Monday, February 29, 2016

ജില്ലയില്‍ മൂന്നു പാലങ്ങള്‍ തുറന്നു; വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക്‌ തുടക്കമായി



സമരവും മുദ്രാവാക്യവും മാത്രമായാല്‍ വികസനമാകില്ലെന്ന്‌ മുഖ്യമന്ത്രി



കൊച്ചി: ജില്ലയില്‍ ഇന്നലെ മൂന്നു പാലങ്ങള്‍ ഗതാഗതത്തിന്‌ തുറന്നുകൊടുത്തതിനൊപ്പം വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക്‌ ശിലാസ്ഥാപനവും നടത്തി. മറ്റത്താംകടവ്‌ പാലം, ആലുവ മണപ്പുറത്തെ നടപ്പാലം, ഏലൂക്കര ഉളിയന്നൂര്‍ പാലങ്ങളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ ഗതാഗതത്തിന്‌ തുറന്നുകൊടുത്തത്‌. ഇതോടൊപ്പം വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകളുടെ നിര്‍മാണത്തിനും തുടക്കമിട്ടു. വന്‍ജനാവലിയാണ്‌ ഓരോ പ്രദേശത്തും ഉദ്‌ഘാടനചടങ്ങിനെത്തിയത്‌.
400 ദിവസം 100 പാലമെന്ന്‌ ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ആരുമത്‌ വ്‌ശ്വസിച്ചിരുന്നില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈറ്റിലയില്‍ ഫ്‌ളൈഓവര്‍ നിര്‍മാണോദ്‌ഘാടന വേളയില്‍ പറഞ്ഞു. ഇന്നലെ മൂന്നുപാലം തുറന്നുകൊടുത്തതിനൊപ്പം രണ്ട്‌ ഫ്‌ളൈഓവറുകള്‍ക്കാണ്‌ തുടക്കമിട്ടത്‌. കൊച്ചി മെട്രോ നവംബര്‍ ഒന്നിന്‌ യാത്ര ആരംഭിക്കുന്നതിനായി അവസാനവട്ട ഒരുക്കങ്ങളിലാണ്‌. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന്‌ വിമാനമിറങ്ങുന്നു. ഇതൊക്കെ കേരളത്തില്‍ ചിന്തിക്കാന്‍ പറ്റുന്ന കാര്യമായിരുന്നോ എന്ന്‌ മുഖ്യമന്ത്രി ചോദിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതി കൗണ്ട്‌ ഡൗണ്‍ അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ്‌ മെട്രോയ്‌ക്ക്‌ ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്തി നടപടികള്‍ പുരോഗമിക്കുന്നു. കേരളം വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കൂടുതല്‍ നേട്ടം കൊയ്‌തപ്പോള്‍അടിസ്ഥാന സൗകര്യവികസനത്തില്‍ ശ്രദ്ധിച്ചില്ല. കഴിഞ്ഞ അഞ്ചുവര്‍ഷവും സര്‍ക്കാര്‍ ഈ മേഖലയിലാണ്‌ കൂടുതല്‍ ഊന്നല്‍ നല്‍കിയത്‌. ഇതുപോലെ നിരവധി വികസനം കേരളത്തിന്‌ അനിവാര്യമാണെന്നും മുദ്രാവാക്യവും സമരവും മാത്രമല്ല പുരോഗതിക്ക്‌ അടിസ്ഥാനമെന്ന്‌ ജനം പറഞ്ഞു തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.ടി.വികസനത്തില്‍ കേരളത്തിന്റെ യോഗ്യതയുമായി താരതമ്യപ്പെടുത്തിയാല്‍ ഒന്നാമതാകേണ്ടതായിരുന്നു. ഇതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ലോകം മുഴുവന്‍ കമ്പ്യൂട്ടറില്‍ ശ്രദ്ധിച്ചപ്പോള്‍ ഇവിടെ കമ്പ്യൂട്ടര്‍ വിരുദ്ധ സമരമായിരുന്നു. ഇപ്പോള്‍ അഞ്ചുവര്‍ഷം മുമ്പത്തേക്കാള്‍ അഞ്ചിരട്ടി കയറ്റുമതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നാമതുള്ള കര്‍ണാടകയില്‍ നിന്ന്‌ ഏറെ ദൂരം പിന്നിലാണിന്നും. കയറ്റുമതിയിലുണ്ടായ തിരിച്ചടി ഇഗവേണന്‍സിലാണ്‌ നാം മറികടന്നത്‌. അതാണ്‌ രാഷ്ട്രപതിയുടെ പ്രഖ്യാപനത്തില്‍ നാം ശ്രവിച്ചത്‌. വമ്പിച്ച വിജയസാധ്യതയാണ്‌ നമുക്കു മുന്നിലുള്ളത്‌. അതിന്‌ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ്‌ മന്ത്രി കെ.ബാബു, കെ.വി.തോമസ്‌ എം.പി., എം.എല്‍.എ.മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഡോമനിക്‌ പ്രസന്റേഷന്‍, ലൂഡി ലൂയീസ്‌, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനല്‍, പൊതുമരാമത്ത്‌ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. 

No comments:

Post a Comment