റെ കൊടുങ്ങല്ലൂർ മതിലകത്ത് സ്കൂൾ

കൊച്ചി : പീസ് ഫൗണ്ടേഷന്റെ കൊടുങ്ങല്ലൂർ മതിലകത്ത്  സ്കൂൾ അടച്ചു പൂട്ടാനുള്ള സർക്കാരിന്റെ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള വിദ്യാഭ്യാസ ചട്ടം പാലിക്കുന്നില്ലെന്നാരോപിച്ച് നോട്ടീസ് നൽകിയതിനെതിരെ സ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന സ്കൂൾ കേരള വിദ്യാഭ്യാസ ചട്ടം ലംഘിച്ചെന്ന കാരണത്താൽ പൂട്ടണമെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിലുണ്ടെന്നതിനാൽ സ്കൂളിനെതിരെ ക്രിമിനൽ കേസുണ്ടെന്നും സ്കൂൾ തുടർന്നു പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും സർക്കാർ  വാദിച്ചു. കേരള വിദ്യാഭ്യാസ ചട്ട പ്രകാരമുള്ള നോട്ടീസിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ക്രിമിനൽ കേസ് ഉണ്ടെന്നതു പരിഗണിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ മറുവാദം. തുടർന്നാണ് സ്റ്റേ അനുവദിച്ചത്.

Monday, January 22, 2018

നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണ നിരോധിച്ചു


കൊച്ചി: നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനമേര്‍പ്പെടുത്തി എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുടെ ഉത്തരവ്. കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട, തിരുവനന്തപുരം), ആഗ്രോ കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്, കല്ലുകുറ്റിയില്‍ റോഡ്, കുഞ്ഞാച്ചി, പാലക്കാട്), കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍ (പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസ്, കൈതക്കാട്, പട്ടിമറ്റം, എറണാകുളം) എന്നീ നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണയ്ക്കാണ് നിരോധനം. 
വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആന്റ്‌റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് - 2006 സെക്ഷന്‍ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. 

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം: ഗതാഗതക്കുരുക്കഴിക്കാന്‍ സത്വര നടപടികള്‍



സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജപ്പെടുത്തും
ഇടറോഡുകള്‍ വണ്‍വേയാക്കും, പാര്‍ക്കിംഗിന് കര്‍ശന നിരോധനം
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും ഹബ്ബില്‍ സൗകര്യമൊരുക്കും
 

കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജംക്ഷനിലെ  ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തിര നടപടികള്‍ നടപ്പാക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വൈറ്റിലെ ജംക്ഷനില്‍ നിലവിലെ ട്രാഫിക് ഐലന്റ് പൊളിച്ചു നീക്കുന്നതോടൊപ്പം ഇതിനു മുന്‍ഭാഗത്തുള്ള പ്രദേശം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കും. ചൊവ്വാഴ്ചയോടെ ടാറിംഗ് പൂര്‍ത്തിയാക്കും. 

സമാന്തര റോഡുകളിലെയും ഇടറോഡുകളിലെയും വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കും. പാര്‍ക്കിംഗ് നിരോധനം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പ്, ആര്‍ടിഒ-എന്‍ഫോഴ്‌സ്‌മെന്റ്, പോലീസ്, റവന്യൂ വകുപ്പുകളുടെ മേല്‍നോട്ടത്തിലാകും നടപടികള്‍. 

ജംക്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തി സീബ്രാ മാര്‍ക്കിംഗ് നടത്തും. ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ നിര്‍വഹണ ചുമതല വഹിക്കും. 

സിഗ്നല്‍ സംവിധാനം കര്‍ശനമായി നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കും.  

സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും. വൈറ്റിലെ ജംക്ഷന്‍ ഒഴിവാക്കി നഗരത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നതിനായി സമാന്തര റോഡുകളും ഇട റോഡുകളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഭിപ്രായം അഭിപ്രായം ആരായും. ഇതിനു ശേഷമാകും എതെല്ലാം റോഡുകള്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും ഇടറോഡുകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും അന്തി തീരുമാനം സ്വീകരിക്കുക. അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരിക്കും ഇതിന്റെ നിര്‍വഹണ ചുമതല. 

തിരിച്ചുവിടുന്ന വഴികളുടെ അറ്റകുറ്റപ്പണികളും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥലങ്ങള്‍ കണ്ടെത്തി അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ ആവശ്യപ്പെട്ടു.

ദേശീയപാതയുടെ വശങ്ങളിലായി പാര്‍ക്ക് ചെയ്യുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് വൈറ്റിലെ മൊബിലിറ്റി ഹബ്ബില്‍ പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനമൊരുക്കുന്നത് പരിഗണിക്കും. ബാംഗളൂരിലേക്കും മറ്റുമുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം വലിയ ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. ഈ വാഹനങ്ങളില്‍ പോകാനുളളവരെ യാത്രയയ്ക്കാനെത്തുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിഗും പ്രശ്‌നമുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് വൈറ്റില ഹബ്ബ് ഇത്തരം വാഹനങ്ങളുടെ പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പിനായി ഉപയോഗപ്പെടുത്തുന്നത്. ഈ ബസുകള്‍ക്ക് വൈറ്റില ഹബ്ബില്‍ പാര്‍ക്കിംഗ് അനുവദിക്കാനാകുമോ എന്ന് പരിശോധിക്കും. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രാത്രി വൈകിയും വഴിയരികില്‍ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഗോള്‍ഡ് സൂക്കിനു സമീപമുള്ള പ്രദേശവും ദീര്‍ഘദൂര ബസുകള്‍ക്ക് യാത്രക്കാരെ കയറ്റുന്നതിനായി പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കും. രണ്ടു ദിവസത്തിനുള്ളില്‍ ആര്‍ടിഒ ഇക്കാര്യം സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 

ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വൈറ്റില ജംക്ഷന്‍ ഒഴിവാക്കി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഇടറോഡുകളെ സംബന്ധിച്ച ദിശാസൂചികകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. 

