Saturday, February 27, 2016

ദേശരക്ഷാ സംഗമം


കൊച്ചി: ദേശാഭിമാനമുയര്‍ത്തി പൂര്‍വ്വസൈനിക് സേവാപരിഷത്തിന്റെ ദേശരക്ഷാ സംഗമം. ഗാന്ധി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ദേശരക്ഷാ റാലി മറൈന്‍ഡ്രൈവ് പരിസരത്ത് സമാപിച്ചു. നടന്‍ ഗോവിന്ദന്‍കുട്ടി, മുന്‍ ഡിജിപി ആര്‍.പത്മനാഭന്‍, പൂര്‍വ്വസൈനിക് സേവാപരിഷത്ത് ജില്ലാ രക്ഷാധികാരി കമഡോര്‍ രവീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് ജാഥാക്യാപ്ടനും ജില്ലാ പ്രസിഡണ്ടുമായ കമാണ്ടര്‍ കെ.സി.മോഹനന്‍ പിള്ളക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു, കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍, ജില്ലാ സെക്രട്ടറി ക്യാപ്ടന്‍ കെ.ഉമേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് ക്യാപ്ടന്‍ കെ.സുന്ദരം എന്നിവര്‍ സംബന്ധിച്ചു.  
തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ തലശ്ശേരി പ്രഗതി കോളേജ് പ്രിന്‍സിപ്പല്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. രാജ്യദ്രോഹ പ്രവൃത്തികളെയും രാജ്യദ്രോഹികളെയും ഒരു വിഭാഗം ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജെഎന്‍യുവിനെ ഒരു സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ആക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ത്യ തുലയട്ടെ, പാക്കിസ്ഥാന്‍ ജയിക്കട്ടെ എന്ന് മുദ്രാവാക്യം ഉയരുമ്പോള്‍ പ്രതിരോധിക്കേണ്ടത് ദേശസ്‌നേഹികളുടെ കടമയാണ്. വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ നിയമത്തിന്റെ എല്ലാ സംരക്ഷണവും നല്‍കിയതിന് ശേഷമാണ് അഫ്‌സല്‍ ഗുരുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി തൂക്കിലേറ്റിയത്. തലവെട്ടിയും കല്ലെറിഞ്ഞ് കൊന്നും വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലേത് പോലെ പ്രാകൃതമായല്ല അത് നടപ്പിലാക്കിയത്. ഇതില്‍ നരേന്ദ്ര മോദിക്കും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിനും എന്ത് പങ്കാണുള്ളത്. പാര്‍ലമെന്റ് ആക്രമണത്തെ ജീവന്‍ ബലിയര്‍പ്പിച്ച് നമ്മുടെ സൈനികര്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്ന് രാജ്യദ്രോഹികള്‍ക്ക് പിന്തുണയുമായി ജെഎന്‍യുവിലെത്തിയ പല നേതാക്കളും പാര്‍ട്ടി ഓഫീസുകളിലെ ചിത്രങ്ങളായി അവശേഷിക്കുമായിരുന്നു. 
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റെതെങ്കിലും രാജ്യത്ത് ഇത്തരത്തിലുള്ള അനുസ്മരണങ്ങള്‍ നടത്താന്‍ സാധിക്കുമോ. രാജ്യദ്രോഹികളെ എന്നും പിന്തുണച്ച ചരിത്രമുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ നടപടിയില്‍ അത്ഭുതമില്ല. ഭാരതത്തെ നിരന്തരം ആക്രമിക്കുന്ന ഒരു രാജ്യത്തെ പിന്തുണക്കുന്നവരോട് വിട്ടുവീഴ്ച പാടില്ല. എല്ലാ വിഭാഗങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിച്ച ഹൈന്ദവ വിഭാഗത്തെ ഇന്ന് ഫാസിസ്റ്റായി മുദ്രകുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment