Monday, March 14, 2016

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നേതാക്കള്‍ ആവേശത്തോടെ


കൊച്ചി: തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ജനങ്ങളുടെ ഏത്‌ ആവശ്യത്തിനും എംഎല്‍എ മാര്‍ അടക്കം എല്ലാ നേതാക്കളും 24 മണിക്കൂറും തയ്യാര്‍. ഒരു മാസം മുന്‍പ്‌ വരെ മഷിയിട്ടു നോക്കിയാല്‍ കാണുവാന്‍ കഴിയാതിരുന്ന നേതാക്കളാണ്‌ ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ സഹായ ഹസ്‌തവുമായി എത്തിയിരിക്കുന്നത്‌.
ചേരാനല്ലൂരിലെ കുടിവെള്ള ക്ഷാമത്തിനു വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഇന്നലെയാണ്‌ സ്ഥലം എംഎല്‍എ ഹൈബി ഈഡനും പ്രതിപക്ഷ നേതാക്കളും സംഗതി സീരിയസായി എടുത്തത്‌.
ചേരാനല്ലൂരിലെ വാട്ടര്‍ അഥോറിറ്റിയുടെ മുന്നില്‍ ഹൈബി ഈഡന്‍ വെളുത്ത മുണ്ടും ഷര്‍ട്ടും അഴുക്കാകുമെന്നു ഭയക്കാതെ കുത്തിയിരുന്നു ജനങ്ങളുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വേണ്ട മുന്നൊരുക്കങ്ങളെല്ലാം ഇതിനു മുന്‍പ്‌ തന്നെ എടുക്കുകയും ചെയ്‌തു. എംഎല്‍എ വാട്ടര്‍ അഥോറിറ്റിയുടെ മുന്നില്‍ എത്തുന്ന വിവരം ആദ്യം തന്നെ ചാനലുകളെ വിളിച്ചറിയിക്കുകയും ചെയ്‌തു.
വേനല്‍ കടുത്തതോടെ ചേരാനല്ലൂരില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്‌. ഇതിനുവേണ്ടി ജനങ്ങള്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. പക്ഷെ ഇപ്പോള്‍ തന്നെ പരിഹരിക്കാമെന്ന സ്ഥിരം മറുപടി മാത്രം.
പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ ആദ്യം വാട്ടര്‍ അഥോറിറ്റി ഓഫീസ്‌ ഉപരോധിച്ചിരുന്നു. അതിനു ശേഷമായിരുന്നു ഹൈബി ഈഡനും സംഘവും ഉച്ചയോടെ എത്തിയത്‌

No comments:

Post a Comment