വൈറ്റിലെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണങ്ങളെ തുടര്‍ന്ന് രൂക്ഷമായ ഗതാഗതക്കുരുക്കാണ് ജംക്ഷനിലുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ജനപ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം ആരായുന്നതിന് ജില്ല കളക്ടര്‍ യോഗം വിളിച്ചത്. നിലവിലുള്ള സര്‍വീസ് റോഡുകളെക്കൂടി ഉള്‍പ്പെടുത്തി റോഡിന് വീതി കൂട്ടി രണ്ടുവരിയായി ഗതാഗതം സുഗമമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് വൈറ്റില ജംക്ഷനിലെത്തി നില്‍ക്കുന്ന ഭാഗത്തെ സര്‍വീസ് റോഡിനു മുകളില്‍ കാന നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇവിടെയുള്ള ബാരിക്കേഡ് പൊളിച്ച് ഒരേ ഉയരത്തിലുള്ള റോഡാക്കി മാറ്റുക ബുദ്ധിമുട്ടാണ്. ഇവിടെ കാന പുതുക്കി പണിയുന്നതിന് ദേശീയ പാത അതോറിറ്റി വര്‍ഷങ്ങളായി തടസം നില്‍ക്കുന്നുവെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. സര്‍വീസ് റോഡിലൂടെ ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിട്ട് രണ്ടു വരിയാക്കാനാണ് ശ്രമിക്കുന്നതെങ്കിലും ഇത് പ്രായോഗികമല്ലെന്നും വലിയ ഗതാഗതക്കുരുക്കാണിത് ഉണ്ടാക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കടവന്ത്രയില്‍ നിന്നും മറ്റുമുള്ള വാഹനങ്ങള്‍ വൈറ്റിലെ ജംക്ഷനിലെത്തുന്ന പൊന്നുരുന്നി അണ്ടര്‍ പാസിന്റെ വീതി കൂട്ടണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വൈറ്റിലെ മൊബിലിറ്റി ഹബ്ബില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ പുതിയ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. വൈറ്റില ജംക്ഷനിലുള്ള ഓട്ടോ സ്റ്റാന്‍ഡ് മാറ്റുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം. തൈക്കൂടം പളളിയിലേക്ക് പോകുന്ന വഴിയില്‍ നാളുകളായി കേടായി കിടക്കുന്ന കണ്ടെയ്‌നര്‍ ലോറി നീക്കുന്നതിന് ഉടന്‍ നടപടി വേണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. ഇടപ്പള്ളിയില്‍ നിന്നും തമ്മനം, കത്രിക്കടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപ്പാസില്‍ നിന്ന് അയിഷ റോഡ് വഴി തമ്മനത്തേക്കും തമ്മനത്ത് നിന്നും സെന്റ് റീത്താസ് റോഡ് വഴി ബൈപ്പാസില്‍ പ്രവേശിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വൈറ്റില ജനകീയ സമിതി പ്രതിനിധി ഷമീര്‍ അബ്ദുള്ള സമര്‍പ്പിച്ചു. 

കൗണ്‍സിലര്‍മാരായ പി.എസ്. ഷൈന്‍, എ.ബി. സാബു, ഷൈനി മാത്യു, എം. പ്രേമചന്ദ്രന്‍, വി.പി. ചന്ദ്രന്‍, പി.എം. ഹാരിസ്, പി.എഡ്രാക് സെക്രട്ടറി എന്‍.കെ. വര്‍ഗീസ്, ഡിസിപി കറുപ്പസ്വാമി, ആര്‍ടിഒ റെജി പി വര്‍ഗീസ്, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കെ.എം. ഷാജി, കൊച്ചി മെട്രോ ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Friday, June 23, 2017



ലോക ഒളിമ്പിക്‌ ദിനത്തോടനുബഡിച്ചു കൊച്ചിയില്‍ നടന്ന ഒളിമ്പിക്‌ റണ്‍ ഒളിമ്പ്യന്‍ ടി സി യോഹന്നാന്‍ ഫ്‌ളാഗ്‌ഓഫ്‌ ചെയ്യുന്നു 


കന്നുകാലി വില്‌പന നിയന്ത്രണത്തിനെതിരെ എല്‍ഡി എഫ്‌ എറണാകുളം ജില്ലാ കമ്മിറ്റി ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനു മുന്നിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ സി പി എം ജില്ലാ സെക്രട്ടറി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യുന്നു

അലങ്കാര മത്സ്യ ഉൽപാദനവും നിരോധിച്ചതിൽ പ്രതിക്ഷേധിച്ച് നടത്തിയ ധർണ്ണ




കേരള ഓർണമെന്റൽ ഫിഷ് അസോസിയേഷൻ സി.എം.എഫ്.ആർ.ഐ ഓഫിസിനു മുന്നിൽ അലങ്കാര മത്സ്യ ഉൽപാദനവും നിരോധിച്ചതിൽ പ്രതിക്ഷേധിച്ച് നടത്തിയ ധർണ്ണയും മർച്ചും എസ്.ശർമ്മ എം.എൽ.എഉദ്ഘാടനം ചെയ്യുന്നു ഹൈബി ഈഡൻ എം എൽ എ ,അബ്ദുൾ റഷീദ്, കിരൺ മോഹൻ,സന്തോഷ് ബേബി എന്നിവർ സമീപം,