Wednesday, March 9, 2016

സ്‌റ്റാ്‌ഫ്‌ നേഴ്‌സുമാരുടെ പ്രമോഷന്‍ ഉടന്‍ നടപ്പിലാക്കണമെന്ന്‌



കൊച്ചി: സ്റ്റാഫ്‌ നേഴ്‌സുമാരുടെ പ്രമോഷന്‍ ഉടന്‍ നടപ്പിലാക്കണമെന്ന്‌ കേരള ഗവണ്‍മെന്റ്‌ നേഴ്‌സസ്‌ യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍കോടതി ഉത്തരവുകള്‍ പ്രകാരം സ്റ്റാഫ്‌ നേഴ്‌സ്‌ ഗ്രേഡ്‌1 എന്ന തസ്‌തിക സംസ്ഥാനതലത്തിലാണെന്ന്‌ വ്യക്തമാണ്‌. എന്നാല്‍ നിലവിലെ സംസ്ഥാനതല സിനീയോറിറ്റി ലിസ്റ്റ്‌ അട്ടിമറിച്ച്‌ ജില്ലാ അടിസ്ഥാനത്തില്‍ പ്രമോഷന്‍ നല്‍കാനുള്ള ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം നീതിരഹിതമല്ല. ഇത്‌ പിന്‍വലിച്ചെങ്കില്‍ സര്‍ക്കാര്‍ നേഴ്‌സുമാരുടെ തുടര്‍ന്നുള്ള പ്രമോഷനുകള്‍ ഇല്ലാതാവാനും പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിയാത്തതുമായ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ കുറ്റപ്പെടുത്തി.
ജില്ലകളില്‍ പി.എസ്‌.സി ലിസ്റ്റിന്റെ കാലാവധി കഴിയാറായ സാഹചര്യമാണുള്ളത്‌. ഈ സാഹചര്യത്തില്‍ പ്രമോഷന്‍ നടക്കാതിരുന്നാല്‍ പി.എസ്‌.സി വഴി പുതിയ നിയമനം നടത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പ്രമോഷന്‍ നീതിപൂര്‍വമായി നടപ്പിലാക്കാന്‍ ആരോഗ്യസെക്രട്ടറി സാഹചര്യമൊരുക്കണം. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. യൂണിയന്‍ ജനറല്‍ സെക്രട്ടറി സന്തോഷ്‌ കെ എസ്‌, ചേച്ചമ്മ ജോസഫ്‌, ശാന്തകുമാരി, മേരിക്കുഞ്ഞ്‌ അഗസ്റ്റിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഓള്‍ കേരള പ്രൈവറ്റ്‌ കോളജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ സംസ്ഥാനസമ്മേളനം

കൊച്ചി: ഓള്‍ കേരള പ്രൈവറ്റ്‌ കോളജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ സംസ്ഥാനസമ്മേളനം 11, 12, 13 തീയതികളില്‍ ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന്‌ ഉച്ചയ്‌ക്ക്‌ 1.30ന്‌ `ജനാധിപത്യം ശക്തിപ്പെടുത്തുക- മതനിരപേക്ഷത ശക്തിപ്പെടുത്തുക' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആര്‍ആര്‍സി അനുസ്‌മരണ പ്രഭാഷണത്തിലും സെമിനാറിലും പ്രൊഫ. ഡി ഹര്‍ഗോപാല്‍ പങ്കെടുക്കും. 12ന്‌ രാവിലെ 10ന്‌ നടക്കുന്ന സമ്മേളന ഉദ്‌ഘാടനം ജെഎന്‍യുവിലെ പ്രൊഫസര്‍ ഡോ. എ കെ രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ്‌ എ ജി ഒലീന അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്നസെന്റ്‌ എം പി, വിവിധ സര്‍വ്വീസ്‌ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ 1.30ന്‌ നടക്കുന്ന സംസ്ഥാനതല യാത്രയയപ്പ്‌ സമ്മേളനവും മുന്‍കാല നേതൃസമ്മേളനവും പ്രൊഫ. എം കെ സാനു ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. സി രവീന്ദ്രനാഥ്‌ എംഎല്‍എ, പ്രൊഫ. വി എന്‍ മുരളി, പ്രൊഫ. ജോയ്‌ ജോബ്‌ കുളവേലി, ഡോ. കെ ശ്രീവത്സന്‍, പ്രൊഫ. ഡി സലിംകുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ വൈകിട്ട്‌ 5.30ന്‌ നടക്കുന്ന പൊതുസമ്മേളനം മുന്‍ എംപി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. മുന്‍ മന്ത്രി ബിനോയ്‌ വിശ്വം, എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 13ന്‌ രാവിലെ 8ന്‌ പ്രതിനിധി സമ്മേളനവും 10ന്‌ ട്രേഡ്‌ യൂണിയന്‍ സുഹൃദ്‌ സമ്മേനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. കെ എല്‍ വിവേകാനന്ദന്‍, ഡോ. കെ കൃഷ്‌ണദാസ്‌, ഡോ. സി എം ശ്രീജിത്ത്‌, പ്രൊഫ. ഡി സലിംകുമാര്‍ എന്നിവര്‍ പങ്കെടുത്തു 

Tuesday, March 8, 2016

എറണാകളം ജനറലാശുപത്രിയില്‍ വനിത ദിനം ആഘോഷിച്ചു.



ലോക വനിതാ ദിനത്തോടനുബന്ധിച്ച്‌ എറണാകുളം ജനറലാശുപത്രിയിലെ സ്റ്റാഫ്‌ അംഗങ്ങള്‍ക്ക്‌ വേണ്ടി സൗജന്യ തൈറോയിഡ്‌ പരിശോധനയും അതോടൊപ്പം ഗര്‍ഭാശയ ഗള ക്യാന്‍സര്‍ പ്രാരംഭ ദശയില്‍ കണ്ടു പിടിക്കുന്നതിന്‌ വേണ്ടിയുള്ള പാപ്പ്‌ സ്‌മിയര്‍ പരിശോധനയും സ്‌തനാര്‍ബുദം പ്രാരംഭ ദശയില്‍ കണ്ടു പിടിക്കുന്നതിനള്ള സ്‌തന പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെയും ഐ എം എ കൊച്ചിയുടെയും കേരള ഗവ മെഡിക്കല്‍ ഓഫിസഴ്‌സ്‌ ആസ്സോസിയേഷന്‍ എറണാകു
ളം ജില്ലയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌
പ്രസ്‌തുത പരിപാടിയില്‍ ഡോ.ഹനീഷ,്‌ ആര്‍ എം ഒ സ്വാഗതം ആശംസിച്ചു.അദ്ധ്യക്ഷ പ്രസംഗം സൂപ്രണ്ട്‌ ഡോ ഡാലിയയും ഉത്‌ഘാടനം ഐ എം എ കൊച്ചി പ്രസിഡന്റ്‌ ഡോ.സുനില്‍ മത്തായിയും നിര്‍വഹിച്ചു. ഡോ.ജുനൈദ്‌ റഹ്മാന്‍ പ്രിന്‍സിപ്പള്‍ അഡൈ്വസര്‍ ആശുപത്രി വികസന സമിതി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു
നഴ്‌സിങ്ങ്‌ ഓഫിസര്‍ മേരി റാണി,എസ്‌ ബി ഐ ഡപ്യുട്ടി ജന.മാനേജര്‍ ബാലഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഡോ.നിബിന്‍ ബോസ്സിന്റെ നേതൃത്വത്തില്‍ ആരോഗ്യ പഠന ക്ലാസ്സും സംഘടിപ്പിച്ചു.
കെ ജി എം ഒ എ ജില്ല സക്രട്ടറി ഡോ സിറില്‍ ജി ചെറിയാന്‍ നന്ദി പ്രകാശിപ്പിച്ചു.
കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റും ഐ എം എ കൊച്ചിയുടെ സെക്രട്ടറിയുമായ ഡോ മധു , എന്‍ എ ബി എച്ച്‌ നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ്‌ അലി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
200 പേര്‍ക്ക്‌ സൗജന്യമായി തൈറോയിഡ്‌്‌ പരിശോധനയും,20 പേര്‍ക്ക്‌ പാപ്പ്‌ സ്‌മിയര്‍ പരിശോധനയും 30 പേര്‍ക്ക്‌ സ്‌തന പരിശോധനയും നടത്തി.

ലക്ഷങ്ങള്‍ ആലുവ മണപ്പുറത്ത്‌ പിതൃതര്‍പ്പണം നടത്തി



ആലുവ
ശിവരാത്രി മണപ്പുറത്ത്‌ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പിതൃക്കള്‍ക്ക്‌ മോക്ഷപാത തേടി തിങ്കളാഴ്‌ച മുതല്‍ ആയിരങ്ങള്‍ ആലുവ ശിവരാത്രി മണപ്പുറത്ത്‌ ഭക്തജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു.
കുംഭത്തിലെ വാവ്‌ ദിവസമായ ഇന്നും ബലിതര്‍പ്പണം ഉണ്ടാകും. തിങ്കളാഴ്‌ച അര്‍ധരാത്രിയോടെ ഗജവീരന്മാരുടെ അകമ്പടിയോടെ മഹാദേവി ക്ഷേത്രത്തിലെ വിള്‌ക്ക്‌ എഴുന്നുള്ളിപ്പോടെയാണ്‌ ഔദ്യോഗികമായ ബലിതര്‍പ്പണം ആരംഭിച്ചത്‌. എന്നാല്‍ ആയിരങ്ങള്‍ അതിനു മുന്‍പ്‌ തന്നെ മണപ്പുറത്ത്‌ ബലിതര്‍പ്പണങ്ങള്‍ ആരംഭിച്ചിരുന്നു.
ഇന്നലെ രാവിലെ വന്‍ ഭക്തജനപ്രവാഹമായിരുന്നു . പുതിയ മണപ്പുറത്തേക്കുള്ള പാലം ഭക്തര്‍ക്ക്‌ വളരെ ഉപകാരമായി. ശിവരാത്രി മണപ്പുറത്ത്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എട്ടുലക്ഷത്തോളം പേര്‍ പിതൃകര്‍മ്മങ്ങള്‍ക്കായി എത്തിയതായാണ്‌ കണക്ക്‌. 

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി



കൊച്ചി
ദേശീയ പാതയില്‍ കുണ്ടന്നൂരിനു സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തീവെട്ടി ഇറക്കത്തിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന മിനി ലോറിക്ക്‌ അടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. അമരാവതി സ്വദേശിനി സിന്ധു ആണ്‌ മരിച്ചത്‌.
ഇന്നലെ രാവിലെ ഇതിലെ കടന്നുപോയ യാത്രക്കാരാണ്‌ മൃതദേഹം കണ്ടത്‌.
തടര്‍ന്ന്‌ അസ്വഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്തു. മരണംം കൊലപാതകമാണോ എന്നു സംശയിക്കുന്ന സുചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്‌.
വാഹനങ്ങള്‍ പുറകോട്ട്‌ എടുത്തു തിരിച്ചതിന്റെയും മൃതദേഹം വിലിച്ചിഴച്ചതിന്റെയും പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.


സോളാര്‍ കമ്മീഷനില്‍ സരിത ഹാജരായില്ല


കൊച്ചി
സോളാര്‍ കമ്മീഷന്‍ മുന്‍പാകെ ഇന്നലെ സരിത എസ്‌.നായര്‍ ഹാജരായില്ല. ഹാജരാകാന്‍ രണ്ടാഴ്‌ചകൂടി സമയം അനുവദിക്കണമെന്ന്‌ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടുവെങ്കിലും കമ്മീഷന്‍ ഇത്‌ അംഗീകരിച്ചില്ല.
റാന്നി കോടതിയില്‍ കേസ്‌ ഉള്ളതിനാലാണ്‌ ഹാജരാകാത്തത്‌ എന്നാണ്‌ സരിത കാരണം അറിയിച്ചത്‌. തുടര്‍ന്ന്‌ വെള്ളിയാഴ്‌ച ഹാജരാകണമെന്നും ജസ്‌റ്റിസ്‌ ബി.ശിവരാജന്‍ ഉത്തരവിട്ടു. സരിതയുടെ നിലപാട്‌ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ കേസ്‌ ഉള്ളത്‌ അറിയാമെങ്കില്‍ എന്തുകൊണ്ട്‌ വെറുതെ സിറ്റിംഗ്‌ തീയതി നിശ്ചയിച്ച്‌ സമയം നഷ്ടപ്പെടുത്തിയതെന്നും വിമര്‍ശിച്ചു. 

Monday, March 7, 2016

ജനറല്‍ ആശുപത്രി അങ്കണത്തില്‍ ഹരിതം ജീവനം നൂറോളം ചട്ടികളില്‍ പച്ച, ചുവന്ന ചീരയുടെ ചാകര


കൊച്ചി: ആതുരശുശ്രൂഷയ്ക്കിടയില്‍ കിട്ടിയ സമയം കൊണ്ടാണ് ജനറല്‍ ആശുപത്രിയിലെ ഹരിതം ജീവനം ക്ലബ് നൂറോളം ചട്ടികളില്‍ ചീരയുടെ ചാകര വിളയിച്ചത്. ഇന്നലെ അതിന്റെ വിളവെടുപ്പുല്‍സവത്തില്‍ ക്ലബ് അധികൃതര്‍ ചീര പാകം ചെയ്ത രോഗികള്‍ക്കു തന്നെ എത്തിക്കാനും തീരുമാനമെടുത്തതോടെ മനുഷ്യസ്‌നേഹത്തിന്റെ പുതിയൊരു ഗാഥയുടെ തുടക്കവുമായി. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുകയെന്ന സന്ദേശമുള്‍ക്കൊണ്ട് എറണാകുളം ജനറല്‍ ആശുപത്രിയിലെ ജൈവകൃഷി പദ്ധതി ഹരിതം ജീവനത്തിന്റെ വിളവെടുപ്പ് മഹോല്‍സവം ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
നൂറോളം ബാഗുകളില്‍ പച്ച, ചുവപ്പ് ചീരകളാണ് ഇന്നലെ വിളവെടുത്തത്. ഹരിതം ജീവനം ക്ലബിന്റെ കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.വി.എസ്. ഡാലിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ജുനൈദ് റഹ്മാന്‍, ഡോ.കാതറിന്‍ സുരേഷ് പീറ്റര്‍, ആര്‍.എം.ഒ. ഡോ. ഹനീഷ്, ഡോ.പി.കെ.റഫീക്, ഡോ.മുഹമ്മദ് അലി, ഡോ.മുംതാസ് ഖാലിദ് ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.  ജൈവകൃഷി വിപുലമാക്കി മുന്നോട്ടുപോകാനാണ് ഹരിതം ജീവനം ക്ലബിന്റെ പരിപാടി.